ന്യൂഡല്‍ഹി:പാർട്ടി അധ്യക്ഷ സ്ഥാനത്തേയ്‌ക്കുള്ള തെരഞ്ഞെടുപ്പിന് വിജ്ഞാപനമിറക്കി കോണ്‍ഗ്രസ്. സോണിയ ഗാന്ധിയുടെ പിന്‍ഗാമിയാകാന്‍ മുതിർന്ന നേതാക്കളായ അശോക് ഗെലോട്ടും ശശി തരൂരും ഇത്തവണ മത്സരത്തിനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. സെപ്‌റ്റംബർ 24 മുതൽ 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള നടപടികൾ നടക്കുമെന്ന് കോണ്‍ഗ്രസിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്‌ത്രി പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
നാമനിർദേശ പത്രികകളുടെ പരിശോധന ഒക്‌ടോബർ ഒന്നിന് നടക്കും. നാമനിർദ്ദേശ പത്രിക പിൻവലിക്കേണ്ടത് ഒക്‌ടോബർ എട്ടിനാണ്. സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക ഓഗസ്റ്റ് എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് പ്രസിദ്ധീകരിക്കും.
ആവശ്യമെങ്കിൽ പോളിംഗ് ഒക്‌ടോബർ 17 ന് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്‌ടോബർ 19നാണ് നടക്കുന്നത്. 9,000 പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രതിനിധികൾ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തും.
ചുവടുറപ്പിച്ച് അശോക് ഗെലോട്ട്:നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടവര്‍ക്ക് സെപ്‌റ്റംബർ 20 മുതൽ എഐസിസി ഓഫീസിലെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ കാര്യാലയത്തില്‍ 9,000 പ്രതിനിധികളുടെ പട്ടിക കാണാന്‍ സാധിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ ഉറപ്പ് നല്‍കുന്നു. നോമിനേഷൻ ഫോം ന്യൂഡൽഹിയിലെ അക്ബർ റോഡിലുള്ള എഐസിസി ഓഫീസില്‍ ലഭ്യമാകുമെന്ന് കേന്ദ്ര ഇലക്‌ഷന്‍ അതോറിറ്റിയുടെ ചെയര്‍മാന്‍ മധുസൂദന്‍ മിസ്‌ത്രി അറിയിച്ചു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരരംഗത്ത് സജീവമാകാന്‍ തീരുമാനിച്ചതോടെ തെരഞ്ഞെടുപ്പിന് ചൂടുപിടിച്ചു. സ്ഥാനാർത്ഥിത്വത്തിന്‍റെ നടപടിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ശശി തരൂർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പാനൽ മേധാവിയുമായി കൂടിക്കാഴ്‌ച നടത്തി.
ചരിത്ര നിമിഷം:രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുവാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. രാഹുൽ ഗാന്ധി അധികാരമേറ്റ 2017നും 2019നും ഇടയിലുള്ള രണ്ട് വർഷം മാറ്റിനിര്‍ത്തിയാല്‍ 1998 മുതല്‍ ഏറ്റവുമധിക കാലം അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിക്ക് പകരക്കാരനായി മറ്റൊരാള്‍ സ്ഥാനത്തേയ്‌ക്ക് കടന്നുവരുന്നത് ചരിത്ര നിമിഷമാണ്. നവംബര്‍ 2000ത്തിലാണ് അധ്യക്ഷ സ്ഥാനത്തേയ്‌ക്ക് കോൺഗ്രസ് പാര്‍ട്ടി അവസാനമായി തെരഞ്ഞെടുപ്പ് നടത്തിയത്.
2000ത്തില്‍ സോണിയ ഗാന്ധിയോട് പരാജയപ്പെട്ടത് ജിതേന്ദ്ര പ്രസാദായിരുന്നു. അതിനുമുമ്പായി സീതാറാം കേസരി 1997ൽ ശരദ് പവാറിനെയും രാജേഷ് പൈലറ്റിനെയും പരാജയപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ താന്‍ നിഷ്‌പക്ഷത പുലര്‍ത്തുമെന്നും ഔദ്യോഗിക സ്ഥാനാര്‍ഥി ഇല്ലെന്നും സോണിയ ഗാന്ധി ആവര്‍ത്തിച്ചറിയിച്ചതോടെ 2000ത്തില്‍ നടന്നതിനെക്കാള്‍ മത്സരം കടുക്കുമെന്നാണ് വിലയിരുത്തല്‍.