പൂനെ : മഹാരാഷ്‌ട്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപായപ്പെടുത്തുമെന്ന് ഇ മെയിൽ സന്ദേശം. ദിനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലാണ് പ്രധാനമന്ത്രിയെ അപകടപ്പെടുത്തുമെന്നും രാജ്യവ്യാപകമായി ബോംബ് സ്‌ഫോടനം നടത്തുമെന്നും ഭീഷണിപ്പെടുത്തികൊണ്ടുള്ള ഇമെയിൽ ലഭിച്ചത്. 'മോഖിം' എന്ന പേരിൽ നിന്നാണ് ഇമെയിൽ അയച്ചിട്ടുള്ളത്.
സംഭവത്തിൽ അലങ്കർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്നാണ് അജഞാതന്‍റെ സന്ദേശത്തിലുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾ നിരവധി തീവ്രവാദ സംഘടനകളിൽ നിക്ഷേപകനാണെന്നും രാജ്യത്ത് നിന്ന് ചില മതങ്ങളിൽപ്പെട്ടവരെ മാത്രം ഉന്മൂലനം ചെയ്യാനുള്ള ദൗത്യത്തിലാണ് ഇപ്പോഴെന്നും സന്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്. മോഖിം എന്ന പേരിൽ സന്ദേശമയച്ചയാൾ, രാജ്യത്ത് പലയിടത്തും ബോംബ് സ്‌ഫോടനത്തിലൂടെ നിരവധിപ്പരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ളതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇമെയിൽ ലഭിച്ച ഉടനെ സംഭവം സംബന്ധിച്ച് പൂനെ സിറ്റി പൊലീസ് സേനയുടെ കൺട്രോൾ റൂമിൽ ആശുപത്രി അധികൃതർ വിവരം അറിയിച്ചു. ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തിവരികയാണ്. ഭീഷണി സന്ദേശത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ ശക്തമായ ജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ അലങ്കർ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ദിവസങ്ങൾക്ക് മുൻപ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭീകരാക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി മുംബൈയിലെ മന്ത്രാലയത്തിലേയ്‌ക്ക് സന്ദേശം ലഭിച്ചിരുന്നു. സംഭവത്തിൽ 61 കാരനായ പ്രകാശ് ഖേമാനിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.