കേരളം

kerala

കൊച്ചുമകന്‍റെ മൃതദേഹത്തോടൊപ്പം വയോധിക കഴിഞ്ഞത് 5 ദിവസം ; പുറത്തെടുത്തത് പൊലീസെത്തി

By

Published : Jun 26, 2023, 10:38 PM IST

ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ കൊച്ചുമകന്‍റെ മൃതദേഹം വയോധിക വീട്ടില്‍ സൂക്ഷിച്ചതായി കണ്ടെത്തി. അഞ്ച് ദിവസം വയോധിക മൃതദേഹത്തിനൊപ്പം കഴിഞ്ഞു

കൊച്ചുമകന്‍റെ മൃതദേഹത്തോടൊപ്പം 5 ദിവസം  ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരുടെ പരാതി  ഒടുക്കം പൊലീസെത്തി  Elderly woman kept grandson s body in home in UP  UP news updates  latest news in UP  ഉത്തര്‍പ്രദേശിലെ ബരാബങ്കി  Elderly woman  ബരാബങ്കി
കൊച്ചുമകന്‍റെ മൃതദേഹം വയോധിക വീട്ടില്‍ സൂക്ഷിച്ചു

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ 65 കാരി കൊച്ചു മകന്‍റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് അഞ്ച് ദിവസം. ബാരാബങ്കി സ്വദേശിയായ വയോധികയാണ് 17 വയസുള്ള കൊച്ചു മകന്‍ പ്രിയാന്‍ഷുവിന്‍റെ മൃതദേഹത്തോടൊപ്പം കഴിഞ്ഞത്. കഴിഞ്ഞ അഞ്ച് ദിവസമായി വൃദ്ധയെ വീടിന് പുറത്ത് കണ്ടിരുന്നില്ല. ഇതിന് പിന്നാലെ വീടിനകത്തുനിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വിവരം ലഭിച്ചതിന് പിന്നാലെ ബാരാബങ്കി പൊലീസ് സ്ഥലത്തെത്തി വയോധികയോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു. ഏറെ സമയം സംസാരിച്ചതിന് പിന്നാലെയാണ് വയോധിക പൊലീസിന് വീടിന്‍റെ വാതില്‍ തുറന്നുകൊടുത്തത്. അകത്തുകയറി പരിശോധന നടത്തിയപ്പോഴാണ് പ്രിയാന്‍ഷുവിന്‍റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ വയോധിക മൃതദേഹം വൃത്തിയാക്കി കൊച്ചുമകന്‍റെ വസ്‌ത്രങ്ങള്‍ മാറ്റുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തന്നെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു. പ്രിയാന്‍ഷുവിന്‍റെ മരണത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം മരണ കാരണം വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു.

സിറ്റി സർക്കിൾ ഓഫിസർ ബിനു സിങ്, കോട്‌വാലി എസ്എച്ച്ഒ സഞ്ജയ് മൗര്യ എന്നിവരാണ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ മരിച്ച പ്രിയാന്‍ഷു മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നത്.

കേരളത്തില്‍ നിന്നൊരു സമാന സംഭവം: ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കാസര്‍കോട് ബദിയടുക്കയില്‍ നിന്ന് സമാനമായൊരു വാര്‍ത്ത പുറത്തുവന്നത്. വര്‍ഷങ്ങളായി കൂടെ താമസിക്കുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം രണ്ട് ദിവസം വീട്ടില്‍ സൂക്ഷിച്ച യുവാവ് അറസ്റ്റിലായി. വയനാട് ജില്ലയിലെ വൈത്തിരി സ്വദേശിയായ എം ആന്‍റോ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. കൊല്ലം കൊട്ടിയം സ്വദേശിയായ നീതു കൃഷ്‌ണയാണ് കൊല്ലപ്പെട്ടത്.

ജനുവരി 27നായിരുന്നു കേസിനാസ്‌പദമായ സംഭവം. നീതുവിന്‍റെ കൈയിലുണ്ടായിരുന്ന സ്വര്‍ണാഭരണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നീതുവിന്‍റെ പക്കലുണ്ടായിരുന്ന ഒരു പവന്‍റെ കൈ ചെയിന്‍ ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൈ ചെയിന്‍ നല്‍കാന്‍ നീതു വിസമ്മതിച്ചതോടെ രോഷാകുലനായ ആന്‍റോ തലയ്‌ക്കടിച്ച് വീഴ്‌ത്തുകയായിരുന്നു. തലയ്ക്ക്‌ അടിയേറ്റ നീതു ബോധരഹിതയായി വീണതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മരിച്ചുവെന്ന് ഉറപ്പാക്കിയതിന് ശേഷം നീതുവിന്‍റെ കൈയിലുണ്ടായിരുന്ന ചെയിന്‍ അഴിച്ചെടുത്ത് ഇയാള്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പണയം വച്ചു. ഈ പണം കൊണ്ട് മദ്യവും സാധനങ്ങളും വാങ്ങി വീട്ടിലെത്തിയ ഇയാള്‍ രണ്ട് ദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞു. ശേഷം വീട്ടില്‍ നിന്ന് സ്ഥലം വിട്ട ഇയാളെ മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കവേ പൊലീസ് പിടികൂടി.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് മുമ്പായി ഇയാള്‍ പഴയ സിം മാറ്റി പുതിയത് എടുത്തിരുന്നു. വീട്ടില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ കോഴിക്കോടും എറണാകുളത്തും മുറിയെടുത്ത് താമസിച്ചതിന് പിന്നാലെയാണ് മുംബൈയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. എറണാകുളത്തുവച്ച് പിടികൂടിയ ഇയാളെ ബദിയടുക്കയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

വീടിന് സമീപമുള്ള കുറ്റിക്കാട്ടില്‍ നീതുവിന്‍റെ വസ്‌ത്രങ്ങള്‍ അടങ്ങിയ ബാഗ് ഇയാള്‍ ഉപേക്ഷിച്ചിരുന്നു. അത് തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തി. കൂടാതെ മരണവെപ്രാളത്തിനിടെ നീതുവിന്‍റെ കൈകൊണ്ട് ആന്‍റോയുടെ കഴുത്തില്‍ മുറിവേറ്റിരുന്നതും പൊലീസിന് നിര്‍ണായക തെളിവായി.

ABOUT THE AUTHOR

...view details