കേരളം

kerala

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

By

Published : May 7, 2019, 4:40 AM IST

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പൂരത്തിനായി ഒരുക്കിയിരിക്കുന്നത്. മുൻവർഷത്തേക്കാളേറെ കൂടുതൽ പൊലീസിനെ നിയോഗിച്ചും സിസിടിവി ക്യാമറകൾ സ്ഥാപിച്ചുമാണ് ഇത്തവണ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. തൃശൂര്‍ ജനത പൂരത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. പൂരത്തിന്‍റെ പങ്കാളികളും അവസാനവട്ട ഒരുക്കങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇന്ന് ഉച്ചയോടെ പൂരത്തിന്‍റെ പ്രധാന പങ്കാളിത്തമുള്ള പാറമേക്കാവിലും തിരുവമ്പാടിയിലും കൊടിയേറ്റം നടക്കും. തിരുവമ്പാടിയില്‍ രാവിലെ 11.30 നും 12 നും ഇടയില്‍ തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്‍റെ മുഖ്യകാര്‍മികത്വത്തിലാകും കൊടിയേറ്റ ചടങ്ങുകള്‍ നടക്കുക. പാറമേക്കാവില്‍ 12നും 12.30 നും ഇടക്കാണ് കൊടിയേറ്റം. തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് പൂരത്തിനായി ഒരുക്കിയിരിക്കുന്നത്. കൂടുതൽ പൊലീസിനെ നിയോഗിച്ചും മുൻവർഷത്തേക്കാളേറെ സി സി ടി വി ക്യാമറകൾ സ്ഥാപിച്ചുമാണ് ഇത്തവണ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. പൂരം കാണാനെത്തുന്നവർ ക്യാരി ബാഗുകളുൾ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സാധാരണ ബാഗുകളും വലിയ കവറുകളും 11 മുതൽ 14 വരെ സ്വരാജ് റൗണ്ടിലേക്ക് അനുവദിക്കേണ്ട എന്നാണ് നിലവില്‍ പൊലീസ് മുന്നോട്ട് വെച്ചിരിക്കുന്ന നിർദ്ദേശം. വെടിക്കെട്ട് സുഗമമായി നടത്താനാവശ്യമായ എല്ലാ ഒരുക്കങ്ങളും നടന്ന് വരികയാണ്. കൂടാതെ പൂരദിവസമായ 13ന് രാവിലെ ആറ് മണി മുതൽ 14ന് ഉച്ച തിരിഞ്ഞു രണ്ട്‌ മണിവരെയുള്ള 32 മണിക്കൂർ തൃശൂര്‍ കോർപ്പറേഷൻ പരിധി ലഹരി വിമുക്ത മേഖലയായി ജില്ലാ കളക്ടർ ടി വി അനുപമ ഉത്തരവിറക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details