ന്യൂഡൽഹി : ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ സമരത്തിൽ കടുത്ത നിലപാടിലേക്ക് ഗുസ്‌തി താരങ്ങൾ. അന്താരാഷ്‌ട്ര മത്സരങ്ങളിലടക്കം രാജ്യത്തെ പ്രതിനിധീകരിച്ച് നേടിയ മെഡലുകൾ ഗംഗ നദിയിൽ ഒഴുക്കുമെന്നാണ് താരങ്ങൾ അറിയിച്ചിരിക്കുന്നത്.
ഇന്ന് വൈകിട്ട് ഹരിദ്വാറിൽ വച്ച് മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നും താരങ്ങൾ വ്യക്‌തമാക്കി. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഇതുവരെ നടപടിയൊന്നും എടുക്കാത്തതിനാൽ തങ്ങളുടെ മെഡലുകൾ ഗംഗ നദിയിൽ ഒഴുക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഹിന്ദിയിൽ എഴുതിയ കത്ത് പങ്കിട്ടുകൊണ്ട് ബജ്‌രംഗ് പുനിയ തന്‍റെ ട്വിറ്റർ ഹാൻഡിലിലൂടെ വ്യക്തമാക്കി.
തങ്ങൾ കഠിനാധ്വാനം ചെയ്‌ത് നേടിയ മെഡലുകൾക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണെന്നും അതിനാലാണ് അതില്‍ ഒഴുക്കാൻ തീരുമാനിച്ചതെന്നും പുനിയ കത്തിൽ പറയുന്നുണ്ട്. കൂടാതെ മെഡലുകൾ ഗംഗയിൽ ഒഴുക്കിയ ശേഷം ഇന്ത്യ ഗേറ്റിൽ മരണം വരെ നിരാഹാര സമരം ചെയ്യുമെന്നും താരങ്ങൾ അറിയിച്ചിട്ടുണ്ട്.
അതേസമയം ഗുസ്‌തി താരങ്ങളുടെ ഹർജി പോക്സോ കോടതിയിലേക്ക് മാറ്റണമെന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി രജിസ്ട്രാർക്കും ഡൽഹി സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ജൂലായ് ആറിന് ഹർജി കോടതി കേസ് വീണ്ടും പരിഗണിക്കും. അതേസമയം ബ്രിജ് ഭൂഷന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് സംയുക്ത കിസാൻ മോർച്ചയും തയ്യാറെടുക്കുന്നുണ്ട്.
പ്രതിഷേധം, അറസ്റ്റ്: ഞായറാഴ്‌ച പുതിയ പാർലമെന്‍റ് ഉദ്‌ഘാടന ദിവസം ജന്തർ മന്തറിൽ നിന്ന് പാർലമെന്‍റിലേക്കുള്ള ഗുസ്‌തി താരങ്ങളുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. ഇതിനിടെ താരങ്ങൾ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചിരുന്നു.
പിന്നാലെ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവർ ഉൾപ്പെടെയുള്ള താരങ്ങളെ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ താരങ്ങളുടെ സമരപ്പന്തലും പൊലീസ് പൊളിച്ച് നീക്കി. പിന്നാലെ സമരം അവസാനിപ്പിക്കില്ലെന്നും രണ്ടാം ഘട്ടം ഉടൻ പ്രഖ്യാപിക്കുമെന്നും സാക്ഷി മാലിക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഈ വര്‍ഷം ജനുവരിയിലാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ഉൾപ്പെടെ ഏഴ് വനിത ഗുസ്‌തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയത്. ജനുവരി 18ന് ആരംഭിച്ച സമരം മൂന്ന് ദിവസമാണ് നീണ്ടുനിന്നത്. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നായിരുന്നു അന്ന് താരങ്ങള്‍ സമരം അവസാനിപ്പിച്ചത്.
എന്നാൽ ലൈംഗിക പീഡന പരാതിയിൽ നടപടി എടുക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ നൽകിയ ഉറപ്പ് പാലിക്കാത്തതിനെത്തുടർന്ന് താരങ്ങൾ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പിന്നാലെ താരങ്ങൾക്ക് പിന്തുണയുമായി കായിക താരങ്ങളും രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
പി ടി ഉഷയുടെ വിവാദ പരാമർശം: ഇതിനിടെ താരങ്ങൾ തെരുവിലിറങ്ങി സമരം ചെയ്യുന്നത് ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കി എന്ന ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പി ടി ഉഷയുടെ പരാമർശവും ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തെരുവിലെ സമരം കായിക മേഖലയ്‌ക്ക് ഗുണം ചെയ്യില്ലെന്നും സമരത്തിന് പോകുന്നതിന് മുൻപ് താരങ്ങൾ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമാണ് പി ടി ഉഷ പറഞ്ഞത്.