കേരളം

kerala

Modi US Visit | വൈറ്റ് ഹൗസിലെത്തി ബൈഡനെ കണ്ട് മോദി ; നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ച

By

Published : Jun 22, 2023, 9:13 PM IST

Updated : Jun 22, 2023, 9:49 PM IST

ഇന്ത്യയില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നത് ലോകം ഉറ്റുനോക്കുകയാണ്

Etv Bharat
Etv Bharat

വാഷിങ്‌ടൺ :യുഎസ് കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്‌ച രാവിലെ (കിഴക്കൻ സ്റ്റാൻഡേർഡ് സമയം) വൈറ്റ് ഹൗസിലെത്തി. അമേരിക്കന്‍ സന്ദർശനത്തിന്‍റെ മൂന്നാം ദിവസമാണ് മോദി വൈറ്റ് ഹൗസിലെത്തിയത്. പ്രധാനമന്ത്രി മോദിയും ജോ ബൈഡനും വൈറ്റ് ഹൗസിൽ ചര്‍ച്ച നടത്തുകയാണ്.

തുടർന്ന്, ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യ - യുഎസ്‌ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന രണ്ട് ചോദ്യങ്ങളാണ് വാര്‍ത്താസമ്മേളത്തില്‍ ഉയരുക. ഇന്ത്യയും യുഎസും തമ്മില്‍ വിവിധ മേഖലകളിൽ തന്ത്രപരമായ ബന്ധം വർധിപ്പിക്കാൻ പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള ഉന്നതതല ചർച്ച വേദിയാക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. പ്രതിരോധം, ബഹിരാകാശം, ഊർജം, നിർണായക സാങ്കേതികവിദ്യകൾ തുടങ്ങിയ വിഷയങ്ങള്‍ ബൈഡനുമായുള്ള ചര്‍ച്ചയില്‍ മോദി മുന്നോട്ടുവയ്‌ക്കും.

'ജോ ബൈഡനുമായുള്ള ഇന്നത്തെ ചർച്ചകൾക്കായി കാത്തിരിക്കുന്നു. ഞങ്ങള്‍ തമ്മിലെ ചർച്ചകൾ ഇന്ത്യ - യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.' - വൈറ്റ് ഹൗസിൽ എത്തുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പ് മോദി ട്വീറ്റ് ചെയ്‌തു. വൈറ്റ് ഹൗസിൽ എത്തിയ പ്രധാനമന്ത്രി മോദിയെ, പ്രസിഡന്‍റ് ബൈഡൻ തന്‍റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം 21-ാം നൂറ്റാണ്ടിലെ അര്‍ഥവത്തായ ഒന്നാണെന്ന് സ്വാഗത പ്രസംഗത്തിൽ പ്രസിഡന്‍റ് ബൈഡൻ പറഞ്ഞു.

പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദി ആറ് തവണയാണ് യുഎസ് സന്ദർശിച്ചത്. മോദിയുടെ ഇത്തവണത്തെ യാത്ര സ്റ്റേറ്റ് സന്ദർശനമാണെന്നതിനാല്‍ വിവിധ പരിപാടികളാണുണ്ടാവുക. ടാർമാക്കിൽ സ്വീകരണം, ആചാരവെടി, പുറമെ വൈറ്റ് ഹൗസിൽ ഔദ്യോഗിക സ്വീകരണവും ഔദ്യോഗിക വിരുന്നുമെല്ലാം ഈ സന്ദര്‍ശനത്തിന്‍റെ പ്രത്യേകതകളാണ്.

നാസയും ഐഎസ്ആർഒയുമായി സംയുക്ത കരാര്‍ :സിവിൽ ബഹിരാകാശ പര്യവേഷണത്തിൽ സമാന ചിന്താഗതിയുള്ള രാജ്യങ്ങളെ ഒരുമിപ്പിക്കുന്ന ആർട്ടെമിസ് കരാറിൽ ഒന്നിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഓവൽ ഓഫിസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്‍റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്‌ചയ്ക്ക് തൊട്ടുമുന്‍പാണ് ഈ തീരുമാനം. ഇതുസംബന്ധിച്ച് നാസയും ഐഎസ്ആർഒയും സംയുക്ത കരാറിന് അനുകൂലമായ നിലപാട് സ്വീകരിച്ചെന്നാണ് വിവരം. 2024ൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒന്നിച്ചുള്ള ദൗത്യമാണ് ഇരുരാജ്യങ്ങളുടേയും ലക്ഷ്യം.

'എല്ലാ മനുഷ്യര്‍ക്കും ഗുണം ലഭിക്കാന്‍ ബഹിരാകാശ പര്യവേക്ഷണത്തിന് ഒരു പൊതു കാഴ്‌ചപ്പാട് മുന്നോട്ട് കൊണ്ടുപോവുന്നതാണ് ബഹിരാകാശത്തെ ഈ നീക്കം. ആർട്ടെമിസ് കരാറിൽ ഇന്ത്യ ഒപ്പുവയ്‌ക്കുമെന്നത് ഞങ്ങൾക്ക് സ്ഥിരീകരിക്കാന്‍ കഴിയും' - ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. 1967ലെ ഔട്ടർ സ്പേസ് ഉടമ്പടിയാണിത് (ഒഎസ്‌ടി). 21ാം നൂറ്റാണ്ടിലെ സിവിൽ ബഹിരാകാശ പര്യവേക്ഷണത്തിനും ഉപയോഗത്തിനും മാർഗനിർദേശം നൽകുന്നതിന് രൂപകല്‍പ്പന ചെയ്‌തിട്ടുള്ളതാണ് ആർട്ടെമിസ് ഉടമ്പടി. ചൊവ്വയിലേക്കും അതിന് പുറത്തേക്കും ബഹിരാകാശ പര്യവേഷണം വ്യാപിപ്പിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം. 2025നുള്ളില്‍ മനുഷ്യനെ ചന്ദ്രനിലേക്ക് വീണ്ടും എത്തിക്കാനാണ് അമേരിക്ക ഈ നീക്കത്തിലൂടെ പ്രധാനമായും ശ്രമിക്കുന്നത്.

Last Updated :Jun 22, 2023, 9:49 PM IST

ABOUT THE AUTHOR

...view details