കേരളം

kerala

ബിബിസി ഇന്ത്യന്‍ ഓഫിസുകളിലെ ആദായ നികുതി വകുപ്പ് റെയ്‌ഡ് ഇന്നും തുടരും

By

Published : Feb 16, 2023, 10:17 AM IST

നികുതി വെട്ടിപ്പ് പരിശോധിക്കുന്നതിനായി ബിബിസി (ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ് കോര്‍പറേഷന്‍) ഇന്ത്യയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്‌ഡ് ഇന്നും തുടരും. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ബിബിസി ഓഫിസുകളില്‍ റെയ്‌ഡ് നടക്കുന്നത്

Income tax survey in BBC Indian Offices continues  Income tax survey in BBC Indian Offices  BBC Indian Offices  BBC  BBC Documentary  India the Modi question  ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍  ബിബിസി ഇന്ത്യ  ബിബിസി  ബിബിസി ഇന്ത്യന്‍ ഓഫിസുകളില്‍ റെയ്‌ഡ്  ആദായ നികുതി വകുപ്പ് റെയ്‌ഡ്  ബിബിസി ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് റെയ്‌ഡ്  ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ് കോര്‍പറേഷന്‍  ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി
ബിബിസി ഇന്ത്യന്‍ ഓഫിസുകളില്‍ റെയ്‌ഡ്

ന്യൂഡല്‍ഹി: നികുതി നല്‍കാതെ അനധികൃത ലാഭം വിദേശത്തേക്ക് കടത്തി എന്ന ആരോപണത്തില്‍ ബിബിസി (ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ് കോര്‍പറേഷന്‍) യുടെ ഇന്ത്യന്‍ ഓഫിസുകളില്‍ നടക്കുന്ന റെയ്‌ഡ് ഇന്നും തുടര്‍ന്നേക്കും. ബിബിസി ഇന്ത്യയുടെ 10 വര്‍ഷം മുമ്പ് മുതലുള്ള സാമ്പത്തിക രേഖകളാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവരുന്ന റെയ്‌ഡ് വിവര ശേഖരണം പൂര്‍ത്തിയാകുന്നതു വരെ നീണ്ടേക്കാം എന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

ബിബിസി ഇന്ത്യയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളിലാണ് റെയ്‌ഡ് നടക്കുന്നത്. നികുതി വെട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് ചൊവ്വാഴ്‌ച ഇന്ത്യയിലെ ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിന്‍റെ ഓഫിസുകളില്‍ റെയ്‌ഡ് ആരംഭിച്ചത്. ബിബിസി ഇന്ത്യന്‍ ഓഫിസുകളുടെ അന്താരാഷ്‌ട്ര നികുതിയും കൈമാറ്റ വിലയും സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ സര്‍വേ നടത്തുന്നത് എന്ന് ഉദ്യോഗസ്ഥര്‍ റെയ്‌ഡിന്‍റെ ആദ്യ ദിനം പറഞ്ഞിരുന്നു.

റെയ്‌ഡ് മൂന്നാം ദിവസത്തിലേക്ക്:ചൊവ്വാഴ്‌ച രാവിലെ 11.30 ഓടെ ബിബിസി ഓഫിസുകളില്‍ എത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിന്‍റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് രേഖകള്‍ അടക്കം പരിശോധിക്കുന്നുണ്ട്. റെയ്‌ഡിനെ തുടര്‍ന്ന് ചൊവ്വാഴ്‌ച രാത്രി സ്ഥാപനത്തിലെ ധനകാര്യ വകുപ്പ് ജീവനക്കാരെ പോകാന്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അനുവദിച്ചിരുന്നില്ല. റെയ്‌ഡില്‍ ചില കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ആദായ നികുതി വകുപ്പിന്‍റെ നടപടിയോട് പൂര്‍ണമായി സഹകരിക്കുമെന്ന് ബിബിസി അറിയിച്ചു.

അതേസമയം ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്‍ററി പുറത്തു വന്നതിന് പിന്നാലെ സ്ഥാപനത്തിന്‍റെ ഇന്ത്യന്‍ ഓഫിസുകളില്‍ നടക്കുന്ന ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡ് ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. വിമര്‍ശനം ഉയര്‍ന്നതോടെ ബിബിസി ഓഫിസുകളില്‍ നടക്കുന്നത് റെയ്‌ഡ് അല്ലെന്നും സര്‍വേ ആണെന്നും വ്യക്തമാക്കി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തു വന്നിരുന്നു.

Also Read: ബിബിസി ഓഫിസില്‍ 'നടന്നതെന്ത്'?; പരിശോധനയില്‍ വിവാദം കൊഴുക്കുമ്പോള്‍ 'സര്‍വേ' കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ ആദായ നികുതി വകുപ്പ്

റെയ്‌ഡിന് പിന്നില്‍ വിവാദ ഡോക്യുമെന്‍ററി?:2002 ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടുകളെ കുറിച്ച് പറയുന്ന ഡോക്യുമെന്‍ററി ഇറങ്ങിയതിന് പിന്നാലെ ബിബിസി ഇന്ത്യന്‍ ഓഫിസുകള്‍ക്ക് നേരെ ഉണ്ടായ നടപടിയെ പ്രതിപക്ഷം ചോദ്യം ചെയ്‌തിരുന്നു. സ്ഥാപനത്തിന്‍റെ ബിസിനസ് പരിസരങ്ങളില്‍ മാത്രം സര്‍വേ നടത്തുക എന്നതാണ് ആദായ നികുതി വകുപ്പിന്‍റെ തീരുമാനം. പ്രൊമോട്ടര്‍മാരുടെയും ഡയറക്‌ടര്‍മാരുടെയും വസതികളിലും മറ്റു കേന്ദ്രങ്ങളിലും റെയ്‌ഡ് ഉണ്ടായിരിക്കില്ല.

അതേസമയം ബിബിസി വിവാദ ഡോക്യുമെന്‍ററി ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍റെ പശ്ചാത്തലത്തില്‍ ബിബിസിയെ ഇന്ത്യയില്‍ പൂര്‍ണമായി നിരോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജി തീര്‍ത്തും തെറ്റിദ്ധാരണ പരത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഹര്‍ജി തള്ളുകയാണ് ഉണ്ടായത്. ഡോക്യുമെന്‍ററി നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹര്‍ജികള്‍ ഏപ്രിലില്‍ സുപ്രീം കോടതി പരിഗണിക്കും. വിവാദങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ഇടയില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details