കേരളം

kerala

'അമ്മ' എന്നത് തെറിയല്ല.. യഥാര്‍ഥ ചുരുക്ക പേരാണ്; വീണ്ടും തുറന്നടിച്ച് ഹരീഷ്‌ പേരടി

By

Published : Jun 5, 2022, 7:53 PM IST

Hareesh Peradi against A.M.M.A: താര സംഘടനയായ 'അമ്മ'യെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഹരീഷ്‌ പേരടി. സ്‌ത്രീ വിരുദ്ധ നിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ 'അമ്മ' എന്ന പേരില്‍ അഭിസംബോധന ചെയ്യാനാകില്ലെന്നും നടന്‍ പറയുന്നു.

Hareesh Peradi slams AMMA  അമ്മ ഒരു തെറിയല്ല  തുറന്നടിച്ച് ഹരീഷ്‌ പേരടി  Hareesh Peradi against AMMA  Hareesh Peradi on Vijay Babu case  Hareesh Peradi facebook post
'അമ്മ' എന്നത് തെറിയല്ല.. യഥാര്‍ഥ ചുരുക്ക പേരാണ്; വീണ്ടും തുറന്നടിച്ച് ഹരീഷ്‌ പേരടി

Hareesh Peradi slams A.M.M.A: 'അമ്മ' സംഘടനയില്‍ നിന്നുളള തന്‍റെ രാജിയില്‍ ഉറച്ച് നടന്‍ ഹരീഷ്‌ പേരടി. സ്‌ത്രീ വിരുദ്ധ നിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ 'അമ്മ' എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ തന്‍റെ അമ്മ മലയാളം അനുവദിക്കില്ലെന്ന് രൂക്ഷമായി വിമര്‍ശിച്ചാണ് ഹരീഷ്‌ പേരടി എത്തിയത്‌. ഫേസ്‌ബുക്കിലൂടെയാണ്‌ നടന്‍റെ പ്രതികരണം. നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടന്‍ വിജയ്‌ ബാബുവിനെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് താര സംഘടനയായ അമ്മയില്‍ നിന്നും ഹരീഷ്‌ പേരടി രാജിവച്ചത്‌.

Hareesh Peradi on Vijay Babu case: തന്‍റെ രാജിയില്‍ മാറ്റമുണ്ടോ എന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു തന്നെ വിളിച്ച് ചോദിച്ചുവെന്നും ഹരീഷ്‌ പേരടി പറയുന്നു. എന്നാല്‍ വിജയ്‌ ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന വാര്‍ത്താക്കുറിപ്പ് പിന്‍വലിച്ച്, അയാളെ അമ്മ പുറത്താക്കിയതാണെന്ന തിരുത്തലുകള്‍ക്ക് തയ്യാറുണ്ടോ എന്ന തന്‍റെ ചോദ്യത്തിന് തൃപ്‌തികരമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് രാജിയില്‍ ഉറച്ചു നില്‍ക്കുന്നതെന്നും ഹരീഷ്‌ പേരടി കുറിച്ചു.

Hareesh Peradi facebook post: 'ഇന്നലെ 'അമ്മ'യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു. ഇന്നലെ അവരുടെ എക്‌സിക്യൂട്ടീവ്‌ മീറ്റിംഗിൽ എന്‍റെ രാജി ചർച്ച ചെയ്‌തിരുന്നു എന്നും എന്‍റെ രാജിയിൽ വല്ല മാറ്റവുമുണ്ടോ എന്നറിയാൻ. വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന വാര്‍ത്താകുറിപ്പ് പിൻവലിച്ച് അയാളെ 'അമ്മ' പുറത്താക്കിയതാണെന്ന തിരുത്തലുകൾക്ക് തയ്യാറുണ്ടോ എന്ന് ഞാനും ചോദിച്ചു..

വിജയ്‌ ബാബുവിനെ പുറത്താക്കുന്ന പ്രശ്‌നമേയില്ലെന്നും ഐ.സി കമ്മിറ്റി തങ്ങൾ പറഞ്ഞതു കേൾക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേള ബാബു ഉറക്കെ പ്രഖ്യാപിച്ചു. അതുകൊണ്ടു തന്നെ എന്‍റെ രാജിയിൽ ഉറച്ച് നിൽക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു. പിന്നെ ഇടവേളയുടെ മറ്റൊരു മുന്നറിയിപ്പ്. അമ്മയെ ഞാൻ അമ്മ എന്ന്‌ വിളിക്കാത്തതിന് തിരിച്ചു വന്നാലും അതിന് വിശദീകരണം തരേണ്ടി വരുമത്രേ.

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര പെൻഷൻ വാങ്ങാൻ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാൻ. എന്‍റെ പേര് ഹരീഷ് പേരടി. 'അമ്മ'.. മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്. ഇത്രയും സ്‌ത്രീ വിരുദ്ധ നിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ 'അമ്മ' എന്ന പേരിൽ അഭിസംബോധന ചെയ്യാൻ എന്‍റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂർവമറിയിക്കട്ടെ.

'അമ്മ' ഒരു തെറിയല്ല. അത് ആ അസോസിയേഷന്‍റെ ഒറിജിനൽ ചുരുക്കപേരാണ്. 15ാം തിയതിയിലെ കാര്യക്കാരുടെ ഒത്തുചേരലിൽ (Executive Meeting) എന്‍റെ രാജി എത്രയും പെട്ടെന്ന് നിങ്ങൾ അംഗീകരിക്കുക. ഞാനും നിങ്ങളും രണ്ട് ദിശയിലാണ്. ഞാൻ ഇവിടെ തന്നെയുണ്ടാവും. വീണ്ടും കാണാം',ഹരീഷ്‌ പേരടി കുറിച്ചു.

Also Read: 'അമ്മാ ഡാ'; പിടികിട്ടാപ്പുള്ളി ആയാലും വിജയ്‌ ബാബു അമ്മയില്‍ കാണും ; പരിഹസിച്ച് ഹരീഷ്‌ പേരടി

ABOUT THE AUTHOR

...view details