മോസ്‌കോ:പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍. യാതൊരു പ്രകോപനവുമില്ലാതെയാണ് റഷ്യന്‍ സൈന്യം യുക്രൈനിനെ ആക്രമിച്ചതെന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങളെന്ന് സ്റ്റേറ്റ് ഓഫ് ദി നാഷന്‍ അഭിസംബോധനയില്‍ പുടിന്‍ ആരോപിച്ചു. പ്രസംഗത്തില്‍ യുക്രൈനിലെ അധിനിവേശത്തെ പുടിന്‍ ന്യായീകരിക്കുകയും സംഘര്‍ഷത്തിന്‍റെ ആത്യന്തിക ഉത്തരവാദി പാശ്ചാത്യ രാജ്യങ്ങളാണെന്ന് ആരോപിക്കുകയും ചെയ്‌തു.
"യുദ്ധത്തിന് കാരണം നാറ്റോയുടെ വ്യാപനം":പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ ഭീഷണിപ്പെടുത്തുകയായിരുന്നു. അവരാണ് യുദ്ധം ആരംഭിച്ചത്. തങ്ങള്‍ സൈനിക നടപടിയിലൂടെ അത് അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോയുടെ കിഴക്കോട്ടുള്ള വ്യാപനമാണ് യുദ്ധത്തിന്‍റെ പ്രകോപനമെന്നും പുടിന്‍ ആരോപിച്ചു.
"ഉപരോധം അവരെ തന്നെ ശിക്ഷിച്ചു":റഷ്യയ്‌ക്ക് എതിരായി സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതിലൂടെ പാശ്ചാത്യ ശക്തികള്‍ അവരെ തന്നെ ശിക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് പുടിന്‍ പറഞ്ഞു. റഷ്യയ്‌ക്ക് എതിരായ സൈനിക സാമ്പത്തിക അതിക്രമണത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വിജയം കാണാന്‍ സാധിച്ചിട്ടില്ല ഇനി സാധിക്കുകയുമില്ല.
തങ്ങള്‍ക്കെതിരായി പാശ്ചാത്യ ശക്തികള്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിലൂടെ അവരുടെ രാജ്യത്ത് വിലക്കയറ്റം ഉണ്ടാകുന്ന സാഹചര്യമാണ് സൃഷ്‌ടിക്കപ്പെട്ടത്. പാശ്ചാത്യ രാജ്യങ്ങളില്‍ ഫാക്‌ടറികള്‍ അടയ്‌ക്കുന്ന സാഹചര്യവും, ഇന്ധന മേഖല തകരുകയും ചെയ്‌തു. ഈ കാര്യത്തില്‍ പഴിക്കേണ്ടത് റഷ്യയെ ആണെന്ന് അവര്‍ അവരുടെ പൗരന്മാരോട് പറഞ്ഞ് കൊണ്ടിരിക്കുകയാണ്.
ഉപരോധം റഷ്യന്‍ സമൂഹത്തെ അസ്ഥിരപ്പെടുത്താന്‍: റഷ്യന്‍ സമൂഹത്തെ അസ്ഥിരപ്പെടുത്തുന്നതിന്‍റെ ഭാഗമാണ് പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധമെന്ന് പുടിന്‍ ആരോപിച്ചു. എന്നാല്‍ റഷ്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുകയാണെന്ന് പുടിന്‍ അവകാശപ്പെട്ടു. ദേശീയ സുരക്ഷയും വികസനവും ഉറപ്പ് വരുത്താനുള്ള ധനകാര്യ ശേഷി തങ്ങള്‍ക്ക് ഉണ്ടെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
"ഉപരോധം ഒരു ഉപാധി മാത്രമാണ്. എന്നാല്‍ പാശ്ചാത്യ ശക്തികളുടെ ലക്ഷ്യം ഞങ്ങളുടെ പൗരന്‍മാരെ ബുദ്ധിമുട്ടിക്കുക എന്നുള്ളതാണ്. ഞങ്ങളുടെ സമൂഹത്തെ അസ്ഥിരപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ അവരുടെ പ്രവര്‍ത്തി ന്യായീകരിക്കാന്‍ കഴിയാത്തതും വിജയം വരിക്കാന്‍ പോകാത്തതുമാണ്", പുടിന്‍ പറഞ്ഞു.
സ്റ്റേറ്റ് ഓഫ് ദി നേഷന്‍ അഭിസംബോധന കഴിഞ്ഞ വര്‍ഷം നടത്തിയില്ല:എല്ലാ വര്‍ഷവും പ്രസിഡന്‍റ് സ്റ്റേറ്റ് ഓഫ് ദി നേഷന്‍ അഭിസംബോധന നടത്തണമെന്ന് റഷ്യന്‍ ഭരണഘടന നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ 2022ല്‍ പുടിന്‍ സ്റ്റേറ്റ് ഓഫ് ദി നേഷന്‍ അഭിസംബോധന നടത്തിയിട്ടില്ല. ആ വര്‍ഷം യുക്രൈനില്‍ റഷ്യന്‍ സൈന്യത്തിനുണ്ടായ അടിക്കടിയുള്ള തിരിച്ചടികളാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചൈനയുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥന്‍ റഷ്യ സന്ദര്‍ശിക്കും:ഈ വരുന്ന വെള്ളിയാഴ്‌ച യുക്രൈനിലെ റഷ്യന്‍ സൈനിക നടപടി ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ചൈനയുടെ ഏറ്റവും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനായ വാങ് യി ഇന്ന് റഷ്യ സന്ദര്‍ശിക്കും. പുടിനുമായി വാങ് കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നാണ് റഷ്യന്‍ അധികൃതര്‍ അറിയിക്കുന്നത്.
ഇന്നലെ(20.02.2023) അപ്രതീക്ഷിതമായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ യുക്രൈന്‍ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തില്‍ യുക്രൈനിന് 50 കോടി ഡോളറിന്‍റെ അധിക സൈനിക സഹായം ബൈഡന്‍ പ്രഖ്യാപിച്ചു.