കേരളം

kerala

തീവ്രവാദ- മയക്കുമരുന്ന് കള്ളക്കടത്ത് ബന്ധം; ആറ് സംസ്ഥാനങ്ങളിലെ 100 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്

By

Published : May 17, 2023, 2:18 PM IST

ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലാണ് എൻഐഎ റെയ്‌ഡ് നടത്തുന്നത്.

The National Investigation Agency  NIA  NIA Raid  എൻഐഎ  ഉത്തരേന്ത്യയിൽ എൻഐഎ റെയ്‌ഡ്  NIA raids over Hundred sites across six states  NIA raids in six states  വ്യാപക റെയ്‌ഡുമായി എൻഐഎ  തീവ്രവാദം  100 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്  എൻഐഎ റെയ്‌ഡ്
എൻഐഎ റെയ്‌ഡ്

ന്യൂഡല്‍ഹി:ഉത്തരേന്ത്യയിലെ ആറ് സംസ്ഥാനങ്ങളിൽ വ്യാപക റെയ്‌ഡുമായി എൻഐഎ. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലെ നൂറിലധികം സ്ഥലങ്ങളിലാണ് എൻഐഎ റെയ്‌ഡ് നടത്തുന്നത്. തീവ്രവാദ- മയക്കുമരുന്ന്- കള്ളക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ടാണ് എൻഐഎയുടെ റെയ്‌ഡ്. അതത് സംസ്ഥാനങ്ങളിലെ പൊലീസ് സേനയുമായി ചേർന്ന് സംയുക്തമായാണ് പുലർച്ചെ മുതൽ റെയ്‌ഡ് ആരംഭിച്ചത്.

കഴിഞ്ഞ വർഷം എൻഐഎ സമർപ്പിച്ച മൂന്ന് വ്യത്യസ്‌ത കേസുകളുമായി ബന്ധപ്പെട്ടാണ് റെയ്‌ഡുകൾ നടത്തുന്നത്. പഞ്ചാബ് പൊലീസ് ഇന്‍റലിജൻസ് ആസ്ഥാനത്തെ ആർപിജി ആക്രമണത്തിലെ പ്രധാനിയായ ഷൂട്ടർ ദീപക് രംഗ എന്നയാളെ ഈ വർഷം ജനുവരി 25 ന് ഉത്തർ പ്രദേശിലെ ഗോരഖ്‌പൂരിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്‌തിരുന്നു.

ഇയാൾ കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘത്തിന്‍റെ തലവനായ ലഖ്ബീർ സിങ് സന്ധു എന്ന ലാൻഡയുമായും, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഗുണ്ടാസംഘത്തിന്‍റെ നേതാവായ ഹർവിന്ദർ സിങ് സന്ധു എന്ന റിൻഡയുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നും അന്വേഷണ സംഘം കണ്ടെത്തി.

മൊഹാലിയിലെ ആർപിജി ആക്രമണത്തിന് പുറമെ നിരവധി തീവ്രവാദ, കൊലപാതക ക്രിമിനൽ കുറ്റ കൃത്യങ്ങളിൽ ദീപക് ഉൾപ്പെട്ടിട്ടുണ്ടെന്നും റിൻഡയിൽ നിന്നും ലാൻഡയിൽ നിന്നും തീവ്രവാദ ഫണ്ടുകളും ആക്രമണങ്ങൾക്കുള്ള ആയുധങ്ങളും ഇയാൾ കൈപ്പറ്റിയിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

രാജ്യത്തിന്‍റെ വടക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സംഘടിത ക്രിമിനൽ സംഘങ്ങളുടെ നേതാക്കളുമായും അംഗങ്ങളുമായും ചേർന്ന് വിദേശത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾ രാജ്യത്ത് കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്നതായി തെളിഞ്ഞതിനെ തുടർന്ന് എൻഐഎ സ്വമേധയാ കേസും എടുത്തിരുന്നു.

രാജ്യന്തര ശൃംഖലകളിലൂടെ അതിർത്തി കടന്ന് വ്യാപകമായി ആയുധങ്ങൾ, വെടിമരുന്നുകൾ, സ്‌ഫോടക വസ്‌തുക്കൾ, ഐഇഡികൾ തുടങ്ങിയവ എത്തുന്നതായും എൻഐഎ കണ്ടെത്തിയിരുന്നു. പിന്നാലെ സംഘത്തിലെ നേതാക്കൾ ഉൾപ്പെടെ 19 ഓളം പേർ എൻഐഎയുടെ പിടിയിലായിരുന്നു. ഈ കേസുകളുടെ തുടർച്ചയായാണ് ഇപ്പോൾ റെയ്‌ഡ് നടക്കുന്നത്.

കശ്‌മീരിലും റെയ്‌ഡ്: കഴിഞ്ഞ ദിവസം ജമ്മു കശ്‌മീരിലും എൻഐഎ റെയ്‌ഡ് നടത്തിയിരുന്നു. പുൽവാമയിലെയും ഷോപിയാനിലെയും ഏഴിടങ്ങളിലായാണ് പരിശോധന നടത്തിയത്. നിരോധിത സംഘടനയായ ജമ്മു കശ്‌മീര്‍ ജമാ അത്ത് ഇ–ഇസ്‍ലാമിയുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്.

ജമ്മു കശ്‌മീർ പൊലീസ്, സിആർപിഎഫ് എന്നിവരും എൻഐഎ സംഘത്തോടൊപ്പമുണ്ടായിരുന്നു. ജമ്മു കശ്‌മീര്‍ ജമാ അത്ത് ഇസ്‍ലാമിയില്‍ നിന്നുള്ള സാമ്പത്തിക സഹായം താഴ്‌വരയില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്‍ മുജാഹിദീന്‍, ലഷ്‌കറെ തയിബ എന്നീ ഭീകര സംഘടനകൾക്ക് ലഭിക്കുന്നുവെന്നും ഏജന്‍സി കണ്ടെത്തിയിരുന്നു.

അടുത്തിടെ കശ്‌മീരിൽ രണ്ട് വലിയ ഭീകരാക്രമണങ്ങൾ ഉണ്ടാവുകയും പത്തോളം സൈനികർ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് എൻഐഎ റെയ്‌ഡ് വ്യാപകമാക്കിയത്. ഇക്കഴിഞ്ഞ മെയ്‌ നാലിനും ജമ്മു കശ്‌മീരിലെ 16 ഇടങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ നിരവധി രേഖകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും സംഘം പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details