കേരളം

kerala

'സ്ഥാനമാറ്റം ശിക്ഷയല്ല, കേന്ദ്ര പദ്ധതി': ഭൗമശാസ്‌ത്ര മന്ത്രിയായി കിരണ്‍ റിജിജു ചുമതലയേറ്റു

By

Published : May 19, 2023, 2:08 PM IST

നിയമ മന്ത്രാലയത്തിന്‍റെ ചുമതലയില്‍ നിന്ന് നീക്കിയ കിരണ്‍ റിജിജു ഭൗമശാസ്‌ത്ര മന്ത്രിയായി ചുമതയേറ്റു. കിരണ്‍ റിജിജുവിന്‍റെ സ്ഥാനമാറ്റത്തോടെ അർജുൻ റാം മേഘ്‌വാൾ നിയമ - നീതി മന്ത്രാലയത്തിന്‍റെ സഹമന്ത്രിയുടെ സ്വതന്ത്ര ചുമതല ഏല്‍ക്കും

Rijiju taking charge of Earth Sciences Ministry  Rijiju took charge of Earth Sciences Ministry  Kiren Rijiju  Earth Sciences Ministry  കിരണ്‍ റിജിജു  ചുമതലയേറ്റ് കിരണ്‍ റിജിജു  ഭൗമശാസ്‌ത്ര മന്ത്രി  അർജുൻ റാം മേഘ്‌വാൾ
കിരണ്‍ റിജിജു

ന്യൂഡല്‍ഹി: ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്കുള്ള തന്‍റെ മാറ്റം ശിക്ഷയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്‌ചപ്പാടാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു. നിയമമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഇന്ന് ഭൗമശാസ്ത്ര മന്ത്രിയായി ചുമതലയേറ്റതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യാൻ അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

'പ്രതിപക്ഷം തീര്‍ച്ചയായും എന്നെ വിമര്‍ശിക്കും. അവര്‍ എനിക്കെതിരെ സംസാരിക്കുന്നത് ഇത് ആദ്യമായല്ല. ഈ സ്ഥാനമാറ്റം ശിക്ഷയല്ല. ഇതാണ് സര്‍ക്കാരിന്‍റെ പദ്ധതി. ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്‌ചപ്പാട്' -നിയമ മന്ത്രി സ്ഥാനം നഷ്‌ടപ്പെട്ടതില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ കുറിച്ച് കിരണ്‍ റിജിജു പ്രതികരിച്ചു.

അതേസമയം നിയമ മന്ത്രാലയത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ പ്രതികരിക്കാന്‍ കിരണ്‍ റിജിജു തയ്യാറായില്ല. ജഡ്‌ജി നിയമന വിവാദവും കൊളീജിയം സംവിധാനത്തിലെ മാറ്റവുമായി ബന്ധപ്പെട്ട പ്രസ്‌താവനകളും സ്ഥാനമാറ്റത്തെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, മുന്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഇനി പ്രസക്തമല്ലെന്നും അതിനാല്‍ അത്തരം ചോദ്യം ഒഴിവാക്കണമെന്നും റിജിജു മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഭൗമശാസ്‌ത്ര മന്ത്രാലയത്തില്‍ സേവനമനുഷ്‌ഠിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജുഡീഷ്യല്‍ നിയമനങ്ങളിലെ കൊളീജിയം സമ്പ്രദായത്തിനെതിരെ നിരന്തരം ശബ്‌ദം ഉയര്‍ത്തിയിരുന്ന കിരണ്‍ റിജിജുവിന്‍റെ സ്ഥാനമാറ്റത്തില്‍ പ്രതികരിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നിരുന്നു. നിയമത്തിന് പിന്നിലെ ശാസ്‌ത്രം മനസിലാക്കുക അത്ര എളുപ്പമല്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭ എംപിയുമായ കപില്‍ സിപല്‍ പ്രതികരിച്ചു. 'നിയമമല്ല, ഇപ്പോൾ ഭൗമശാസ്ത്ര മന്ത്രി. നിയമങ്ങളുടെ പിന്നിലെ ശാസ്ത്രം മനസിലാക്കുന്നത് എളുപ്പമല്ല. ഇപ്പോൾ (അദ്ദേഹം) ശാസ്ത്ര നിയമങ്ങളുമായി പൊരുതാൻ ശ്രമിക്കും. സുഹൃത്തേ, ആശംസകൾ' -കപില്‍ സിബല്‍ ട്വീറ്റ് ചെയ്‌തു.

'പരാജയപ്പെട്ട നിയമമന്ത്രി, ഭൗമശാസ്‌ത്രത്തില്‍ താങ്കള്‍ക്ക് എന്തുചെയ്യാൻ കഴിയും? അർജുൻ റാം മേഘ്‌വാൾ നിയമ മന്ത്രിയെന്ന നിലയിൽ മാന്യമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു' -എന്നായിരുന്നു കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോർ പ്രതികരിച്ചത്.

ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി) ഡയറക്‌ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര, അഡിഷണൽ സെക്രട്ടറിയും സാമ്പത്തിക ഉപദേഷ്‌ടാവുമായ വിശ്വജിത് സഹായ് എന്നിവർ കിരണ്‍ റിജിജു ഭൗമശാസ്ത്ര മന്ത്രിയായി ചുമതലയേൽക്കുന്ന ചടങ്ങില്‍ സന്നിഹിതരായിരുന്നു. സെക്രട്ടറി എം രവിചന്ദ്രൻ ഉൾപ്പെടെയുള്ള മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ജി-20 റിസർച്ച് ആൻഡ് ഇന്നൊവേഷൻ ഇനിഷ്യേറ്റീവ് ഗാതറിങ് (ആർഐഐജി) സമ്മേളനത്തിനായി ദിയുവിൽ പോയിരുന്നതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാനായില്ല.

രണ്ടാം മോദി മന്ത്രിസഭയില്‍ ന്യൂനപക്ഷകാര്യ സഹമന്ത്രി സ്ഥാനമായിരുന്നു കിരണ്‍ റിജിജുവിന് ആദ്യം നല്‍കിയിരുന്നത്. പിന്നീട് അദ്ദേഹം കായിക - യുവജനകാര്യ വകുപ്പിന്‍റെ സ്വതന്ത്ര ചുമതലയിലേക്ക് നിയമിക്കപ്പെട്ടു. 2021 ജൂലൈ ഏഴിനാണ് റിജിജു നിയമവകുപ്പ് മന്ത്രിയായി നിയമിതനായത്. കിരണ്‍ റിജിജുവിന്‍റെ സ്ഥാനമാറ്റത്തോടെ അർജുൻ റാം മേഘ്‌വാൾ നിയമ - നീതി മന്ത്രാലയത്തിന്‍റെ സഹമന്ത്രിയുടെ സ്വതന്ത്ര ചുമതല ഏല്‍ക്കും. നേരത്തെ പാര്‍ലമെന്‍ററികാര്യ - സാംസ്‌കാരിക സഹമന്ത്രിയായിരുന്ന അര്‍ജുന്‍ റാം മേഘ്‍വാൾ രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപിയാണ്.

ABOUT THE AUTHOR

...view details