വയനാട് : അമ്പലവയലിൽ 68 കാരന് മുഹമ്മദിനെ കൊലപ്പെടുത്തിയത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അല്ലെന്ന് ഭാര്യ സക്കീന. അവര്‍ക്ക് കൊല നടത്താനാകില്ല. പെണ്‍കുട്ടികളുടെ പിതാവായ തന്റെ സഹോദരനാണ് കൊല നടത്തിയത്. പെണ്‍കുട്ടികളുടെ സഹോദരനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും ഇവര്‍ പറയുന്നു.
മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ പെൺകുട്ടികളും അമ്മയും വാടകയ്ക്ക് താമസിക്കുകയാണ്. ഇതിനിടെ മുഹമ്മദ് അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പെണ്‍കുട്ടികൾ പൊലീസിന് നൽകിയ മൊഴി.
അതേസമയം കൊല്ലപ്പെട്ട മുഹമ്മദിന്റെ ഫോൺ പൊലീസ് കണ്ടെടുത്തു. അമ്പലവയൽ ടൗണിൽ മ്യൂസിയത്തിന് സമീപത്ത് ഫോണ്‍ ഉപേക്ഷിച്ചെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തെളിവെടുപ്പിനെത്തിച്ച് മൊബൈല്‍ കണ്ടെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ പ്രതികളായ പെൺകുട്ടികളെ കൽപ്പറ്റ ജുവനൈൽ ജസ്റ്റിസ് ബോർഡിലേക്ക് മാറ്റും.
ALSO READ:വയോധികന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; രണ്ട് പെൺകുട്ടികൾ പൊലീസില്‍ കീഴടങ്ങി
കഴിഞ്ഞ ദിവസമാണ് മുഹമ്മദിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.