ന്യൂഡൽഹി:കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പോളിങ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ശശി തരൂരിന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്‍റായ സൽമാൻ സോസിന്‍റെ പരാതി. സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണം നടത്തുന്നതിൽ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി (സിഇഎ) ഭാരവാഹികളെ വിലക്കിയിരുന്നു. എന്നാൽ ചിലയിടങ്ങളിൽ ഭാരവാഹികൾ പരസ്യമായി മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചു എന്നാണ് പരാതി.
അതേസമയം ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടെന്നും സംസ്ഥാനത്തെ എല്ലാ വോട്ടുകളും അസാധുവായി കണക്കാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ശശി തരൂരിന്‍റെ പ്രചാരണ സംഘം പാർട്ടിയുടെ മുഖ്യ തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് കത്തയച്ചു. പഞ്ചാബിലെയും തെലങ്കാനയിലെയും തെരഞ്ഞെടുപ്പ് നടത്തിപ്പിലും തരൂരിന്‍റെ പ്രചാരണ സംഘം ഗുരുതരമായ പ്രശ്‌നങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിക്കാണ് തരൂരിന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്‍റായ സൽമാൻ സോസ് കത്തയച്ചത്.
ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രക്രിയ "വിശ്വസനീയതയും സത്യസന്ധതയുമില്ലാത്തതാണ്" എന്ന് അദ്ദേഹം കത്തിൽ പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള കോൺഗ്രസ് പ്രസിഡന്‍റിന്‍റെയും കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെയും ഉത്തരവുകളോടുള്ള അവഹേളനമാണ് ഉത്തർപ്രദേശിൽ കണ്ടതെന്ന് സോസ് മിസ്ത്രിയെ അറിയിച്ചു.
ബാലറ്റ് പെട്ടികൾക്ക് അനൗദ്യോഗിക സീലുകളുടെ ഉപയോഗം, പോളിങ് ബൂത്തുകളിലെ അനൗദ്യോഗിക വ്യക്തികളുടെ സാന്നിധ്യം, വോട്ടിങ് അപാകത, പോളിംഗ് സംഗ്രഹ ഷീറ്റ് ഇല്ലാത്തത്, ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാരുടെ സാന്നിധ്യം എന്നിവ തരൂരിന്‍റെ സംഘം ഉത്തർപ്രദേശിൽ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകളിൽ ഉൾപ്പെടുന്നു. വോട്ടെടുപ്പ് ദിവസം ലഖ്‌നൗ ഏരിയയിൽ ഇല്ലാതിരുന്ന പ്രതിനിധികൾ വോട്ട് രേഖപ്പെടുത്തിയെന്നും ആരോപണമുണ്ട്.
രണ്ട് പതിറ്റാണ്ടിലേറെയായി ഒരു ഗാന്ധിയല്ലാത്ത ഒരാൾ ഉന്നത പദവിയിൽ എത്തുന്നതിന് പാർട്ടി സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. 1998 മുതൽ സോണിയ ഗാന്ധി അധ്യക്ഷയായിരുന്നു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് രാഹുൽ ഗാന്ധി ആ സ്ഥാനം കുറച്ചുകാലം വഹിക്കുകയും രാജിവയ്‌ക്കുകയും ചെയ്‌തു. രാജസ്ഥാൻ കോൺഗ്രസിലെ നിലവിലുള്ള രാഷ്ട്രീയ തർക്കം പരിഹരിക്കുക എന്നതാണ് പുതിയ പ്രസിഡന്‍റിന്‍റെ മുന്നിലുള്ള ആദ്യ വെല്ലുവിളി.