തിരുവനന്തപുരം:സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തടയാൻ ഓഡിറ്റ് സംവിധാനത്തിലെ പോരായ്‌മകൾ പരിഹരിച്ച് നിയമം ഭേദഗതി ചെയ്യുമെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ. വകുപ്പുകളിലെ ദുർബലത ഉപയോഗിച്ച് തട്ടിപ്പ് നട്ടത്തുന്നവർ രക്ഷപ്പെടുന്നത് ഒഴിവാക്കും. നിലവിലെ ഓഡിറ്റ് രീതിക്ക് പകരം ഒരു ടീം ഓഡിറ്റ് നടത്തും. ഡെപ്യൂട്ടി ഓഡിറ്റർ ജനറലിനെ ഓഡിറ്റ് ഡയറക്ടറായി നിയമിക്കും. ഇതിനായി ചീഫ് സെക്രട്ടറി കത്തയച്ചതായും മന്ത്രി നിയമസഭയെ അറിയിച്ചു.
സഹകരണ വകുപ്പിൻ്റെ അടുത്ത സാമ്പത്തിക വർഷത്തെ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല. എത്ര ഉന്നതരായാലും നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്നവർ സഹകരണ ബാങ്കിലേക്ക് പണം അയച്ചാൽ അതിന് എൻ.ആർ.ഇ അക്കൗണ്ട് പദവി ലഭിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.