കൊച്ചി/ഇടുക്കി: സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന് ഇന്ന് ശസ്‌ത്രക്രിയ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ശസ്‌ത്രക്രിയ നടക്കുക. കഴിഞ്ഞ ദിവസം ഇടുക്കിയിലെ മറയൂരിൽ വച്ച് 'വിലായത്ത് ബുദ്ധ' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
കെഎസ്‌ആർടിസി ബസിൽ സംഘട്ടനരംഗത്തിന്‍റെ ചിത്രീകരണം പൂർത്തിയാക്കി ഇറങ്ങുമ്പോൾ തെന്നി വീണായിരുന്നു അപകടം. കാലിൽ പരിക്കേറ്റ പൃഥ്വിരാജിനെ ഉടൻ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്‌ധ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മറയൂരിലെ ആശുപത്രിയിൽ വച്ച് എക്‌സ്-റേയും സ്‌കാനിങ്ങും എടുത്ത് വൈകിട്ടോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലിലെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.
അതേസമയം സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് 'വിലായത്ത് ബുദ്ധ'. ജി.ആർ. ഇന്ദുഗോപന്‍റെ 'വിലായത്ത് ബുദ്ധ' എന്ന നോവലിനെ ആധാരമാക്കിയുള്ള ഈ സിനിമ സംവിധാനം ചെയ്യുന്നത് ജയൻ നമ്പ്യാർ ആണ്. അന്തരിച്ച സംവിധായകൻ സച്ചിയുടെ അവസാന ചിത്രമായ 'അയ്യപ്പനും കോശിയും' സിനിമയുടെ അസോസിയേറ്റ് ഡയറക്‌ടറായിരുന്നു ജയൻ നമ്പ്യാർ. സച്ചി സംവിധാനം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ചിത്രം കൂടിയായിരുന്നു 'വിലായത്ത് ബുദ്ധ'.
ജി. ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. മറയൂരിലെ ചന്ദന കാടുകളുടെ പശ്ചാത്തലത്തിൽ, പകയും പ്രതികാരവും പ്രണയവും പ്രമേയമാക്കി ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ഒരുക്കുന്നത്. ഏറ്റവും മൂല്യമുള്ള ചന്ദന മരത്തിനായി ഗുരുവിനും ശിഷ്യനും ഇടയിൽ ഉടലെടുക്കുന്ന ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്.