മുംബൈ:ബോളിവുഡ് താരം തുനിഷ ശർമ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ വഴിത്തിരിവ്. സഹതാരം ഷീസാൻ ഖാനെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്‌തു. ഐപിസി സെക്ഷൻ 306 പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്‌ത ഷീസാനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
അഭിനയിച്ചുകൊണ്ടിരിക്കുന്ന ആലി ബാബ ദസ്‌താൻ ഇ കാബൂൾ എന്ന സീരിയലിന്‍റെ വസായിയിലെ സെറ്റിൽ ഇന്നലെയാണ് താരത്തെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ താരത്തിന്‍റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസിപി ചന്ദ്രകാന്ത് ജാദവ് അറിയിച്ചു.
മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് താരം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. Those who are driven by their Passion don't stop എന്ന കാപ്‌ഷനോടെ താരം തന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയും ചെയ്‌തിരുന്നു. ആലി ബാബ ദസ്‌താൻ ഇ കാബൂൾ എന്ന സീരിയലില്‍ മെഹ്‌സാദി മറിയം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയായിരുന്നു തുനിഷ.