കേരളം

kerala

പ്രകോപനത്തിലൂടെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ബിജെപി ശ്രമമെന്ന് മുഖ്യമന്ത്രി

By

Published : Mar 20, 2021, 11:08 AM IST

കമ്മ്യൂണിസ്റ്റുകാര്‍ക്ക് വൈകാരിക അടുപ്പമുള്ള ഇടമാണ് വലിയ ചുടുകാട്. സംയമനം പാലിച്ച പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി.

തൃശൂര്‍ :പ്രകോപനം സൃഷ്ടിച്ച് സമാധാനാന്തരീക്ഷം ഇല്ലാതാക്കാനാണ് ബിജെപി ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ അമ്പലപ്പുഴ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി പുഷ്പാര്‍ച്ചന നടത്തിയ സംഭവത്തിലായിരുന്നു പിണറായിയുടെ പ്രതികരണം. സമാധാനപരമായ തെരഞ്ഞെടുപ്പ് ഇല്ലാതാക്കാനാണ് ബിജെപി ശ്രമം. കമ്മ്യൂണിസ്റ്റുകാര്‍ക്ക് വൈകാരിക അടുപ്പമുള്ള ഇടമാണത്. സംയമനം പാലിച്ച പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുതുരുത്തിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ 45 ലക്ഷം കുടുംബങ്ങളുടെ പരമ ദരിദ്രാവസ്ഥ ഇല്ലാതാക്കും. ഇതിനായി മൈക്രോ പ്ലാന്‍ നടപ്പാക്കും. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞവയെല്ലാം നടപ്പാക്കും. ജനങ്ങളെ കബളിപ്പിക്കുന്ന നയം ഇടതുമുന്നണിക്കില്ലെന്നും പിണറായി പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിന് സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

അതിര്‍ത്തിയില്‍ കര്‍ണാടക ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തും. സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി അടയ്ക്കരുതെന്നാണ് സര്‍ക്കാര്‍ നയം. വേണ്ടിവന്നാല്‍ കര്‍ണാടകയുമായി ഇനിയും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details