കേരളം

kerala

വാളയാറില്‍ മിന്നല്‍ പരിശോധന; ലോറിക്കാരുടെ വേഷത്തിലെത്തി വിജിലന്‍സ്, 67,000 രൂപ പിടികൂടി

By

Published : Jan 4, 2022, 7:00 PM IST

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്‌തു

വാളയാര്‍ വിജിലന്‍സ് മിന്നല്‍ പരിശോധന  വാളയാര്‍ ചെക്ക്പോസ്റ്റ് റെയ്‌ഡ്  വാളയാര്‍ കൈക്കൂലി പണം  വേഷം മാറി വിജിലന്‍സ്  vigilance raid at walayar checkpost  vigilance seize bribe money in walayar
വാളയാറില്‍ മിന്നല്‍ പരിശോധന; ലോറിക്കാരുടെ വേഷത്തിലെത്തി വിജിലന്‍സ്, 67,000 രൂപ പിടികൂടി

പാലക്കാട്: വാളയാർ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 67,000 രൂപ പിടികൂടി. പാലക്കാട് നിന്നുള്ള വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്. ലോറിക്കാരുടെ വേഷത്തിലാണ് വിജിലൻസ് സംഘം പരിശോധനയ്ക്ക് എത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വിജിലൻസ് ശിപാർശ ചെയ്‌തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ ബിനോയ്, അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർമാരായ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്‌ണകുമാർ എന്നിവർക്കെതിരെയാണ് നടപടിയ്ക്ക് ശിപാർശ ചെയ്‌തിട്ടുള്ളത്.

ചൊവ്വാഴ്‌ച പുലർച്ച രണ്ടു മണിയോടെയാണ് വിജിലന്‍സ് പരിശോധന നടത്തിയത്. തിങ്കൾ രാത്രി എട്ടു മുതൽ പുലർച്ചെ രണ്ട് വരെ മാത്രം 67,000 രൂപ കൈക്കൂലിയായി കൈപറ്റിയെന്ന് വിജിലൻസ് സംഘം വൃക്തമാക്കി. ഇതേസമയം സർക്കാരിന് വരുമാനമായി ലഭിച്ചത് 69,350 രൂപ മാത്രമാണ്.

പണം കൂടാതെ പച്ചക്കറി, പഴങ്ങൾ എന്നിവയും കൈക്കൂലിയായി ഉദ്യോഗസ്ഥർ കൈപ്പറ്റുന്നുണ്ടെന്ന് വിജിലൻസ് സംഘം പറയുന്നു. കൈക്കൂലിയായി ലഭിച്ച പണം വെറ്റിലയിലും മറ്റും പൊതിഞ്ഞുവച്ച നിലയിലായിരുന്നു. കഴിഞ്ഞ വർഷം മാത്രം അഞ്ച് തവണയാണ് വിജിലൻസ് സംഘം മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ പരിശോധന നടത്തിയത്. ലക്ഷങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.

പരിശോധനക്കിടെ കാട്ടിലേക്ക് ഓടി ഉദ്യോഗസ്ഥൻ

ലോറി ഡ്രൈവറുടെ വേഷത്തിലെത്തിയവർ വിജിലൻസ് സംഘമാണെന്ന് മനസിലായതോടെ ചെക്ക്പോസ്റ്റിലെ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടര്‍ അനീഷ്‌ കാട്ടിലേക്ക് ഓടി. വിജിലൻസ് സംഘത്തിന് ആളെ വൃക്തമായെന്ന് മനസിലായതോടെ അരമണിക്കൂറിന് ശേഷം തിരിച്ചെത്തി.

ആശുപത്രിയിൽ പോയതാണെന്നാണ് ഇയാൾ വിജിലൻസിനോട് പറഞ്ഞത്. കടുത്ത വയറുവേദനയായിരുന്നുവെന്നാണ് അനീഷിന്‍റെ മൊഴി. സമീപത്തെ ആശുപത്രിയിൽ പോയതിന്‍റെ രേഖയും കാണിച്ചു. ഇത്‌ വിജിലൻസ് മുഖവിലക്കെടുത്തിട്ടില്ല.

വിജിലൻസ് സംഘത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടര്‍ ബിനോയിയും ശ്രമിച്ചു. എന്നാൽ വിജിലൻസ് സംഘം പിടിച്ചുനിർത്തി. ചെക്ക്പോസ്റ്റിൽ നിന്ന് പിടികൂടുന്ന പണം സമീപത്തായി നിർത്തിയിട്ടുള്ള ഏജന്‍റിന് കൈമാറുന്നുണ്ടെന്ന് വിജിലൻസിന് ബോധ്യപ്പെട്ടു.

കൂടുതൽ പണം ഒളിപ്പിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ അന്വേഷിക്കണമെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. സംഘടിതമായി കൈക്കൂലി വാങ്ങുന്നതിനെതിരെ ശക്തമായ നടപടി വേണമെന്നാണ് വിജിലൻസിന്‍റെ റിപ്പോർട്ട്. വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്‌ടർക്ക് കൈമാറും.

Also read: ബുള്ളി ഭായി ആപ്പിനെ വിമര്‍ശിച്ചതിന് ട്രോള്‍; ഈ 'വിവരംകെട്ട'വരോട്‌ എന്ത്‌ പറയാനാണെന്ന്‌ ജാവേദ്‌ അക്‌തര്‍

ABOUT THE AUTHOR

...view details