ന്യൂഡല്‍ഹി: ചൈനീസ് കടലില്‍ രണ്ട് കപ്പലുകളില്‍ നാവികര്‍ കുടുങ്ങിയ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) നോട്ടീസയച്ചു. വിദേശകാര്യ മന്ത്രാലയ സെക്രട്ടറിക്കും ഷിപ്പിങ് മന്ത്രാലയത്തിന്‍റെ ഡയറക്‌ടര്‍ ജനറലിനുമാണ് നോട്ടീസയച്ചിരിക്കുന്നത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ചൈനീസ് സമുദ്രാതിര്‍ത്തിയില്‍ ഇന്ത്യന്‍ ചരക്കുകപ്പലുകളായ എംവി ജാഗ് ആനന്ദ്, എംവി അനസ്‌താസിയ എന്നിവ ജിങ്‌താങ് തുറമുഖത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ കുടുങ്ങിക്കിടക്കുകയാണ്. 146 ദിവസമായി കപ്പലില്‍ നാവികരും കുടുങ്ങിയിരിക്കുകയാണ്. മാധ്യമവാര്‍ത്തകള്‍ ശരിയാണെങ്കില്‍ മനുഷ്യാവകാശ ലംഘനമാണിതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പ്രസ്‌താവനയില്‍ പറയുന്നു. നാവികരെ വിട്ടുകിട്ടാനവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിദേശകാര്യ മന്ത്രാലയം ചൈനയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്മീഷന്‍ വ്യക്തമാക്കി. നാവികര്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്നും രണ്ടാഴ്‌ചക്കുള്ളില്‍ നടപടി പ്രതീക്ഷിക്കുന്നുവെന്നും നോട്ടീസില്‍ പറയുന്നു. നാവികരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ കൃത്യതയില്ലാത്ത സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്നെന്ന് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനസിലാക്കുന്നതായി കമ്മീഷന്‍ നിരീക്ഷിച്ചു.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ചൈന അറിയിച്ചിരുന്നു. അതേസമയം റഷ്യ, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്ക് ചരക്കിറക്കാനും രാജ്യത്തുനിന്ന് പുറപ്പെടാനും ചൈന അനുമതി നല്‍കിയിരുന്നു. എന്നാല്‍ രണ്ട് കാര്‍ഗോ കപ്പലിലെയും ക്രൂ അംഗങ്ങളെ ഇതുവരെ മാറ്റാനും കഴിഞ്ഞിട്ടില്ല. കപ്പലില്‍ ആവശ്യമായ ഭക്ഷണമുണ്ടെങ്കിലും വെള്ളം മലിനമായതിനാല്‍ ചര്‍മരോഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കമ്മീഷന്‍ പറയുന്നു. ആവശ്യമായ വൈദ്യ സഹായവും ക്രൂ അംഗങ്ങള്‍ക്ക് ലഭിക്കില്ല. കപ്പലിലെ ആരെങ്കിലും അത്യാസന്ന നിലയിലായാല്‍ മാത്രമേ ഡോക്‌ടര്‍ വരികയുള്ളുവെന്ന് കാര്‍ഗോ കപ്പലുകളുടെ ചാര്‍ട്ടറിങ് ഏജന്‍റ് പറയുന്നു. മാനുഷിക പരിഗണന നല്‍കി വിട്ടയക്കണമെന്ന നാവികരുടെ അഭ്യര്‍ഥനയും മാധ്യമ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്നതായി കമ്മീഷന്‍ വ്യക്തമാക്കി.