പട്‌ന (ബിഹാര്‍): ബിബിസി ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ സര്‍വെയില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജ്വസി യാദവ്. ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഇന്ത്യയെ നാഥുറാം ഗോഡ്‌സെമാരുടെ രാജ്യമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും തേജ്വസി യാദവ് ആരോപിച്ചു. തങ്ങള്‍ക്കെതിരെ ശബ്‌ദമുയര്‍ത്തുന്നവരെ കൈകാര്യം ചെയ്യുമെന്ന സന്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കാന്‍ ആഗ്രഹിക്കുന്നത്.
ബിബിസിക്ക് സംഭവിച്ച കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മഹാത്മ ഗാന്ധിയുടെ രാജ്യത്തെ നാഥുറാം ഗോഡ്‌സെയുടെ രാജ്യമാക്കി മാറ്റാനാണ് ബിജെപി ആഗ്രഹിക്കുന്നത്. അവര്‍ ഹിന്ദു രാഷ്‌ട്രത്തെ പറ്റി സംസാരിക്കുന്നു. എന്നാല്‍ നമ്മുടെ വൈവിധ്യമാണ് നമ്മുടെ സൗന്ദര്യം എന്നും ഒരു പരിപാടിയെ അഭിസംബോധന ചെയ്‌തുകൊണ്ട് തേജ്വസി യാദവ് ആരോപിച്ചു.
ട്രാന്‍സ്‌ഫര്‍ പ്രൈസിങ്ങുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിച്ചു, ലാഭം അനധികൃതമായി വകമാറ്റി മുതലായ നിയമലംഘനങ്ങള്‍ ആരോപിച്ചാണ് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനമായ ബിബിസിയുടെ ഇന്ത്യയിലെ ഓഫിസുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തിയത്.
ബിബിസി ഓഫിസിലെ പരിശോധനയില്‍ ബിജെപിയെ വിമര്‍ശിച്ച് ജെഡിയു നേതാവും:60 മണിക്കൂറോളം നീണ്ട ആദായ നികുതി ഉദ്യോഗസ്ഥരുടെ ബിബിസി ഓഫിസിലെ സര്‍വേയ്‌ക്ക് ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍ ആണെന്നും ഇത് അവരുടെ പ്രതികാര നടപടിയാണെന്നും ജെഡിയു നേതാവ് സുനില്‍ സിങ്ങും ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ രാഷ്‌ട്രീയ പകപോക്കലിന്‍റെ ഭാഗമായി ആദായ നികുതി വകുപ്പ്, സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്നുള്ളതിനുള്ള മറ്റൊരു ഉദാഹരണമാണ് ബിബിസി ഓഫിസുകളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. ബിബിസി ഒരു മാധ്യമ സ്ഥാപനമാണ്. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്‍റ നാലാം തൂണാണ്. ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. ഇതിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാറാണെന്നും സുനില്‍ സിങ് ആരോപിച്ചു.