ഇസ്‌ലാമാബാദ്:പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ വാഹനവ്യൂഹത്തിലെ ഒരു വാഹനം തലകീഴായി മറിഞ്ഞു. തോഷഖാന കേസില്‍ കോടതിയില്‍ ഹാജരാകാന്‍ പോകുന്ന വഴിയേയാണ് പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി തലവനായ ഇമ്രാന്‍ ഖാന്‍റെ വാഹനവ്യൂഹത്തിലെ ഒരു വാഹനം അപകടത്തില്‍പെടുന്നത്. പാകിസ്‌ഥാനി വാര്‍ത്ത ചാനലായ എആര്‍വൈ ന്യൂസാണ് ഈ വിവരം പുറത്തുവിട്ടത്.
ഇന്ന് പകലോടെയാണ് ഇമ്രാന്‍ ഖാന്‍ ലാഹോറിലുള്ള തന്‍റെ സമാന്‍ പാര്‍ക്ക് റെസിഡന്‍സിയില്‍ നിന്ന് ഇസ്‌ലാമാബാദിലേക്ക് തിരിച്ചത്. ഇസ്‌ലാമാബാദിലെ ജുഡീഷ്യറി കോംപ്ലക്‌സിലേക്ക് ഇമ്രാന്‍ ഖാന്‍ എത്തുന്നതിന്‍റെ ഭാഗമായി ക്രമസമാധാനം നിലനിര്‍ത്താനും അനിഷ്‌ട സംഭവങ്ങള്‍ അരങ്ങേറാതെയും ഇരിക്കാന്‍ പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് അകമ്പടി പോയ വാഹനങ്ങളിലൊന്ന് തലകീഴായി മറിയുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നില്ല.
എത്താതെയായി, പിന്നാലെ അറസ്‌റ്റ് വാറണ്ട്:അതേസമയം ഇന്നലെയാണ് തോഷഖാന കേസിലെ വിചാരണ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കൂടുതല്‍ സുരക്ഷിതമായ ജുഡീഷ്യല്‍ കോംപ്ലക്‌സിലേക്ക് പാകിസ്ഥാന്‍ സര്‍ക്കാര്‍ മാറ്റിയത്. തുടര്‍ച്ചയായ ഹിയറിങ്ങുകളില്‍ ഇമ്രാന്‍ ഖാന്‍ കോടതിയില്‍ ഹാജരാകാതിരിക്കുകയും അഭിഭാഷകന്‍ മുഖേന സുരക്ഷ ഭീഷണിയുണ്ടെന്ന് നിരവധി തവണ കോടതിയെ അറിയിക്കുകയും ചെയ്‌തതോടെ ഇമ്രാനെതിരെ ജാമ്യമില്ല അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അദ്ദേഹം അഡീഷണല്‍ സെഷന്‍ ജഡ്‌ജി ശഫര്‍ ഇഖ്‌ബാലിന് മുന്നില്‍ ഇന്ന് ഹാജരാകാനെത്തിയത്.
കോടതി നിര്‍ദേശപ്രകാരം ഇമ്രാന്‍ ഖാനെ അറസ്‌റ്റ് ചെയ്യാന്‍ ഇസ്‌ലാമാബാദ് പൊലീസ് എത്തിയപ്പോള്‍ ഇവര്‍ക്ക് തടസം നേരിട്ടിരുന്നു. പ്രവര്‍ത്തകരും ജനങ്ങളും പൊലീസിനെ ചെറുത്ത് നിന്നതോടെ ഇസ്‌ലാമാബാദില്‍ നിന്നും പഞ്ചാബില്‍ നിന്നുമുള്ള 60 ലധികം പൊലീസ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ നിരവധി പാകിസ്‌ഥാനി തെഹ്‌രീക് ഇ ഇന്‍സാഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സമയം ലാഹോര്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന ഒമ്പത് കേസുകളില്‍ ഇമ്രാന്‍ ഖാന്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇസ്‌ലാമാബാദില്‍ ഫയല്‍ ചെയ്‌ത അഞ്ച് കേസുകളിലും ലാഹോറില്‍ ഫയല്‍ ചെയ്‌ത മൂന്ന് കേസുകളില്‍ ഉള്‍പ്പടെയാണ് ഇമ്രാന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. എന്നാല്‍ ലാഹോറില്‍ ഫയല്‍ ചെയ്‌ത കേസുകളില്‍ മാര്‍ച്ച് 27 വരെയും ഇസ്‌ലാമാബാദില്‍ ഫയല്‍ ചെയ്‌ത അഞ്ച് കേസുകളില്‍ മാര്‍ച്ച് 24 വരെയുമാണ് ഇമ്രാന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
എന്താണ് കേസ്:എന്നാല്‍ തോഷഖാന അഴിമതി കേസില്‍ പൊലീസ് അറസ്‌റ്റ് ചെയ്യാന്‍ എത്തിയതിന് പിന്നാലെ പ്രവര്‍ത്തകര്‍ക്ക് വീഡിയോ സന്ദേശവുമായി ഇമ്രാന്‍ രംഗത്തെത്തിയിരുന്നു. താന്‍ കൊല്ലപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്‌താലും അവകാശങ്ങള്‍ക്കായി പോരാടുന്നത് തുടരാന്‍ അദ്ദേഹം അനുയായികളോട് അഭ്യര്‍ഥിച്ചിരുന്നു. എന്നെ അറസ്‌റ്റ് ചെയ്യാനാണ് പൊലീസ് ഇവിടെ എത്തിയതെന്നും ഇമ്രാന്‍ ഖാന്‍ ജയിലില്‍ പോയാല്‍ ജനങ്ങള്‍ ഉറങ്ങുമെന്ന് അവര്‍ കരുതുന്നുവെന്നും അദ്ദേഹം സന്ദേശത്തില്‍ അറിയിച്ചു. നിങ്ങള്‍ ആ ധാരണകളെല്ലാം തെറ്റാണെന്ന് തെളിയിക്കണമെന്നും അദ്ദേഹം തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രധാനമന്ത്രിയായിരുന്ന സമയത്ത് കിട്ടിയ ഉപഹാരങ്ങള്‍ നിയമവിരുദ്ധമായി വിറ്റു കാശാക്കിയെന്നതാണ് ഇമ്രാന്‍ ഖാനെതിരായ തോഷഖാന കേസ്. പാകിസ്ഥാനിലെ ഫെഡറല്‍ അന്വേഷണ ഏജന്‍സിയായിരുന്നു ഇമ്രാനെതിരെ കേസെടുത്തിരുന്നത്.