കേരളം

kerala

Siddaramaiah | ഏകീകൃത സമ്പ്രദായം ഇന്ത്യക്ക് അനുയോജ്യമല്ല, ദേശീയ വിദ്യാഭ്യാസ നയത്തെ കടന്നാക്രമിച്ച് കർണാടക മുഖ്യമന്ത്രി

By

Published : Jul 7, 2023, 10:59 PM IST

ദേശീയ വിദ്യാഭ്യാസ നയം വൈവിധ്യമാർന്ന മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളുമുള്ള ഇന്ത്യയ്‌ക്ക് അനുയോജ്യമല്ലെന്ന് സിദ്ധരാമയ്യ

Siddaramaiah  National Education Policy  Siddaramaiah criticizes the National Education  karnataka cm  national news  ദേശീയ വിദ്യാഭ്യാസ നയം  സിദ്ധരാമയ്യ  കർണാടക മുഖ്യമന്ത്രി  പുതിയ വിദ്യാഭ്യാസ നയം  കർണാടക ബജറ്റ്
Siddaramaiah

ബെംഗളൂരു :ദേശീയ വിദ്യാഭ്യാസ നയം ഫെഡറൽ സംവിധാനവുമായി പൊരുത്തപ്പെടുന്നതല്ലെന്നും ഭരണഘടനയെയും ജനാധിപത്യത്തെയും തകർക്കുന്ന നിരവധി അപാകതകളുണ്ടെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തിന്‍റെ പ്രാദേശിക, സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് കർണാടക സർക്കാർ പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കുമെന്ന് നിയമസഭയിലെ ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ഭരണഘടനയെയും ജനാധിപത്യത്തെയും തകർക്കുന്ന നിരവധി അപാകതകൾ ഉള്‍ക്കൊള്ളുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം. വൈവിധ്യമാർന്ന മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളുമുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം അനുയോജ്യമല്ല. കര്‍ണാടക സര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന പുതിയ നയം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ നിലവാരം ആഗോള തലത്തിലേക്ക് ഉയർത്തും.

കൂടാതെ ആഗോളതലത്തിൽ മത്സരിക്കാനും അർഥവത്തായ തൊഴിലവസരങ്ങൾ നേടാനും യുവാക്കളെ പ്രാപ്‌തരാക്കുമെന്നും ധനകാര്യ വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ നടപ്പാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം ഫെഡറൽ ഭരണ സംവിധാനത്തിന് നിരക്കാത്തതാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. വ്യാജ മാർക്ക് ലിസ്റ്റുകളും വ്യാജ സർട്ടിഫിക്കറ്റുകളും പെരുകുന്നതിനെക്കുറിച്ചും മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശമുണ്ടായി.

ഈ പ്രശ്‌നം നേരിടാൻ സംസ്ഥാനത്തെ കോളജ് വിദ്യാർഥികൾ 'അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സിൽ' രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കും. നാഷണൽ അക്കാദമിക് ഡിപ്പോസിറ്ററി/ഡിജിലോക്കറിൽ നിന്ന് വിദ്യാര്‍ഥികള്‍ക്ക് മാർക്ക് ലിസ്റ്റുകളും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ആക്‌സസ് ചെയ്യുന്ന സംവിധാനം കൊണ്ടുവരുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ആദ്യ ബജറ്റ് അവതരിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ :കോൺഗ്രസ് കർണാടകയിൽ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ ബജറ്റാണ് ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ചത്. കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ളതായിരുന്നു ബജറ്റ്. പ്രധാനമായും അഞ്ച് വാദ്‌ഗാനങ്ങളാണ് തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് മുന്നോട്ട് വച്ചത്.

also read :Karnataka| ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് മന്ത്രാലയത്തില്‍ ജോലി, നിര്‍ദേശം നല്‍കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

കോൺഗ്രസിന്‍റെ പ്രധാന വാഗ്‌ദാനങ്ങൾ :ഓരോ വീടിനും ഏകദേശം 200 യൂണിറ്റ് സൗജന്യ വൈദ്യുതി ഉറപ്പുനല്‍കുന്ന 'ഗൃഹ ജ്യോതി', കുടുംബനാഥയായ സ്‌ത്രീക്ക് പ്രതിമാസം 2000 രൂപ സഹായമായി ലഭ്യമാക്കുന്ന 'ഗൃഹ ലക്ഷ്‌മി', സംസ്ഥാനത്ത് പൊതുഗതാഗത ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യമായി യാത്ര ഉറപ്പുനല്‍കുന്ന 'ശക്തി', തൊഴില്‍രഹിതരായ ബിരുദധാരികൾക്ക് 3,000 രൂപയും 2022-23ൽ പാസായ തൊഴിൽരഹിതരായ ഡിപ്ലോമക്കാർക്ക് 1,500 രൂപയും 24 മാസത്തേക്ക് നൽകുന്ന 'യുവനിധി', കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അഞ്ച് കിലോ അരിക്ക് പുറമെ അധിക അഞ്ച് കിലോ നല്‍കുന്ന ' അന്നഭാഗ്യ' പദ്ധതി എന്നിവയായിരുന്നു പ്രധാന വാഗ്‌ദാനങ്ങൾ. ഇതിൽ ശക്തി, ഗൃഹ ജ്യോതി, അന്ന ഭാഗ്യ എന്നീ പദ്ധതികൾ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.

ABOUT THE AUTHOR

...view details