കേരളം

kerala

റഷ്യ - യുക്രൈന്‍ യുദ്ധം: കിഴക്കന്‍ യുക്രൈന്‍ പിടിച്ചെടുക്കുക ലക്ഷ്യമിട്ട് റഷ്യ

By

Published : Aug 8, 2022, 7:34 PM IST

Updated : Aug 8, 2022, 8:58 PM IST

റഷ്യ-യുക്രൈന്‍ യുദ്ധത്തിന്‍റെ തിക്‌തഫലം ഉയര്‍ന്ന വിലക്കയറ്റത്തിലൂടെ ലോകത്താകെയുള്ള സാധാരണക്കാര്‍ അനുഭവിക്കുകയാണ്. അതേസമയം പാശ്ചാത്യ ആയുധ കമ്പനികളുടെയും പെട്രോളിയം കമ്പനികളുടേയും ലാഭം കുതിച്ചുയരുകയാണ്.

Russia Ukraine conflict  റഷ്യ യുക്രൈന്‍ യുദ്ധം  റഷ്യ യുക്രൈന്‍ യുദ്ധത്തിന്‍റെ തിക്‌തഫലം  യുദ്ധം നിലവില്‍ ഡോണ്‍ബാസ് മേഖലയില്‍  war in Donbas  consequence of Russia Ukraine war  Russian economy after war
റഷ്യ - യുക്രൈന്‍ യുദ്ധം: കിഴക്കന്‍ യുക്രൈന്‍ പിടിച്ചെടുക്കുക ലക്ഷ്യമിട്ട് റഷ്യ

റഷ്യ യുക്രൈനില്‍ സൈനിക അധിനിവേശം ആരംഭിച്ചിട്ട് അഞ്ച് മാസവും രണ്ടാഴ്‌ചയും രണ്ട് ദിവസവും പിന്നിട്ടിരിക്കുകയാണ്. ഈ വര്‍ഷം ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനില്‍ സൈനിക നടപടി ആരംഭിച്ചത്. റഷ്യ യുക്രൈന്‍ യുദ്ധം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്.

യുഎസിന്‍റെ നേതൃത്വത്തിലുള്ള പാശ്ചാത്യ ശക്‌തികള്‍ യുക്രൈന് പണവും ആയുധങ്ങളും നല്‍കി ആ രാജ്യത്തെ റഷ്യയ്‌ക്കെതിരായ യുദ്ധത്തിന് പ്രാപ്‌തമാക്കുകയാണ്. യുദ്ധത്തിന്‍റെ തിക്തഫലം കേവലം യുക്രൈനോ റഷ്യയോ മാത്രമല്ല അനുഭവിക്കുന്നത് ഉയര്‍ന്ന വിലക്കയറ്റത്തിന്‍റെയും ഭക്ഷ്യ ക്ഷാമത്തിന്‍റേയും രൂപത്തില്‍ ലോകമാകെ അനുഭവിക്കുകയാണ്.

യുക്രൈനില്‍ ഉടനീളമുള്ള സൈനിക നടപടിയാണ് ആദ്യഘട്ടത്തില്‍ റഷ്യന്‍ സേന നടത്തിയത്. ബെലാറസ് മുതല്‍ കരിങ്കടല്‍ വരെയുള്ള എകദേശം 560 കിലോമീറ്റര്‍ നീളത്തില്‍ റഷ്യന്‍ സേന യുക്രൈനെതിരെ സൈനിക നടപടി ആരംഭിച്ചു. എന്നാല്‍ അതിപ്പോള്‍ ഡോണ്‍ബാസ് മേഖലയിലും യുക്രൈനിന്‍റെ തെക്കന്‍ ഭാഗത്തുമായി 72 കിലോമീറ്ററില്‍ ഒതുങ്ങിയിരിക്കുകയാണ്.

യുദ്ധം നിലവില്‍ ഡോണ്‍ബാസ് മേഖലയില്‍: യുക്രൈനിന്‍റെ കിഴക്കും തെക്കുമായി സ്ഥിതി ചെയ്യുന്ന നാല് യുക്രൈനിയന്‍ പ്രവിശ്യങ്ങള്‍ തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുക എന്നതില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ് റഷ്യന്‍ സേന. ലുഹാന്‍സ്‌ക്, ഡൊണെസ്‌ക്, സപ്പോറീഷ്യയ, കെര്‍സോണ്‍ എന്നിവയാണ് ഈ പ്രവിശ്യകള്‍. ഇതില്‍ ലുഹാന്‍സ്‌കും, ഡൊണെസ്‌കും ഡോണ്‍ബാസ് പ്രവിശ്യയില്‍പ്പെടുന്നതാണ്.

റഷ്യന്‍ അനുകൂല വിഘടനവാദികള്‍ ലുഹാന്‍സ്‌കിനെയും ഡൊണെസ്‌കിനെയും സ്വതന്ത്ര റിപ്പബ്ലിക്കുകളായി പ്രഖ്യാപിച്ച് യുക്രൈന്‍ സൈന്യവുമായി 2014 മുതല്‍ ഏറ്റുമുട്ടി വരികയാണ്. റഷ്യന്‍ സേന അധിനിവേശം നടത്തുന്നതിന് മുന്‍പ് ഡോണ്‍ബാസ് മേഖലയിലെ മൂന്നില്‍ ഒന്ന് പ്രദേശം മാത്രമേ റഷ്യന്‍ അനുകൂല വിഘടനവാദികള്‍ നിയന്ത്രിച്ചിരുന്നുള്ളൂ. നിലവില്‍ ലുഹാന്‍സ്‌ക് പ്രവിശ്യ പൂര്‍ണമായി റഷ്യന്‍ സേനയും വിഘടനവാദികളും നിയന്ത്രണത്തിലാക്കി കഴിഞ്ഞു. ഡൊണെസ്‌ക് പിടിച്ചെടുക്കാനുള്ള പോരാട്ടം ശക്‌തമാക്കിയിരിക്കുകയാണ് റഷ്യന്‍ സേന.

തെക്കന്‍ യുക്രൈനില്‍ റഷ്യയുടെ നിയന്ത്രണത്തിലായ കെര്‍സോണ്‍, സപ്പോറീഷ്യയ എന്നീ പ്രവിശ്യകളില്‍ യുക്രൈന്‍ സൈന്യത്തിന്‍റെ എതിര്‍ ആക്രമണം ശക്തമായിരിക്കുകയാണ്. സപ്പോറീഷ്യയിലെ ആണവ വൈദ്യുത നിലയത്തില്‍ ഷെല്ലാക്രമണമുണ്ടായി. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം സംബന്ധിച്ച് ഇരുപക്ഷവും തമ്മില്‍ പരസ്‌പരം പഴി ചാരുകയാണ്. യൂറോപ്പിലെ ഏറ്റവും വലിയ ആണവ വൈദ്യുത നിലയമാണ് ഇത്.

തങ്ങളെ അനുകൂലിക്കുന്നവരെ ഈ പ്രവിശ്യകളുടെ ഭരണത്തിനായി റഷ്യ നിയമിച്ചു കഴിഞ്ഞു. 2014ല്‍ ക്രൈമിയയില്‍ ചെയ്‌തത് പോലെ ഈ നാല് പ്രവിശ്യകളിലും ജനഹിതം നടത്തിയായിരിക്കും റഷ്യയുടെ ഭാഗമാക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. ബഹുഭൂരിപക്ഷവും റഷ്യന്‍ ഭാഷ സംസാരിക്കുന്നവരാണ് ഈ പ്രവിശ്യകളില്‍ താമസിക്കുന്നത്.

നിലവില്‍ യുക്രൈനിന്‍റെ 20 ശതമാനം റഷ്യയുടെ നിയന്ത്രണത്തില്‍ വന്നിരിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ മാരകമായ ആയുധങ്ങള്‍ യുക്രൈന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആയുധങ്ങള്‍ ഉപയോഗിച്ചാണ് നഷ്‌ടപ്പെട്ട മേഖലകള്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ യുക്രൈന്‍ ആരംഭിച്ചത്. അതുകൊണ്ട് തന്നെ യുദ്ധം കൂടുതല്‍ രക്തരൂക്ഷിതമാകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

ഭക്ഷ്യ ധാന്യ കയറ്റുമതിക്ക് ധാരണയായി: യുക്രൈന്‍-റഷ്യ യുദ്ധത്തിന്‍റെ ഭാഗമായി ലോകം അഭിമുഖീകരിച്ച ഏറ്റവും വലിയ തിക്‌തഫലങ്ങളില്‍ ഒന്നാണ് ഭക്ഷ്യ വിലക്കയറ്റവും ആഫ്രിക്ക പോലുള്ള രാജ്യങ്ങളിലുണ്ടായ ഭക്ഷ്യ ക്ഷാമവും. ലോകത്തിന്‍റെ ഭക്ഷ്യ കലവറകളില്‍ ഒന്നാണ് യുക്രൈന്‍. മധ്യപൂര്‍വേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും രാജ്യങ്ങള്‍ ഭക്ഷ്യ ധാന്യങ്ങള്‍ക്കായി വലിയൊരളവില്‍ ആശ്രയിക്കുന്നത് യുക്രൈയിനെയും റഷ്യയെയുമാണ്.

കരിങ്കടലിലുള്ള യുക്രൈനിന്‍റെ തുറമുഖങ്ങളില്‍ നിന്ന് ഭക്ഷ്യധാന്യ കയറ്റുമതി പുനഃരാരംഭിക്കാന്‍ യുക്രൈനും റഷ്യയും പരസ്‌പര ധാരണയിലെത്തിയത് വലിയ ആശ്വാസമായിരിക്കുകയാണ്. ജൂലൈ 22ന് തുര്‍ക്കിയുടെയും ഐക്യരാഷ്‌ട്ര സഭയുടെയും മധ്യസ്ഥതയിലാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്.

കെട്ടികിടക്കുന്ന 20 ദശലക്ഷം മെട്രിക് ടണ്‍ ധാന്യങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഏതാനും കപ്പലുകള്‍ കരിങ്കടല്‍ തുറമുഖങ്ങളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങളുമായി പുറപ്പെടുകയും ചെയ്‌തു.

തിരിച്ചടിച്ച ഉപരോധം:യുദ്ധത്തെ തുടര്‍ന്ന് റഷ്യയ്‌ക്കെതിരായുള്ള ഉപരോധത്തില്‍ റഷ്യയുടെ ഇന്ധനകയറ്റുമതിയെയാണ് പ്രധാനമായും പാശ്ചാത്യ രാജ്യങ്ങള്‍ ലക്ഷ്യം വച്ചത്. ഇതിലൂടെ റഷ്യയുടെ പ്രധാന വരുമാന സ്രോതസില്‍ വിള്ളല്‍ വരുത്താന്‍ സാധിക്കുമെന്നും അതിലൂടെ റഷ്യയെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയുമെന്നുമായിരുന്നു പാശ്ചാത്യ രാജ്യങ്ങളുടെ പ്രതീക്ഷ.

എന്നാല്‍ ഇതിന്‍റെ തിക്‌തഫലം അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ സാധാരണക്കാരായ ആളുകളാണ് അനുഭവിച്ചത്. റഷ്യയുടെ വരുമാനം ഇടിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല അവരുടെ വരുമാനം വര്‍ധിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

ഉപരോധത്തെ തുടര്‍ന്ന് അന്താരാഷ്‌ട്ര തലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില വലിയ രീതിയില്‍ കുതിച്ചുയര്‍ന്നു. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി കുറച്ചപ്പോള്‍ ഇന്ത്യയും ചൈനയും റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധിപ്പിച്ചു. മേല്‍പ്പറഞ്ഞ രണ്ട് കാരണങ്ങള്‍ കൊണ്ട്(അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചതും ചൈനയും ഇന്ത്യയും ഇറക്കുമതി വര്‍ധിപ്പിച്ചതും) യുദ്ധത്തിന് മുമ്പുള്ളതിനേക്കാള്‍ വരുമാനം ഇന്ധന കയറ്റുമതിയിലൂടെ റഷ്യയ്‌ക്ക് ലഭിക്കുകയാണ്.

യുകെയിലെയും യുഎസിലെയും സാധാരണക്കാര്‍ പെട്രോള്‍ ഉത്‌പന്നങ്ങളുടെ വില വര്‍ധനവ് കാരണം പൊറുതിമുട്ടുമ്പോള്‍ ആ രാജ്യങ്ങളിലെ പെട്രോളിയം കമ്പനികള്‍ വന്‍ ലാഭം കൊയ്യുകയാണ്. പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധം റഷ്യന്‍ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടില്ല. യുദ്ധത്തിന് ശേഷം ഡോളറിനെതിരെ റഷ്യന്‍ കറന്‍സിയായ റൂബിള്‍ ശക്‌തിപ്പെട്ടതില്‍ തന്നെ ഇത് വ്യക്തമാണ്.

Last Updated : Aug 8, 2022, 8:58 PM IST

ABOUT THE AUTHOR

...view details