കേരളം

kerala

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഞങ്ങളാരും പിന്നോട്ടില്ല; സമരത്തില്‍ നിന്നും പിന്മാറിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സാക്ഷി മാലിക്

By

Published : Jun 5, 2023, 5:09 PM IST

അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ടുള്ള സമരത്തില്‍ നിന്നും താന്‍ പിന്മാറിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സാക്ഷി മാലിക്.

Sakshi Malik  Sakshi Malik on wrestlers protest  wrestlers protest  Amit shah  Brij Bhushan Sharan Singh  സാക്ഷി മാലിക്  അമിത് ഷാ  ഗുസ്‌തി താരങ്ങളുടെ സമരം  അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍  wrestling federation of india  ബജ്‌രംഗ്‌ പുനിയ  bajrang punia
സമരത്തില്‍ നിന്നും പിന്മാറിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സാക്ഷി മാലിക്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഗുസ്‌തി താരങ്ങളുടെ സമരത്തില്‍ നിന്നും ഒളിമ്പിക് മെഡല്‍ ജേതാവ് സാക്ഷി മാലിക് പിന്‍മാറിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. റെയില്‍വേയില്‍ ഉദ്യോഗസ്ഥയായ സാക്ഷി മാലിക് സമരത്തില്‍ നിന്നും പിന്മാറി ജോലിയില്‍ തിരികെ പ്രവേശിച്ചു എന്നായിരുന്നു വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. ഇപ്പോഴിതാ ഈ റിപ്പോര്‍ട്ടുകള്‍ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് സാക്ഷി.

താന്‍ സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് വ്യക്തമാക്കിയ സാക്ഷി മാലിക് തിരികെ ജോലിയില്‍ പ്രവേശിച്ച കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നീതിക്കായുള്ള പോരാട്ടത്തില്‍ നിന്ന് ഞങ്ങളാരും പിന്നോട്ടു പോയിട്ടില്ലെന്ന് വ്യക്തമാക്കിയ താരം ട്വിറ്ററിലൂടെയാണ് രംഗത്ത് എത്തിയത്.

"ഈ വാർത്ത തീർത്തും തെറ്റാണ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഞങ്ങളാരും പിന്നോട്ടില്ല. ഇനി പിന്മാറുകയുമില്ല. സത്യഗ്രഹം തുടരുന്നതിനൊപ്പം റെയില്‍വേയിലെ എന്‍റെ ഉത്തരവാദിത്തംകൂടി ഞാന്‍ നിര്‍വഹിക്കുന്നു. നീതി ലഭിക്കും വരെ ഞങ്ങളുടെ പോരാട്ടം തുടരും. ദയവായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്", സാക്ഷി മാലിക് ട്വിറ്ററില്‍ വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് ഏറെനാളായി താരങ്ങള്‍ സമരത്തിലാണ്. ബിജെപി എംപി കൂടിയായ ബ്രിജ്‌ ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പത്ത് പീഡന പരാതികളാണ് ഡല്‍ഹി പൊലീസില്‍ ലഭിച്ചത്.

രാജ്യതലസ്ഥാനത്ത് സമരം ശക്തമായതിനിടെ കഴിഞ്ഞ ശനിയാഴ്‌ചയാണ് (03.06.2023‍) ആഭ്യന്തര മന്ത്രി അമിത് ഷായുമായി താരങ്ങള്‍ കൂടിക്കാഴ്‌ച നടത്തിയത്. രാത്രി 11 മണിയോടെ അമിത് ഷായുടെ വസതിയിലായിരുന്നു താരങ്ങള്‍ എത്തിയത്. ഒളിമ്പിക് മെഡല്‍ ജേതാക്കളായ ബജ്‌രംഗ്‌ പുനിയ, സാക്ഷി മാലിക്, ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരായിരുന്നു അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയത്.

ഇവരുടെ ചര്‍ച്ചകള്‍ ഏകദേശം ഒന്നരമണിക്കൂറോളം നീണ്ടു നിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് സാക്ഷി മാലിക് സമരത്തില്‍ നിന്നും പിന്മാറിയെന്ന റിപ്പോര്‍ട്ടുകളും എത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്‌ചയില്‍ സാധാരണ സംഭാഷണമാണ് നടന്നതെന്ന് സാക്ഷി മാലിക് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞിരുന്നു.

"ഞങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. അതൊരു സാധാരണ സംഭാഷണമായിരുന്നു, ഞങ്ങൾക്ക് ഒരേയൊരു ആവശ്യമേയുള്ളു, അത് അയാളെ (ബ്രിജ് ഭൂഷൺ സിങ്‌) അറസ്റ്റ് ചെയ്യുക എന്നതാണ്.

പ്രതിഷേധത്തിൽ നിന്ന് ഞാൻ പിന്മാറിയിട്ടില്ല, റെയിൽവേയിൽ ഒഎസ്‌ഡി ആയി ജോലി പുനരാരംഭിച്ചു. ഞങ്ങൾക്ക് നീതി ലഭിക്കും വരെ പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞങ്ങൾ പിന്നോട്ട് പോകില്ല. അവൾ (പ്രായപൂർത്തിയാകാത്ത പെൺകുട്ടി) ഒരു പരാതിയും പിന്‍വലിച്ചിട്ടില്ല. ഇതെല്ലാം വ്യാജമാണ്,” സാക്ഷി മാലിക് വ്യക്തമാക്കി.

ALSO READ: ആവശ്യം ബ്രിജ്‌ഭൂഷണിന്‍റെ അറസ്റ്റ് മാത്രം: ഗുസ്‌തി താരങ്ങള്‍ അമിത്‌ ഷായുമായി കൂടിക്കാഴ്‌ച നടത്തി

ABOUT THE AUTHOR

...view details