കേരളം

kerala

ശശിതരൂരിനെ പിന്തുണച്ച് എം കെ മുനീര്‍

By

Published : Aug 29, 2019, 8:51 AM IST

Updated : Aug 29, 2019, 9:54 AM IST

"ശശിതരൂര്‍ മോദി അനുകൂലിയല്ല, വിമര്‍ശിച്ച് ഫാസിസ്റ്റ് പക്ഷത്തേക്ക് തള്ളിവിടരുത്. തരൂരിനെ വിമര്‍ശിക്കുമ്പോള്‍ നേതാക്കള്‍ പക്വത പാലിക്കണം"

കോൺഗ്രസിലെ പടലപ്പിണക്കം ദൗർഭാഗ്യകരമാണെന്നും ശശി തരൂർ ഒരു മോദിയനുകൂലിയാണെന്ന് താൻ വിശ്വസിക്കുന്നില്ല എന്നും എം കെ മുനീർ

കോൺഗ്രസിലെ പ്രശ്നങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയും ശശി തരൂരിനെ പിന്തുണച്ചും ശാസിച്ചും പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

കോൺഗ്രസിലെ പടലപ്പിണക്കം ദൗർഭാഗ്യകരമാണ്. ഫാസിസത്തിനെതിരെ ജനങ്ങളെ ഒരുമിപ്പിക്കേണ്ട കണ്ണിയാണ് ദുർബലമാകുന്നത്. പ്രളയനാളുകളിൽ മഹാ ഉരുൾ പൊട്ടലുകളിൽ വൻമലകൾ കുത്തിയൊലിച്ചു വരുമ്പോൾ അതിന്‍റെ താഴ്വരയിൽ പുല്ല് പറിക്കാൻ പരസ്പരം കലഹിക്കുന്നവരെയാണ് കോൺഗ്രസ്സ് അനുസ്മരിപ്പിക്കുന്നത്. കശ്മീരിന്‍റെ ഭൂമിയിലേക്ക് കശ്മീരിന്‍റെ പുത്രന്മാരായ രാഹുൽ ഗാന്ധിക്കും,ഗുലാം നബി ആസാദിനും പ്രവേശനം നിഷേധിച്ച ഷാ-മോദി അച്ചുതണ്ടിനെ പ്രതിരോധിക്കാൻ ശ്രമിക്കേണ്ട കണ്ണി ദുർബലമാകുമ്പോൻ ഇന്ത്യയിലെ ദുരിതമനുഭവിക്കുന്ന ജനതക്കത് ഇത് എന്ത് സന്ദേശമാണ് നൽകുന്നത്? എന്ത് പ്രതീക്ഷയാണ് അവർക്കായി നാം ബാക്കി വെയ്ക്കുന്നത് എന്നും മുനീർ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

പരസ്പരമുള്ള പഴിചാരലുകൾ മാറ്റി വെച്ച് കോൺഗ്രസ് സംസ്കാരമുള്ള എല്ലാവരെയും പാർട്ടിക്കകത്ത് തന്നെ നിലനിർത്താനുള്ള ഭഗീരഥ പ്രയത്നമാണ് ഇന്നാവശ്യം. കോൺഗ്രസ് ഇല്ലാത്ത ശശി തരൂരിനെയോ, ശശി തരൂർ ഇല്ലാത്ത കോൺഗ്രസിനെയോ മതേതര കേരളത്തിന് സങ്കല്പിക്കാൻ പോലുമാവില്ല. ശശി തരൂർ ഒരു മോദിയനുകൂലിയാണെന്ന് താൻ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്‍റെ പുസ്തകങ്ങൾ വായിച്ചൊരാൾക്ക് അദ്ദേഹത്തെ ഒരു മോദി ഫാനായി മാറാൻ കഴിയുമെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ല. കേരളത്തിൽ ബിജെപിയെ മുഖാമുഖം നേരിട്ട് തോല്പിച്ച ഏക ലോക്‌സഭാംഗമെന്ന നിലയിൽ അദ്ദേഹത്തിന്‍റെ ഉത്തരവാദിത്വം മറ്റാരെക്കാളും വർധിച്ചതായി ഞാൻ കാണുന്നു. ശശി തരൂർ ഒരിക്കലും ഫാസിസ്റ്റ് പക്ഷത്തേക്ക് തള്ളിവിടപ്പെടേണ്ട ആളല്ല എന്നും മുനീർ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൽ നിന്നുള്ള ഒരു പ്രതിനിധിയെന്ന നിലയിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെക്കുറിച്ച് പ്രതികരിക്കുമ്പോൾ ശശി തരൂർ ശ്രദ്ധിക്കണം. കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി സുദൃഡമായ ആത്മബന്ധം അദ്ദേഹം കാത്ത് സൂക്ഷിക്കണം. എന്നാൽ കേരളത്തിലെ നേതാക്കൾ ശശി തരൂരിന്‍റെ പ്രതിഭാ വിലാസത്തെ മാനിക്കുകയും പ്രിയപ്പെട്ട ജനപ്രതിനിധിയായി അദ്ദേഹത്തെ ഉൾകൊള്ളുകയും ചെയ്യണമെന്നും മുനീർ ആവശ്യപ്പെടുന്നു.

രാജ്യം ഒരു അഗ്‌നി പർവ്വതമായി മാറി കൊണ്ടിരിക്കുന്ന ഈ അഭിശപ്ത മുഹൂർത്തത്തിൽ കോൺഗ്രസാണ് ജനതയുടെ അവസാന പ്രതീക്ഷ. കേരളീയർ എല്ലാവരും ഒന്നിച്ചണിച്ചേർന്ന ഒരു കോൺഗ്രസിനെയാണ് സ്വപ്നം കാണുന്നത്. കോൺഗ്രസിലെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ഇങ്ങനെ ഒരു അഭിപ്രായം പറയാതെ പോയാൽ അത് സ്വയം ചെയ്യുന്ന ഒരു അനീതിയായി മാറും എന്ന് പറഞ്ഞാണ് മുനീർ തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Last Updated : Aug 29, 2019, 9:54 AM IST

ABOUT THE AUTHOR

...view details