ഭുവനേശ്വർ :ഗുലാബ് ചുഴലിക്കാറ്റ് കരതൊട്ടു. ആന്ധ്രയിലെ കലിംഗപട്ടണത്തിനും ഒഡിഷയിലെ ഗോപാൽപൂരിനുമിടയിലുള്ള പ്രദേശങ്ങളെ ബാധിച്ച ചുഴലിക്കാറ്റ് ഏകദേശം മൂന്ന് മണിക്കൂർ നീളുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിൽ ഗജപതി ഉൾപ്പെടെ ആന്ധ്രയിലെയും ഒഡിഷയിലെയും വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടായതായും റിപ്പോർട്ടുണ്ട്. ഗജപതി ജില്ലയിൽ നിന്ന് ഏകദേശം 1600ഓളം പേരെ രക്ഷാപ്രവർത്തകർ മാറ്റിപ്പാർപ്പിച്ചു.
READ MORE:'ഗുലാബ്' മണിക്കൂറുകള്‍ക്കകം ആന്ധ്ര - ഒഡിഷ തീരം തൊടും; ജാഗ്രത നിര്‍ദേശമിറക്കി കേന്ദ്രം
മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിലാണ് കാറ്റുവീശുന്നത്. ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ദുരന്ത നിവാരണ സേനാംഗങ്ങളെ നേരത്തേ വിന്യസിച്ചിരുന്നു. കൂടാതെ കടൽ പ്രക്ഷുബ്‌ധമായതിനാൽ സെപ്റ്റംബർ 27 വരെ മത്സ്യബന്ധനം പാടില്ലെന്ന് രണ്ട് സംസ്ഥാനങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ സംസ്ഥാനത്തെ 11 ജില്ലകളിൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കില്ലെന്ന് ഒഡിഷ അറിയിച്ചു.
അതേസമയം ചുഴലിക്കാറ്റ് ശക്തമായ സാഹചര്യത്തിൽ ദുരന്തം നേരിടാൻ കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കുമായി ഫോണിൽ സംസാരിച്ച അദ്ദേഹം നിലവിലെ സാഹചര്യം വിലയിരുത്തി. ദുരിതബാധിതർക്കുവേണ്ടി പ്രാർഥിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.