കേരളം

kerala

ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭ രൂപീകരണം ഇന്ന്; 36 മണിക്കൂര്‍ കര്‍ഫ്യൂ അവസാനിച്ചു

By

Published : Apr 4, 2022, 11:14 AM IST

ഞായറാഴ്‌ച രാത്രി 26 മന്ത്രിമാര്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെക്ക് രാജിക്കത്ത് കൈമാറിയിരുന്നു

ശ്രീലങ്ക കര്‍ഫ്യൂ അവസാനിച്ചു  ശ്രീലങ്ക പുതിയ മന്ത്രിസഭ  ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധി  ശ്രീലങ്ക മന്ത്രിമാര്‍ രാജി  ശ്രീലങ്ക 36 മണിക്കൂര്‍ കര്‍ഫ്യൂ  36 hour curfew liftedin sri lanka  sri lanka new cabinet  sri lanka economic crisis  sri lanka curfew latest
ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭ രൂപീകരണം ഉടന്‍; 36 മണിക്കൂര്‍ കര്‍ഫ്യൂ അവസാനിച്ചു

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭ രൂപീകരണം ഇന്നുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. സർക്കാരിനെതിരെ ജനരോഷം ശക്തമായി തുടരുന്നതിനിടെ ഞായറാഴ്‌ച രാത്രി പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ ഒഴികെയുള്ള മുഴുവന്‍ മന്ത്രിമാരും രാജിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മന്ത്രിസഭ രൂപവത്ക്കരണത്തിന് വഴിയൊരുങ്ങിയത്.

വിദ്യാഭ്യാസ മന്ത്രിയും സഭാനേതാവുമായ ദിനേഷ് ഗുണവർധനയാണ് മന്ത്രിസഭയിലെ 26 പേരും രാജിവച്ച വിവരം അറിയിച്ചത്. കായിക, യുവജനകാര്യ മന്ത്രിയും മഹീന്ദ രജപക്‌സെയുടെ മകനുമായ നമല്‍ രജപക്‌സെയും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി പ്രസിഡന്‍റും സഹോദരനുമായ ഗോതബായ രജപക്‌സെയുമായി കൂടിക്കാഴ്‌ച നടത്തുമെന്നും നിലവിലെ ഇന്ധന, വൈദ്യുതി പ്രതിസന്ധിയ്ക്ക് ഉടന്‍ പരിഹാരമുണ്ടാകുമെന്നും ഗുണവർധന വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന 36 മണിക്കൂർ കര്‍ഫ്യൂ അവസാനിച്ചു. ഇതിന് പിന്നാലെ ട്രെയിന്‍, ശ്രീലങ്ക ട്രാന്‍സ്‌പോര്‍ട്ട് ബോർഡ്, സ്വകാര്യ ബസ് ഉള്‍പ്പെടെ പൊതുഗതാഗതം പുനസ്ഥാപിച്ചു. 1948ല്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്.

വിദേശ നാണ്യ ശേഖരത്തില്‍ ക്ഷാമം അനുഭവപ്പെട്ടതോടെ ഇന്ധനം ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ ഇറക്കുമതിയ്ക്ക് പണം നല്‍കാന്‍ സര്‍ക്കാരിന് കഴിയാത്ത അവസ്ഥയായി. പണപ്പെരുപ്പം കുതിച്ചുയർന്നത് വിലക്കയറ്റത്തിലേയ്ക്ക് നയിച്ചു. 13 മണിക്കൂര്‍ വരെ പവര്‍കട്ട് നീണ്ട അവസ്ഥയായതോടെ ജനം തെരുവിലിറങ്ങുകയായിരുന്നു.

പ്രസിഡന്‍റ് ഗോതബായ രജപക്‌സെ രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമായതോടെ വെള്ളിയാഴ്‌ച പ്രസിഡന്‍റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പിന്നാലെ 36 മണിക്കൂര്‍ നീണ്ട കര്‍ഫ്യൂവും ഏർപ്പെടുത്തുകയായിരുന്നു.

Also read: കീവിൽ 410 മൃതദേഹങ്ങൾ കണ്ടെത്തി; റഷ്യ കൂട്ടക്കൊല ചെയ്തവരുടെതെന്ന് യുക്രൈൻ

ABOUT THE AUTHOR

...view details