കേരളം

kerala

അരുണാചൽ-ചൈന അതിർത്തിയിൽ നെറ്റ്‌വർക്ക് യുദ്ധം; 4ജിക്കായി ഇന്ത്യ, 5ജി വാഗ്ദാനം ചെയ്ത് ചൈന

By

Published : Sep 13, 2022, 5:45 PM IST

അരുണാചൽ പ്രദേശിലെ അഞ്‌ജൗ ജില്ലയിലെ കിബിത്തുവിലാണ് ഒപ്‌റ്റിക്കൽ ഫൈബർ കേബിളുകളിലൂടെ ചൈനീസ് നെറ്റ്‌വർക്കുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്

INDIA CHINA BORDER IN ANJOU DISTRICT  അരുണാചൽ ചൈന അതിർത്തിയിൽ നെറ്റ്‌വർക്ക് യുദ്ധം  നെറ്റ്‌വർക്ക് യുദ്ധം  ഇന്ത്യയ്‌ക്കുള്ളിൽ ചൈനീസ് ടെലികോം നെറ്റുവർക്കുകൾ  Chinese Telecom Networks in india  Chinese networks in ARUNACHAL PRADESH  Network war in india china border  ടെലികോം നെറ്റ്‌വർക്ക്  കിബിത്തു  5ജി  ഒപ്റ്റിക്കൽ ഫൈബർ കേബിൾ  ചൈനീസ് നെറ്റ്‌വർക്കുകൾ  ഒരു മുഴം മുന്നേ ചൈന
ഇന്ത്യയ്‌ക്കുള്ളിൽ ചൈനീസ് ടെലികോം നെറ്റുവർക്കുകൾ; അരുണാചൽ-ചൈന അതിർത്തിയിൽ നെറ്റ്‌വർക്ക് യുദ്ധം

കിബിത്തു (അരുണാചൽ പ്രദേശ്): ചൈനയുടെ വേഗതയേറിയ 5ജി ടെലികോം നെറ്റ്‌വർക്കുകൾ അതിർത്തികൾ കടന്ന് ഇന്ത്യയിലേക്കും വ്യാപിക്കുന്നു. ചൈനയുടെ അതിർത്തിയായ അരുണാചൽ പ്രദേശിലെ അഞ്‌ജൗ ജില്ലയിലെ കിബിത്തുവിലാണ് ചൈനീസ് നെറ്റ്‌വർക്കുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതെന്ന് ഇടിവി ഭാരതിന്‍റെ സഞ്ജിബ് കെആർ ബറുവ റിപ്പോർട്ട് ചെയ്‌തു.

കിബിത്തുവിൽ ഇന്ത്യൻ ഫോണുകളോ ഇന്ത്യൻ കമ്പനികളുടെ ഇന്‍റർനെറ്റ് കണക്ഷനോ ലഭ്യമല്ല. എന്നാൽ നാലോളം ചൈനീസ് ടെലികോം നെറ്റ്‌വർക്കുകൾ തങ്ങളുടെ 5ജി സേവനങ്ങൾ ഇവിടെ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതിൽ 2021 ജനുവരി 11ന് ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്ചേഞ്ചിൽ ട്രേഡിങ്ങിൽ നിന്ന് ഒഴിവാക്കിയ ചൈന യൂണികോം എന്ന കമ്പനിയും ഉൾപ്പെടുന്നു.

കിബിത്തുവിന് സമീപമുള്ള രണ്ടിലധികം വ്യവസായികൾ ചൈനീസ് ടെലികോം നെറ്റ്‌വർക്ക് സബ്‌സ്ക്രൈബ് ചെയ്യുകയും പ്രാദേശികർക്ക് ഒരു നിശ്ചിത തുകയ്ക്ക് ഇന്‍റർനെറ്റ് ഉപയോഗം വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതിലൂടെയാണ് നിലവിൽ പ്രാദേശികർക്ക് ഇന്‍റർനെറ്റ് കണക്ഷനും പുറം ലോകവുമായുള്ള ബന്ധവും സാധ്യമാകുന്നത്.

ഇനിയും മുന്നേറണം 4ജിക്കായി: ടെലികോം അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രത്യേകിച്ച് ചൈനയുടെ അതിർത്തിയിൽ ഇന്ത്യ വൻതോതിൽ നിക്ഷേപം നടത്തിയിട്ടും 4ജി കണക്റ്റിവിറ്റി സ്ഥാപിക്കുന്നത് ഒരു ഗെയിം ചേഞ്ചറായിരിക്കുമെന്നാണ് ഉന്നത സൈനിക ഉദ്യോഗസ്ഥർ പറയുന്നത്. ഇതിലൂടെ ഇന്ത്യയ്‌ക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും കൂടുതൽ നിക്ഷേപവും പരിശ്രമവും ഇക്കാര്യത്തിൽ ആവശ്യമാണെന്നതും വ്യക്തമാണ്.

അതേസമയം ടെലികോം വികസനത്തിനായി കേന്ദ്ര സർക്കാർ സമയബന്ധിതമായ പദ്ധതികൾ തയ്യാറാക്കുന്നുണ്ടെങ്കിലും റോഡുകളുടേയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടേയും അഭാവം ഇതിന് തടസമാകുന്നുണ്ട്. റോഡുകൾ ശരിയായി പൂർത്തിയാക്കിയാൽ മാത്രമേ ഒപ്‌റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കാൻ സാധിക്കുകയൊള്ളൂവെന്നതാണ് ഇതിന് കാരണം. എന്നാൽ മാത്രമേ മികച്ച ടെലിഫോണ്‍ കണക്‌ടിവിറ്റിയും വേഗത്തിലുള്ള ഇന്‍റർനെറ്റും ജനങ്ങൾക്ക് ലഭ്യമാകുകയുള്ളു.

READ MORE: ചൈനയെ തുരത്തി അതിര്‍ത്തി കാക്കാന്‍ 'യന്ത്ര പരുന്ത്'; 'ആളില്ല വിമാന നിരീക്ഷണം' ശക്തിപ്പെടുത്തി ഇന്ത്യ

ഇഴഞ്ഞ് നീങ്ങുന്ന പദ്ധതികൾ: കിഴക്കൻ മേഖലയില്‍ പിന്നാക്ക മേഖലകളിലെ അടിസ്ഥാന സൗകര്യത്തിനാണ് നിലവിൽ ഊന്നൽ നൽകുന്നതെന്ന് കിഴക്കൻ അരുണാചൽ പ്രദേശിലെ മൗണ്ടൻ ബ്രിഗേഡിന്‍റെ കമാൻഡറായ ടിഎം സിൻഹ പറഞ്ഞു. ''എല്ലാ ഫോർവേഡ് പോസ്റ്റുകളെയും ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുമായി ബന്ധിപ്പിക്കാനും പുതിയ റേഡിയോ സെറ്റുകൾ പ്രവർത്തിപ്പിക്കുന്നതിനൊപ്പം വേഗത്തിലുള്ള ഡാറ്റാ കൈമാറ്റത്തിനായി സാറ്റലൈറ്റ് ടെർമിനലുകൾ സജ്ജീകരിക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്,'' സിൻഹ വ്യക്‌തമാക്കി.

അരുണാചലിലെ അതിർത്തി പ്രദേശങ്ങളിലെ ടെലികോം കണക്‌ടിവിറ്റി ശൃംഖല മെച്ചപ്പെടുത്തുന്നത് വേഗത്തിലാക്കണമെന്ന് അരുണാചൽ പ്രദേശ് സ്‌പീക്കർ പസാംഗ് ദോർജി സോന പറഞ്ഞു. അതിർത്തി പ്രദേശങ്ങളിലെ ശൃംഖല മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതായാണ് സർക്കാർ ഞങ്ങളോട് പറയുന്നത്. എന്നാൽ വളരെ സമയമെടുത്താണ് ഇത് നടത്തുന്നത്. ഇത് വേഗത്തിലാക്കണം.

ഓണ്‍ലൈനായി റിപ്പോർട്ടുകൾ സമർപ്പിക്കാൻ പോലും ഉദ്യോഗസ്ഥർക്ക് നെറ്റ്‌വർക്കുള്ള മറ്റ് സ്ഥലങ്ങളിലേക്ക് മാറേണ്ട അവസ്ഥ വരുന്നുവെന്നും അതിർത്തി മണ്ഡലമായ മെചുകയില്‍ നിന്നുള്ള ജനപ്രതിനിധി കൂടിയായ സോന വ്യക്തമാക്കി. നെറ്റ്‌വർക്കുകൾ സ്ഥാപിക്കാൻ കൃത്യമായ റിപ്പോർട്ടുകൾ നൽകണം. ഇതിനായി ഔദ്യോഗിക യോഗങ്ങളും ആശയവിനിമയങ്ങളും നടക്കണം. എന്നാൽ പ്രദേശത്ത് നെറ്റ്‌വർക്ക് ഇല്ലാത്തത് ഇതിനെല്ലാം തടസമാകുന്നുവെന്നും സോന കൂട്ടിച്ചേർത്തു.

ഒരു മുഴം മുന്നേ ചൈന: മൈക്രോ വേവ് വഴിയും ഒപ്‌റ്റിക്കല്‍ ഫൈബർ കേബിൾ വഴിയുമാണ് സാധാരണ ഇന്‍റർനെറ്റ് കണക്‌ടിവിറ്റി ലഭ്യമാക്കുന്നത്. എന്നാൽ ഒപ്‌റ്റിക്കല്‍ ഫൈബർ കേബിൾ വഴിയുള്ള നെറ്റ്‌വർക്കുകളാണ് കൂടുതൽ വിശ്വാസ്യതയും കാര്യക്ഷമതയും വേഗതയും നൽകുന്നത്. ഇതേ കാരണത്താല്‍ അതിർത്തിയിൽ ചൈന 5ജി നെറ്റ്‌വർക്കുകൾ സ്ഥാപിച്ചുവെന്നത് തന്നെ ഒപ്‌റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിച്ചുവെന്നതിന്‍റെ സൂചനയാണ്.

ABOUT THE AUTHOR

...view details