മുംബൈ:അന്ധേരിയില്‍ 34കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊന്ന കേസില്‍ മോഹന്‍ ചൗഹാന് (45) വധശിക്ഷ. മുംബൈ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. 2021 സെപ്റ്റംബർ 10 അന്ധേരിക്കടുത്ത് സകിനാക ഏരിയയില്‍ നിര്‍ത്തിയിട്ട വാനിന് അകത്ത് വച്ചായിരുന്നു പ്രതി ഇരയെ ക്രൂര ബലാസംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയത്.
പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്കെതിരെ അത്രിക്രമം തടയല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കോടതി വിധി പ്രസ്താവിച്ചത്. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഇരുമ്പ് കമ്പി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച ശേഷമാണ് പ്രതി കൊലപ്പെടുത്തിയത്.
യുവതിയുടെ ആന്തരിക അവയവങ്ങള്‍ക്ക് കടുത്ത പ്രഹരം ഏല്‍പ്പിച്ചതാണ് മരണത്തിന് കാരണമായെതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു. ഇരയുടെ ശരീരത്തില്‍ മാരകമായ പരിക്കുകളാണ് ഉണ്ടായിരുന്നതെന്നും കോടതിയെ പ്രോസിക്യൂഷന്‍ അറിയിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി നിരീക്ഷിച്ചു.
വധശിക്ഷ സമൂഹത്തിന് നല്‍കുന്ന സന്ദേശം കൂടിയാണ്. മനുഷ്യത്വ രഹിതവും ക്രൂരവുമായ പ്രവൃത്തിയാണ് പ്രതി ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. ഞെട്ടിക്കുന്നതാണ് സംഭവമെന്നും പ്രതിയുടെ മാനസികാവസ്ഥ അങ്ങേയറ്റം നീചമാണെന്നും കോടതി പ്രസ്താവിച്ചു. മുംബൈ പോലൊരു നഗരത്തില്‍ സ്ത്രീക്ക് നേരിട്ട ക്രൂരമായ അനുഭവം ഞെട്ടിക്കുന്നതും പരമാവധി ശിക്ഷ അര്‍ഹിക്കുന്നതും ആണെന്ന് കോടതിയെ പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു.