കേരളം

kerala

'ഞാന്‍ തിരിച്ചെത്തി' ; വിലക്കിന് ശേഷം ഫേസ്ബുക്കില്‍ മടങ്ങിയെത്തി ഡൊണാൾഡ് ട്രംപ്

By

Published : Mar 18, 2023, 9:17 AM IST

ജനുവരി 6ന് യുഎസ് ക്യാപിറ്റോൾ ഹില്ലിലേക്ക് ട്രംപ് അനുകൂലികള്‍ ഇരച്ചുകയറി കലാപം അഴിച്ചുവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വിവിധ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ അദ്ദേഹത്തിന്‍റെ അക്കൗണ്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

Donald Trump Returns to facebook after reinstatement
'ഞാന്‍ തിരിച്ചെത്തി' ; വിലക്കിന് ശേഷം ഫേസ്ബുക്കില്‍ മടങ്ങിയെത്തി ഡൊണാൾഡ് ട്രംപ്

ന്യൂയോര്‍ക്ക് : രണ്ട് വർഷത്തെ വിലക്കിന് ശേഷം ഫേസ്ബുക്കില്‍ തിരിച്ചെത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 'ഞാന്‍ തിരിച്ചെത്തി' എന്ന് കുറിച്ച് തന്‍റെ മടങ്ങിവരവ് ട്രംപ് സാമൂഹ്യ മാധ്യമ ഭീമനായ മെറ്റയുടെ ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമിലൂടെ പ്രഖ്യാപിക്കുകയും ചെയ്‌തു. സോഷ്യല്‍ മീഡിയയിലേക്കുള്ള മടങ്ങിവരവ്, മൂന്നാം തവണയും യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന ട്രംപിന് നിര്‍ണായകമാണ്.

കഴിഞ്ഞ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചപ്പോള്‍ ഡെമോക്രാറ്റുകളിലേക്കുള്ള അധികാരക്കൈമാറ്റം തടയാന്‍ 2021 ജനുവരി 6ന് യുഎസ് ക്യാപിറ്റോൾ ഹില്ലിലേക്ക് ട്രംപ് അനുകൂലികള്‍ ഇരച്ചുകയറി കലാപം അഴിച്ചുവിട്ടിരുന്നു. ഇതേ തുടര്‍ന്ന്, ട്രംപ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ കലാപ ആഹ്വാനങ്ങള്‍ നടത്തിയതായി വിലയിരുത്തി വിവിധ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ അദ്ദേഹത്തിന്‍റെ അക്കൗണ്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. ശേഷം 2023 ഫെബ്രുവരി ഒമ്പതിനാണ് ട്രംപിന്‍റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനഃസ്ഥാപിക്കപ്പെട്ടത്. തുടര്‍ന്ന് ഇന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടുന്നത്.

'അതിക്രമ, അപകട സാധ്യതകള്‍ ഞങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തി, തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന സ്ഥാനാർഥികള്‍ക്ക് വോട്ടർമാരോട് നിലപാടുകള്‍ വ്യക്തമാക്കാനുള്ള അവസരം സന്തുലിതമാക്കുന്നു' - ട്രംപിന്‍റെ അക്കൗണ്ട് പുനസ്ഥാപിച്ചതിനെക്കുറിച്ച് ഇത്തരത്തിലായിരുന്നു മെറ്റ വ്യക്തമാക്കിയത്. മുൻ ക്യാംപയിനുകളില്‍ കൂടുതല്‍ പേരിലേക്ക് പ്രചാരണം എത്തിക്കുന്നതിനും ഫണ്ട് ശേഖരിക്കുന്നതിനും പ്രധാന മാധ്യമമായി ഫേസ്ബുക്കിനെ ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്നു.

പഴയ ഒരു വീഡിയോ ക്ലിപ്പും ട്രംപ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. 'നിങ്ങളെ ഇത്രയും കാത്തുനിര്‍ത്തിയതില്‍ ക്ഷമിക്കണം. സങ്കീർണമായ ഇടപാടുകളായിരുന്നു' എന്നാണ് ഇതില്‍ പരാമര്‍ശിക്കുന്നത്. അതേസമയം യൂട്യൂബിലും അദ്ദേഹം തിരിച്ചെത്തിയിട്ടുണ്ട്. 'ഇന്ന് മുതൽ, ഡൊണാൾഡ് ട്രംപിന്‍റെ ചാനലിന് നിയന്ത്രണമില്ല, പുതിയ ഉള്ളടക്കം അപ്‌ലോഡ് ചെയ്യാം' - യൂട്യൂബ് വെള്ളിയാഴ്‌ച ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ആഗോള സമ്പന്നരില്‍ പ്രമുഖനായ എലോൺ മസ്‌ക് ട്വിറ്റര്‍ മേധാവിയായി ചുമതലയേറ്റപ്പോൾ ട്രംപിന്‍റെ അക്കൗണ്ട് പുനഃസ്ഥാപിച്ചിരുന്നു. എങ്കിലും മുൻ അമേരിക്കന്‍ പ്രസിഡന്‍റ് മടങ്ങിവരവിന് ശേഷം ഇതുവരെ ട്വീറ്റുകള്‍ ചെയ്‌തിട്ടില്ല. തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് വിലക്കപ്പെട്ട ഉടൻ തന്നെ അദ്ദേഹം ട്രൂത്ത് സോഷ്യൽ എന്ന പേരിൽ ഒരു പുതിയ ബദൽ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമില്‍ എത്തിയിരുന്നു. അവിടെ അദ്ദേഹം പതിവായി പോസ്റ്റ് ചെയ്യുന്നുമുണ്ട്. പക്ഷേ ഫേസ്ബുക്കിലും യൂട്യൂബിലും അദ്ദേഹത്തിന്‍റെ തിരിച്ചുവരവ് അല്‍പ്പം കൂടി വൈകി.

Also Read : രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും ട്രംപ് ഫേസ്ബുക്കിലെത്തുന്നു

ട്രംപിന്‍റെ അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന് ജനുവരിയില്‍ മെറ്റ കമ്പനി പ്രഖ്യാപിച്ചിരുന്നു. 'ജനത്തിന് രാഷ്ട്രീയ നേതാക്കള്‍ പറയുന്നത് കേൾക്കാൻ കഴിയണം - നല്ലതും ചീത്തയും വൃത്തികെട്ടതും. ഇതിലൂടെ അവർക്ക് ബാലറ്റിലൂടെ ഉചിതമായ തിരഞ്ഞെടുപ്പ് നടത്താൻ കഴിയും' - മെറ്റയുടെ ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് നിക്ക് ക്ലെഗ് വ്യക്തമാക്കിയിരുന്നു. അതേസമയം നിരന്തരം വീഴ്ചകള്‍ ആവര്‍ത്തിക്കുന്നവരെ നിയന്ത്രിക്കാനായി പുതിയ നിരീക്ഷണ സംവിധാനങ്ങള്‍ അവതരിപ്പിക്കുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details