കേരളം

kerala

വടക്ക്‌ - കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ തേരോട്ടം, തകർന്നടിഞ്ഞ് കോണ്‍ഗ്രസ്, തരിപ്പണമായി സിപിഎം

By

Published : Mar 2, 2023, 9:47 PM IST

ത്രിപുരയിൽ 32 സീറ്റുകൾ സ്വന്തമാക്കി ബിജെപി ഭരണം പിടിച്ചപ്പോൾ നാഗാലാൻഡിൽ എൻഡിഎ സഖ്യം 37 സീറ്റുകൾ നേടി അധികാരമുറപ്പിച്ചു. മേഘാലയയിൽ എൻപിപി 26 സീറ്റുകൾ സ്വന്തമാക്കി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

ത്രിപുരElection Results  ത്രിപുര തെരഞ്ഞെടുപ്പ്  നാഗാലാൻഡ് തെരഞ്ഞെടുപ്പ്  മേഘാലയ തെരഞ്ഞെടുപ്പ്  ത്രിപുര  നാഗാലാൻഡ്  മേഘാലയ  ബിജെപി  കോണ്‍ഗ്രസ്  സിപിഎം  ത്രിപുരയിൽ ബിജെപി  നാഗാലാൻഡ് പിടിച്ച് എൻഡിഎ  മേഘാലയയിൽ എൻപിപിയുടെ തേരോട്ടം  നാഗാലാൻഡിൽ വനിത എംഎൽഎ  നിയമസഭ തെരഞ്ഞെടുപ്പ്  ബിജെപിയുടെ തേരോട്ടം
ത്രിപുര നാഗാലാൻഡ് മേഘാലയ തെരഞ്ഞെടുപ്പ്

ടക്ക്‌- കിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളില്‍ നടന്ന വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അന്തിമ ഫലങ്ങൾ പുറത്തുവരുമ്പോൾ വലിയ നേട്ടത്തില്‍ ബിജെപി. പരീക്ഷണങ്ങളെ അതിജീവിച്ച് ത്രിപുരയിൽ ഒറ്റയ്‌ക്ക് ഭരണം നേടാനായതും, മേഘാലയയിലും, നാഗാലാൻഡിലും മികച്ച പ്രകടനം നടത്താനായതും കണക്കിലെടുക്കുമ്പോൾ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ബിജെപിക്ക് സ്വന്തമാക്കാനായത്.

ത്രിപുരയിൽ ബിജെപി, തരിപ്പണമായി സിപിഎം : സിപിഎം - കോണ്‍ഗ്രസ് സഖ്യത്തെയും കരുത്തരായ തിപ്ര മോത പാർട്ടിയേയും അട്ടിമറിച്ചുകൊണ്ടാണ് ബിജെപി ത്രിപുരയിൽ തുടര്‍ വിജയം സ്വന്തമാക്കിയത്. 2018ലെ തെരഞ്ഞെടുപ്പിൽ 36 സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ അത് 32 സീറ്റുകളായി കുറഞ്ഞു. എന്നാൽ എതിർ പാർട്ടികളുടെ ശക്തമായ മത്സരത്തെ അതിജീവിച്ച് ഒറ്റയ്‌ക്ക് ഭരണം നേടാനായത് എന്തുകൊണ്ടും ബിജെപിയുടെ ആത്‌മവിശ്വാസം വർധിപ്പിക്കുന്നതാണ്.

ത്രിപുരയിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് സിപിഎമ്മിനാണ്. അഞ്ച് വർഷം മുൻപുവരെ ത്രിപുര അടക്കി വാണിരുന്ന സിപിഎമ്മിന് 2018ലെ തെരഞ്ഞെടുപ്പിൽ ഭരണം നഷ്‌ടമായിരുന്നു. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മുഖ്യ പ്രതിപക്ഷ സ്ഥാനവും നഷ്‌ടമായി. കഴിഞ്ഞ തവണ 16 സീറ്റുകളുണ്ടായിരുന്ന സിപിഎം ഇത്തവണ 11 സീറ്റുകളിലേക്ക് ചുരുങ്ങി. ഇതോടെ 13 സീറ്റുകൾ സ്വന്തമാക്കിയ ത്രിപമോത പാര്‍ട്ടി മുഖ്യപ്രതിപക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഇത്തവണ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചായിരുന്നു സിപിഎം തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. എന്നാൽ ഇതിൽ കാര്യമായ നേട്ടം സ്വന്തമാക്കാൻ അവർക്കായില്ല. അതേസമയം സിപിഎമ്മുമായുള്ള സഖ്യം കോണ്‍ഗ്രസിന് ഗുണമാവുകയും ചെയ്‌തു. 2018ലെ തെരഞ്ഞെടുപ്പിലെ പൂജ്യത്തില്‍ നിന്ന് ഇത്തവണ 2 സീറ്റുകളിലേക്ക് ഉയരാൻ അവർക്കായി. അതേസമയം കഴിഞ്ഞ തവണ എട്ട് സീറ്റുകൾ നേടിയ ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്‌ടി ഇത്തവണ ഒറ്റ സീറ്റിൽ ഒതുങ്ങി.

പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍റെ തിപ്രമോതയുടെ പ്രഭാവമാണ് ത്രിപുരയിൽ സിപിഎമ്മിന് തിരിച്ചടിയായത്. സിപിഎമ്മിന്‍റെ വോട്ട് ചോർച്ചയിൽ പ്രധാന പങ്ക് വഹിച്ചതും തിപ്രമോതയായിരുന്നു. കന്നി മത്സരത്തിൽ തന്നെ 13 സീറ്റുകളിലേക്കാണ് അവർ ജയിച്ചുകയറിയത്. കൂടാതെ ഗോത്ര മേഖലകളിൽ പാർട്ടിയുടെ കരുത്ത് ബിജെപിയെ വൻ വിജയം നേടുന്നതിൽ നിന്ന് തടഞ്ഞു.

മികച്ച വിജയത്തിന് പിന്നാലെ ബിജെപി സർക്കാരിന് പിന്തുണ നൽകുമെന്ന് തിപ്രമോത അറിയിച്ചിട്ടുണ്ട്. സിപിഎമ്മിനോടോ കോണ്‍ഗ്രസിനോടോ സഹകരിക്കില്ലെന്നും അല്ലെങ്കില്‍ സ്വതന്ത്രമായി പ്രതിപക്ഷ സ്ഥാനത്തിരിക്കുമെന്നുമാണ് പ്രദ്യോത് മാണിക്യ ദേബ് ബര്‍മൻ അറിയിച്ചിരിക്കുന്നത്. കൂടാതെ സർക്കാരിന് ആവശ്യമുള്ളപ്പോൾ അവരെ സഹായിക്കുമെന്നും മാണിക്യ ദേബ് ബര്‍മൻ അറിയിച്ചു.

അതേസമയം സിപിഎമ്മിന്‍റെ വോട്ട് ശതമാനത്തിലും കാര്യമായ കുറവ് ഇത്തവണ ഉണ്ടായിട്ടുണ്ട്. ദീർഘകാലം ത്രിപുര ഭരിച്ചതിന് പിന്നാലെ 2018ൽ 16 സീറ്റുകളിലേക്ക് ഒതുങ്ങിയെങ്കിലും സിപിഎമ്മിന് 42 ശതമാനം വോട്ട് നേടാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇത്തവണ 24.6 ശതമാനം വോട്ടുകൾ മാത്രമേ സിപിഎമ്മിന് നേടാൻ കഴിഞ്ഞുള്ളൂ. കോണ്‍ഗ്രസ് 8.6 ശതമാനവും ത്രിപ മോത പാർട്ടി 20 ശതമാനത്തിലധികം വോട്ടുകളും സ്വന്തമാക്കി.

നാഗാലാൻഡ് പിടിച്ച് എൻഡിഎ, വട്ട പൂജ്യമായി കോണ്‍ഗ്രസ് : അതേസമയം കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രകടനം പുറത്തെടുത്ത് ബിജെപി- എൻഡിപിപി സഖ്യം നാഗാലാൻഡ് നിലനിർത്തി. 59 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 12 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ മുഖ്യകക്ഷിയായ എൻഡിപിപി 2018ലെ 17 സീറ്റുകളിൽ നിന്ന് ഇത്തവണ 25 സീറ്റുകളിലേക്കുയർന്നു. അതേസമയം ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത് മുൻ ഭരണകക്ഷിയായ നാഗ പീപ്പിൾസ് ഫ്രണ്ടിനാണ്.

2018ൽ 26 സീറ്റുകളുണ്ടായിരുന്ന എൻപിഎഫിന് ഇത്തവണ 2 സീറ്റുകളിലേക്ക് ചുരുങ്ങേണ്ടി വന്നു. കോർണാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) തങ്ങളുടെ സീറ്റുകളുടെ എണ്ണം രണ്ടിൽ നിന്ന് അഞ്ചായി വർധിപ്പിച്ചപ്പോൾ കോണ്‍ഗ്രസ് വീണ്ടും വട്ട പൂജ്യത്തിലേക്ക് കൂപ്പുകുത്തി. ഒരു കാലത്ത് നാഗാലൻഡിലെ പ്രധാന ശക്‌തിയായിരുന്ന കോണ്‍ഗ്രസിനെ ഇത്തവണയും വോട്ടർമാർ കൈവിടുകയായിരുന്നു.

കൂടാതെ ചരിത്രത്തിലാദ്യമായി നാഗാലാൻഡിൽ വനിത സ്ഥാനാർഥികളും വിജയം സ്വന്തമാക്കി. എൻഡിപിപിക്കുവേണ്ടി ദിമാപുർ മൂന്നിൽ നിന്ന് മത്സരിച്ച ഹെകാനി ജഖാലു, വെസ്‌റ്റേണ്‍ അംഗാമിയിൽ നിന്ന് മത്സരിച്ച സല്‍ഹൗതുവോനുവോ ക്രൂസ് എന്നിവരാണ് മികച്ച വിജയത്തോടെ നാഗാലാൻഡിലെ വനിത എംഎൽഎമാരായത്.

മേഘാലയയിൽ എൻപിപിയുടെ തേരോട്ടം : മേഘാലയയിൽ കൊണ്‍ഗാഡ് സാംഗ്മയുടെ എൻപിപിയാണ് വലിയ നേട്ടം സ്വന്തമാക്കിയത്. 2018ലെ 19 സീറ്റുകളിൽ നിന്ന് ഇത്തവണ 26 സീറ്റുകളായി തങ്ങളുടെ ലീഡ് എൻപിപി ഉയർത്തി. എന്നാൽ എൻപിപിക്ക് സർക്കാർ രൂപീകരിക്കണമെങ്കിൽ ബിജെപിയെ കൂടാതെ മറ്റ് പാർട്ടികളുടേയും പിന്തുണ ആവശ്യമായി വരും. മേഘാലയയിൽ ബിജെപിക്ക് 2 സീറ്റുകളാണ് ലഭിച്ചത്. അതിനാൽ തന്നെ കേവല ഭൂരിപക്ഷമായ 31 സീറ്റുകളിലേക്കെത്താൻ നേരത്തെ സഖ്യമായിരുന്ന യുഡിപിയുടെ അടക്കം പിന്തുണ എൻപിപി തേടിയേക്കും.

11 സീറ്റുകള്‍ നേടിയ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി (യുഡിപി)യാണ് മേഘാലയയിൽ രണ്ടാം സ്ഥാനത്തുള്ളത്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അഞ്ച് വീതം സീറ്റുകള്‍ നേടി. വോയ്‌സ് ഓഫ് പീപ്പിള്‍ പാര്‍ട്ടി നാല് സീറ്റുകളും, പീപ്പിള്‍ ഡെമോക്രാറ്റിക് ഫ്രണ്ട് രണ്ട് സീറ്റുകളും, ഹില്‍ സ്റ്റേറ്റ് പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രണ്ട് സീറ്റുകളും സ്വന്തമാക്കിയപ്പോൾ രണ്ട് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്.

ALSO READ:'സിപിഎമ്മിന്‍റെ തോല്‍വിക്ക് കാരണമായത് തിപ്രമോത, ത്രിപുരയില്‍ ബിജെപി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നു': ഹന്നന്‍ മൊല്ല

2018ലെ തെരഞ്ഞെടുപ്പിൽ 21 സീറ്റുകളുമായി കോണ്‍ഗ്രസായിരുന്നു മേഘാലയയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ തെരഞ്ഞെടുപ്പിന് പിന്നാലെ രൂപം കൊണ്ട മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് സംസ്ഥാനത്ത് ഭരണം പിടിക്കുകയായിരുന്നു. എന്‍.പി.പിയ്ക്കും ബി.ജെ.പിക്കും പുറമേ യുഡിപി, പിഡിഎഫ്, എച്ച്എസ്‌പിഡിപി തുടങ്ങിയവരായിരുന്നു സഖ്യത്തിലെ പ്രധാന കക്ഷികള്‍.

ABOUT THE AUTHOR

...view details