കേരളം

kerala

കർണാടക നിയമസഭ തെരഞ്ഞെടുപ്പ്: പ്രചരിക്കുന്ന ബിജെപി സ്ഥാനാർഥി പട്ടിക വ്യാജം, കോണ്‍ഗ്രസിന്‍റെ നുണ പ്രചരണമെന്ന് നേതൃത്വം

By

Published : Apr 5, 2023, 7:50 AM IST

81 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ നാല് പേജ് പട്ടിക സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ചൊവ്വാഴ്‌ച പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ഇത് പുറത്തുവിട്ടതെന്നായിരുന്നു അവകാശവാദം

Karnataka BJP targets Congress  Karnataka assembly election  കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്  BJP candidate list circulating is fake  പ്രചരിക്കുന്ന ബിജെപി സ്ഥാനാർത്ഥി പട്ടിക വ്യാജം  ജെ പി നദ്ദ  സ്ഥാനാർത്ഥി പട്ടിക  ബിജെപി  BJP  Congress  Election 2023  NArendra MOdi  Rahul Gandhi
കർണാടക

ബെംഗളൂരു: കർണാടകയിൽ മെയ് 10ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികള്‍ എന്ന പേരില്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പട്ടിക 'വ്യാജം' എന്ന് ബിജെപി. പട്ടിക ചൊവ്വാഴ്‌ച ബിജെപിയുടെ ഔദ്യോഗിക വക്താക്കൾ തള്ളിക്കളഞ്ഞു. പട്ടിക കോൺഗ്രസിന്‍റെ നുണ ഫാക്‌ടറിയിൽ നിർമിച്ചതാണെന്ന് ബിജെപി ആരോപിച്ചു.

81 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ നാല് പേജ് പട്ടിക സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ചൊവ്വാഴ്‌ച പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ഇത് പുറത്തുവിട്ടതെന്നായിരുന്നു അവകാശവാദം. എന്നാൽ, പട്ടിക വ്യാജമാണെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും കർണാടക സംസ്ഥാന ചുമതലയുള്ള അരുൺ സിങ്ങിന്‍റെ ഔദ്യോഗിക വിശദീകരണം ബിജെപി പ്രസ്‌താവനയായി ഇറക്കി. ഇത്തരം വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സിങ് മുന്നറിയിപ്പ് നൽകി.

സ്ഥാനാർഥി പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും ഏപ്രിൽ എട്ടിന് നടക്കുന്ന പാർലമെന്‍ററി ബോർഡ് യോഗത്തിന് ശേഷം സ്ഥാനാർഥികളുടെ അന്തിമ ലിസ്‌റ്റ് പുറത്തുവരുമെന്നും ബിജെപി അറിയിച്ചു. 'കോൺഗ്രസിന്‍റെ നുണ ഫാക്‌ടറിയിൽ നിന്ന് മറ്റൊരു നുണ. ബിജെപി സ്ഥാനാർഥികളെ തെരഞ്ഞെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ പ്രചരിക്കുന്ന ഈ പട്ടിക വ്യാജമാണ്', ബിജെപി സംസ്ഥാന ഘടകം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലില്‍ വ്യക്തമാക്കി.

ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ചിക്കമംഗളൂരു എംഎൽഎയുമായ സി ടി രവിയും ഈ ലിസ്റ്റ് വ്യാജമാണെന്ന് ട്വിറ്ററിൽ കുറിച്ചു. 'കോൺഗ്രസ് വ്യാജ വാർത്ത ഫാക്‌ടറി സോഷ്യൽ മീഡിയയിൽ ബിജെപി കർണാടക സ്ഥാനാർഥികളുടെ പട്ടിക പ്രചരിപ്പിക്കുന്നു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഞങ്ങൾ സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടില്ലെന്ന് കർണാടക നിവാസികൾക്ക് അറിയാം. പരാജയം ഭയന്ന് കോൺഗ്രസ് ബിജെപിക്കെതിരായ അവരുടെ പതിവ് വിലകുറഞ്ഞ തന്ത്രങ്ങൾ അവലംബിക്കുകയാണ്', സി ടി രവി ട്വീറ്റ് ചെയ്‌തു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന്: അതേസമയം, സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നത് ചർച്ച ചെയ്യാനും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്യാനും ബിജെപിയുടെ കർണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ഇന്നും നാളെയും യോഗം ചേരും. ഇന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റി സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകുകയും അത് കേന്ദ്ര കമ്മിറ്റിക്ക് അയക്കുകയും ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

പാർട്ടിയുടെ പാർലമെന്‍ററി ബോർഡ് യോഗം ഏപ്രിൽ എട്ടിന് ഡൽഹിയിൽ ചേരും. അവിടെ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം കൈക്കൊള്ളും. നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഏപ്രിൽ എട്ടിന് പാർട്ടി കേന്ദ്ര നേതൃത്വം ജനാധിപത്യ രീതിയിൽ സ്ഥാനാർഥി പട്ടികക്ക് അന്തിമരൂപം നൽകാൻ ചർച്ചകൾ നടത്തുകയും സുഗമമായി പൂർത്തിയാക്കുകയും ചെയ്യും.

ബിജെപിയിൽ നിന്ന് അമ്പരപ്പിക്കുന്ന സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തീർച്ചയായും ഉണ്ടാകുമെന്നും ചില നിയോജക മണ്ഡലങ്ങളിൽ പുതിയ പരീക്ഷണങ്ങൾ നടത്താനുള്ള പദ്ധതിയാണ് ബിജെപി ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details