മുംബൈ: ബോളിവുഡ് നടന്‍ ഇഷാൻ ഖട്ടര്‍ നായകവേഷത്തിലെത്തുന്ന "പിപ്പ" ഡിസംബർ 2 ന് തിയേറ്ററുകളിലെത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. വാര്‍ ഡ്രാമ വിഭാഗത്തില്‍പെടുന്ന പിപ്പ അക്ഷയ് കുമാർ നായകനായ 'എയർലിഫ്റ്റ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജ കൃഷ്‌ണ മേനോനാണ് സംവിധാനം ചെയ്യുന്നത്. 45-ാമത് കാവൽറി ടാങ്ക് സ്ക്വാഡ്രണിലെ യുദ്ധ വിദഗ്‌ധനായ ബ്രിഗേഡിയർ ബൽറാം സിങ് മേത്തയുടെ ചരിത്രം പറയുന്ന വീരോചിതമായ ടാങ്ക് യുദ്ധ ചിത്രമാണ് പിപ്പ.
ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചിത്രത്തിന്‍റെ ടീസറും നിർമാതാക്കൾ ഇന്ന് (15.08.2022) പുറത്തിറക്കി. 1971 ലെ ഇന്ത്യ പാക് യുദ്ധ വേളയില്‍ കിഴക്കൻ മുന്നണിയിൽ തന്‍റെ സഹോദരങ്ങളോടൊപ്പം പോരാടിയ ബൽറാം സിങിന്‍റെ ചരിത്രം ബിഗ് സ്ക്രീനിലെത്തിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം ഡിസംബർ 9 ന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് മാറ്റുകയായിരുന്നു.
ബ്രിഗേഡിയർ ബൽറാം സിങ് മേത്ത തന്നെ എഴുതിയ "ദ ബേണിങ് ചാഫീസ്" എന്ന പുസ്‌തകത്തെ അടിസ്ഥാനമാക്കിയാണ് പിപ്പ നിർമിച്ചിരിക്കുന്നത്. 'പിപ്പ' എന്ന പേരില്‍ അറിയപ്പെടുന്ന PT-76 എന്ന റഷ്യൻ യുദ്ധ ടാങ്കിൽ നിന്നാണ് സിനിമയുടെ പേര് എടുത്തിരിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാനാണ്. മൃണാൽ താക്കൂർ, പ്രിയാൻഷു പൈൻയുലി, സോണി റസ്‌ദാൻ എന്നീ അഭിനേതാക്കളും ചിത്രത്തില്‍ വേഷമിട്ടു. പിപ്പയുടെ പ്രചോദനാത്മകമായ കഥ പുറത്തുകൊണ്ടു വരുന്നതിൽ അഭിമാനമുണ്ടെന്ന് ബോളിവുഡ് നായകനായ റോയ് കപൂർ അറിയിച്ചു.
അതേസമയം, ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നില്‍ ചിത്രം അവതരിപ്പിക്കാൻ കാത്തിരിക്കുകയാണെന്ന് നിർമാതാവായ സ്‌ക്രൂവാല പറഞ്ഞു. "രാജ്യത്തിന്‍റെ വിമോചനത്തിലേക്കും രൂപീകരണത്തിലേക്കും നയിച്ച കഥ പറഞ്ഞ് 1971ല്‍ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ അഭയാർഥി കുടിയേറ്റത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് പിപ്പ. അത് പറയേണ്ട ഒരു കഥയാണ്" എന്നും നിര്‍മാതാവ് പ്രസ്‌താവനയില്‍ അറിയിച്ചു.