കേരളം

kerala

'അഷ ഇനി ആശ, ഓബൻ ഇനി പവൻ'; നമീബിയയിൽ നിന്നെത്തിച്ച ചീറ്റകൾക്ക് പുനർനാമകരണം

By

Published : Apr 20, 2023, 4:42 PM IST

നേരത്തെ ചീറ്റകൾക്ക് രാജ്യത്തിന്‍റെ സംസ്‌കാരത്തിന് അനുയോജ്യമായ പേരുകൾ നിർദേശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ നിർദേശം നൽകിയിരുന്നു. ഇങ്ങനെ ലഭിച്ചതിൽ നിന്ന് തെരഞ്ഞെടുത്ത പേരുകളാണ് ചീറ്റകൾക്ക് നൽകിയിട്ടുള്ളത്.

ചീറ്റ  ചീറ്റകളുടെ പേരുകൾ പുനർനാമകരണം ചെയ്‌തു  ഇന്ത്യയിലെത്തിയ ചീറ്റകൾക്ക് പുതിയ പേര്  Cheetahs in Kuno National Park renamed  Cheetah  കുനോ ദേശീയോദ്യാനം  മോദി  മൻ കി ബാത്ത്  പ്രൊജക്‌റ്റ് ചീറ്റ
നമീബിയയിൽ നിന്നെത്തിച്ച ചീറ്റകൾക്ക് പുനർനാമകരണം

ന്യൂഡൽഹി: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ തുറന്നുവിട്ട നമീബിയൻ ചീറ്റകളുടെ പേരുകൾ പുനർനാമകരണം ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തെ തുടർന്നാണ് ചീറ്റകളുടെ പേരുകൾ പുനർനാമകരണം ചെയ്‌തത്. 2022 സെപ്‌റ്റംബർ 25ന് പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ ചീറ്റകളുടെ പുനർനാമകരണത്തിനായുള്ള നിർദേശങ്ങൾ നൽകാൻ ജനങ്ങളോട് മോദി ആവശ്യപ്പെട്ടിരുന്നു.

മോദിയുടെ ആവശ്യത്തിന് പിന്നാലെ ചീറ്റകൾക്ക് പേരുകൾ കണ്ടെത്തുന്നതിനായി 2022 സെപ്റ്റംബർ 26 മുതൽ ഒക്‌ടോബർ 31 വരെ ഇന്ത്യ ഗവൺമെന്‍റ് mygov.in എന്ന പ്ലാറ്റ്‌ഫോമിലൂടെ ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. ചീറ്റകൾക്ക് പുതിയ പേരുകൾ നിർദേശിച്ച് കൊണ്ട് 11,565 എൻട്രികളാണ് ലഭിച്ചതെന്ന് ഔദ്യോഗിക പ്രസ്‌താവനയിൽ കേന്ദ്രം വ്യക്‌തമാക്കിയിരുന്നു. ഇതിൽ നിന്ന് തെരഞ്ഞെടുത്ത പേരുകളാണ് ചീറ്റകൾക്ക് നൽകിയിട്ടുള്ളത്.

ഈ എൻട്രികൾ ഒരു സെലക്ഷൻ കമ്മിറ്റി പരിശോധിക്കുകയും പേരുകളുടെ പ്രാധാന്യവും പ്രസക്തിയും അടിസ്ഥാനമാക്കി നമീബിയൻ, ദക്ഷിണാഫ്രിക്കൻ ചീറ്റകളുടെ പേരുകൾ പുനർനാമകരണം ചെയ്യുകയുമായിരുന്നു. നമീബിയയിൽ നിന്നെത്തിച്ച അഷ എന്ന പെണ്‍ ചീറ്റയ്‌ക്ക് ആശ എന്നും ഓബൻ എന്ന ആണ്‍ ചീറ്റയ്‌ക്ക് പവൻ എന്നുമാണ് പേര് നൽകിയിട്ടുള്ളത്. ഫിൻഡ എന്ന ചിറ്റക്ക് ദീക്ഷ എന്നും മപേസു എന്ന ചീറ്റക്ക് നിർവ എന്നും പുനർനാമകരണം ചെയ്‌തിട്ടുണ്ട്. മറ്റ് ചീറ്റകളുടെ പേരുകളും മാറ്റിയിട്ടുണ്ട്.

ചീറ്റകളില്ലാത്ത ഏഴ് പതിറ്റാണ്ട്: നമീബിയൻ, ദക്ഷിണാഫ്രിക്കൻ ചീറ്റകൾക്ക് പുതിയ പേരുകൾ നിർദേശിച്ച മത്സരത്തിലെ വിജയികളെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അഭിനന്ദിച്ചു. 1947ൽ ഛത്തീസ്‌ഗഡിലെ കോറിയ ജില്ലയിലാണ് ഇന്ത്യയിലെ അവസാനത്തെ ചീറ്റകൾ കൊല്ലപ്പെടുന്നത്. സാൽ വനങ്ങളിലുണ്ടായിരുന്ന അവസാനത്തെ മൂന്ന് ചീറ്റകളെയും വേട്ടക്കാർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് 1952ൽ രാജ്യത്ത് ചീറ്റകൾ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ 70 വർഷത്തോളമായി ഇന്ത്യയിൽ ചീറ്റകൾ ഇല്ലായിരുന്നു. പിന്നീട് 2009 ല്‍ യുപിഎ സര്‍ക്കാരില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശാണ് ചീറ്റകളെ തിരികെയെത്തിക്കുക എന്ന ആശയത്തില്‍ 'പ്രൊജക്‌റ്റ് ചീറ്റ' അവതരിപ്പിക്കുന്നത്.

തുടർന്ന് വർഷങ്ങളായി തുടർന്നുവരികയായിരുന്ന ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെ 2022 ജൂലൈ 20 ന് നമീബിയയുമായി ചീറ്റകളെ കൈമാറുന്നതിനുള്ള ധാരണ പത്രത്തിൽ ഇന്ത്യ ഒപ്പിട്ടു. പിന്നാലെ 2022 സെപ്റ്റംബർ 17-ന് എട്ട് ചീറ്റകളെ നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുകയായിരുന്നു. ചീറ്റയെ അവതരിപ്പിക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ അനുസരിച്ച് അടുത്ത അഞ്ച് വർഷത്തേക്കെങ്കിലും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് പ്രതിവർഷം 10-12 ചീറ്റകളെ ഇന്ത്യയിലേക്കെത്തിക്കേണ്ടതുണ്ട്.

ഈ പശ്ചാത്തലത്തിൽ 2023 ജനുവരിയിൽ ദക്ഷിണാഫ്രിക്കയുമായും ചീറ്റകളെ കൈമാറുന്നതിനുള്ള കരാർ ഇന്ത്യ ഒപ്പുവച്ചു. ധാരണാപത്രത്തിലെ വ്യവസ്ഥകൾ പ്രകാരം, 12 ചീറ്റകളുടെ (7 ആണും 5 പെണ്ണും) ആദ്യ ബാച്ചിനെ ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. നിലവിൽ ഇതുവരെ 20 ചീറ്റകളാണ് ഇന്ത്യയിലേക്ക് എത്തിയിട്ടുള്ളത്.

മരണവും ജനനവും: ഇതിൽ നമീബിയയിൽ നിന്ന് കുനോ ദേശീയോദ്യാനത്തിൽ എത്തിച്ച അഞ്ചര വയസുള്ള സാഷ എന്ന പെണ്‍ ചീറ്റ മാർച്ച് 27ന് ചത്തിരുന്നു. വൃക്ക രോഗത്തെത്തുടർന്നായിരുന്നു സാഷ ചത്തത്. മൂന്ന് മാസത്തോളമായി സാഷ അസുഖ ബാധിതയായിരുന്നു. ഇതിനിടെ നമീബിയയിൽ നിന്ന് എത്തിച്ച ചീറ്റകളിലൊന്ന് നാല് കുഞ്ഞുങ്ങൾക്കും ജന്മം നൽകിയിരുന്നു.

ABOUT THE AUTHOR

...view details