കേരളം

kerala

'ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ പിയുസി പരീക്ഷയ്ക്ക് പ്രവേശിപ്പിക്കില്ല' ; മുന്നറിയിപ്പുമായി കര്‍ണാടക വിദ്യാഭ്യാസമന്ത്രി

By

Published : Mar 4, 2023, 8:51 AM IST

കര്‍ണാടകയില്‍ രണ്ടാം പിയുസി പരീക്ഷ ഹാളില്‍ ഹിജാബ് ധാരികളായ വിദ്യാര്‍ഥികള്‍ക്ക് വിലക്ക്. മാര്‍ച്ച് 9നാണ് പരീക്ഷ ആരംഭിക്കുന്നത്.

PUC exam hall  hijab not allowed in PUC exam hall  പരീക്ഷ ഹാളിലും ഹിജാബിന് വിലക്ക്  വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം  കര്‍ണാടകയില്‍ രണ്ടാം പിയുസി പരീക്ഷ  ഹിജാബ് ധാരികളായ വിദ്യാര്‍ഥികള്‍ക്ക് വിലക്ക്  വിദ്യാര്‍ഥികള്‍ ആശങ്കയില്‍  കര്‍ണാടക  രണ്ടാം പിയുസി പരീക്ഷ  ബെംഗളൂരു വാര്‍ത്തകള്‍  karnataka news updates  latest news in karanataka
പിയുസി പരീക്ഷ ഹാളിലും ഹിജാബിന് വിലക്ക്

ബെംഗളൂരു :കര്‍ണാടകയില്‍ രണ്ടാം പിയുസി പരീക്ഷയ്‌ക്ക് ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബി.സി നാഗേഷ്‌. മാര്‍ച്ച് 9ന് നടക്കാനിരിക്കുന്ന പരീക്ഷയ്‌ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ യൂണിഫോമില്‍ പരീക്ഷ ഹാളില്‍ പ്രവേശിക്കണമെന്നും ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്നും അല്ലാത്ത പക്ഷം പ്രവേശനം വിലക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പരീക്ഷാഹാളുകളില്‍ ഹിജാബ് വിലക്കുന്ന നിയമം നിലവില്‍ വന്നതിന് ശേഷം പരീക്ഷ എഴുതുന്ന മുസ്‌ലിം സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുതിയ സ്‌കൂളുകളുടെ രജിസ്‌ട്രേഷൻ നടപടികൾ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ള വെബ്‌സൈറ്റിന്‍റെ ഉദ്ഘാടന ചടങ്ങിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടക സര്‍ക്കാര്‍ കോളജുകളില്‍ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള മുസ്‌ലിം പെൺകുട്ടിയുടെ ഹർജി പരിഗണിക്കാൻ മൂന്നംഗ ബെഞ്ച് രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷകള്‍ മാര്‍ച്ച് 9ന് ആരംഭിക്കുമെന്നും ഇതിനകം തന്നെ വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്‌ടമായിട്ടുണ്ടെന്നും അടുത്ത ഒരു വര്‍ഷം കൂടി നഷ്‌ടമാകുന്ന സാഹചര്യമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ഉഡുപ്പി പ്രീ യൂണിവേഴ്‌സിറ്റി കോളജില്‍ ആറ് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തില്‍ തുടങ്ങിയ ഹിജാബ് വിവാദത്തിന്‍റെ തിരകള്‍ ഇന്നും സംസ്ഥാനമൊട്ടാകെ അലയടിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിനാണ് കര്‍ണാടകയില്‍ ഹിജാബ് വിവാദം തലപൊക്കിയത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ പ്രീ യൂണിവേഴ്‌സിറ്റി കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും കാമ്പസില്‍ പ്രവേശിക്കുന്നത് അധികൃതര്‍ തടഞ്ഞു. സംഭവത്തിന് എതിരെ ഹിജാബ് ധാരികളായ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.

ഇതോടെ വിഷയം ആളിക്കത്തി. ഹിജാബ് നിരോധനത്തിനെതിരെ ഇത്രയും പ്രതിഷേധങ്ങള്‍ കടുത്തതോടെ സംഘ് പരിവാര്‍ സംഘടനകളും രംഗത്തെത്തി. കാവി ഷാള്‍ ധരിച്ചെത്തി വിദ്യാര്‍ഥികള്‍ ഹിജാബ് നിരോധനത്തെ അനുകൂലിച്ചു. വിവാദത്തിനിടെ കര്‍ണാടകയില്‍ കഴിഞ്ഞ തവണ എസ്‌എസ്എല്‍സി പരീക്ഷ നടത്തിയത് കനത്ത പൊലീസ് സന്നാഹങ്ങളോടെയായിരുന്നു.

പരീക്ഷ ഹാളില്‍ ഹിജാബ് നിരോധിച്ചതോടെ നിരവധി വിദ്യാര്‍ഥികളാണ് ഹാളിന്‍റെ പടിവാതിക്കലെത്തി പരീക്ഷയെഴുതാതെ മടങ്ങിയത്. കൂടാതെ നിര്‍ബന്ധിച്ച് അഴിപ്പിച്ച് പരീക്ഷ ഹാളിലേക്ക് തള്ളിവിടുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കര്‍ണാടകയിലെ ഒന്നാം പിയുസി പരീക്ഷയുടെയും സ്ഥിതി ഇത് തന്നെയായിരുന്നു.

ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ഹാളിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് 40 ഓളം വിദ്യാര്‍ഥികള്‍ അന്ന് പരീക്ഷ ബഹിഷ്‌കരിച്ചു. ഹിജാബ് വിഷയത്തില്‍ ഹൈക്കോടതി ഉത്തരവില്‍ സുപ്രീം കോടതി വിധി വരുന്നതിന് മുമ്പാണ് പരീക്ഷ ഹാളില്‍ വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് നിരോധിച്ചത്.

ഇതിന് പിന്നാലെയാണ് രണ്ടാം പിയുസി പരീക്ഷയിലും ഹിജാബിന് വിലക്കേര്‍പ്പെടുത്തിയതായുള്ള വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം.

ABOUT THE AUTHOR

...view details