കേരളം

kerala

ഇന്ധന വിലവര്‍ദ്ധനവില്‍ കേന്ദ്രനയത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

By

Published : Apr 3, 2022, 12:38 PM IST

ഇന്ധന വിലവര്‍ദ്ധനവില്‍ കേന്ദ്രനയത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി. ദിനം പ്രതിയുള്ള ഇന്ധന വിലവര്‍ദ്ധനവ് സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാക്കുന്നു എന്ന് പിണറായി വിജയൻ.

oil price  ഇന്ധന വിലവര്‍ദ്ധനവ് വിമര്‍ശിച്ച് മുഖ്യമന്ത്രി  കേന്ദ്രനയത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി  CM criticizes central policy on fuel price hike  fuel price hike
ഇന്ധന വിലവര്‍ദ്ധനവില്‍ കേന്ദ്രനയത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ധന വിലവര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദിനം പ്രതിയുള്ള ഇന്ധന വിലവര്‍ദ്ധനവ് കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളില്‍ വമ്പിച്ച വിലക്കയറ്റത്തിന് കാരണമാകുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

കേന്ദ്രസര്‍ക്കാറിന്‍റെ തെറ്റായ നയങ്ങളാണ് വില വര്‍ദ്ധനവിന് കാരണം. വില നിയന്ത്രണം എണ്ണകമ്പനികള്‍ക്ക് നല്‍കുമ്പോള്‍ ഉന്നയിച്ച പ്രധാനപ്പെട്ട വാദം അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ അതിനു ആനുപാതികമായ നേട്ടം ഇവിടെ ലഭ്യമാകും എന്നായിരുന്നു. എന്നാല്‍, അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ എക്സൈസ് നികുതി വര്‍ദ്ധിപ്പിക്കുന്ന നയമാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

കഴിഞ്ഞ 7 വര്‍ഷം കൊണ്ട് സെസ്സ്, അഡീഷണല്‍ സ്പെഷ്യല്‍ ഡ്യൂട്ടി എന്നീ പേരുകളില്‍ പുതിയ നികുതികള്‍ ഇന്ധന മേഖലയില്‍ കൊണ്ടുവന്നിരിക്കുയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരംശം പോലും ലഭിക്കാത്ത നികുതികളാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിസമ്പന്നരുടെ പ്രത്യക്ഷ നികുതി നിരക്ക് കുറയ്ക്കുകയും, സ്വത്തു നികുതി നിര്‍ത്തലാക്കുകയും ചെയ്‌തിട്ട് വരുമാനത്തിനായി സാധാരണക്കാരന്‍റെ ചുമലില്‍ അധികഭാരം കെട്ടി വയ്ക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്.

കോര്‍പ്പറേറ്റ് ടാക്‌സ് ഇനത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം കേന്ദ്രം ഇളവു ചെയ്‌തത് 1.45 ലക്ഷം കോടി രൂപയാണ്. സാധാരണക്കാര്‍ക്ക് ആവശ്യമുള്ള ഭക്ഷ്യസബ്‌സിഡിയും എണ്ണ സബ്‌സിഡിയും നല്‍കുന്നതിന് പണമില്ലെന്ന് പറയുന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് കോര്‍പ്പറേറ്റുകളുടെ നികുതി ഇളവ് ചെയ്യുന്നത്. സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുകയും ഒപ്പം നികുതി ഭാരം കയറ്റിവെയ്ക്കുകയും ചെയ്‌തുകൊണ്ടുള്ള ഇരട്ടഭാരമാണ് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. ഇതാണ് ഇന്ധന വിലവര്‍ദ്ധവിന് പ്രധാന കാരണം.

മാര്‍ച്ച് മാസത്തില്‍ മാത്രം പെട്രോളിന് 7.01 രൂപയും, ഡീസലിന് 5.76 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ആഗോളവല്‍ക്കരണ നയം ആരംഭിക്കുന്നതിനു മുമ്പ് 9.8 രൂപയായിരുന്ന പെട്രോളിന്‍റെ വിലയും, 4.8 രൂപയായിരുന്ന ഡീസലിന്‍റെ വിലയും ഇന്ന് നൂറ് കവിഞ്ഞിരിക്കുകയാണ്. സബ്‌സിഡി സിലണ്ടറിന് ആദ്യ ഘട്ടത്തില്‍ ഏകദേശം 56 രൂപയാണ് ഉണ്ടായിരുന്നത്. ഇന്ന് അത് ആയിരം രൂപയോട് അടുത്തിരിക്കുകയാണ്.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത് 256 രൂപയാണ്. ഇപ്പോള്‍ വാണിജ്യ സിലിണ്ടറിന്‍റെ വില 2250 രൂപയായും മാറിക്കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തുടങ്ങിവച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പിലാക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്‌തുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പ്രസ്‌താവനയിൽ ആരോപിച്ചു.

Also read: പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി; രണ്ടാഴ്‌ചയ്‌ക്കുള്ളിൽ എട്ട്‌ രൂപയുടെ വർധന

ABOUT THE AUTHOR

...view details