കേരളം

kerala

ഗുജറാത്ത് സര്‍ക്കാരിന്‍റെ ഔദ്യോഗിക പരിപാടിയില്‍ ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസ് പ്രതി; വേദി പങ്കിട്ട് എംപിയും എംഎല്‍എയും

By

Published : Mar 27, 2023, 9:04 AM IST

ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസ് പ്രതികളില്‍ ഒരാളായ ശൈലേഷ് ചിമന്‍ലാല്‍ ഭട്ട് ആണ് ഗുജറാത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ എംപിക്കും എംഎല്‍എയ്‌ക്കും ഒപ്പം വേദി പങ്കിട്ടത്

Bilkis Bano rapist at Gujarat government event  Bilkis Bano rapist seen on stage with BJP MP  Bilkis Bano  Bilkis Bano case  ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസ് പ്രതി  ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസ്  ബില്‍ക്കിസ് ബാനു  ശൈലേഷ് ചിമന്‍ലാല്‍ ഭട്ട്  സുപ്രീം കോടതി
ശൈലേഷ് ചിമന്‍ലാല്‍ ഭട്ട്

ന്യൂഡല്‍ഹി:ബിജെപി എംപിക്കും എംഎല്‍എയ്‌ക്കും ഒപ്പം വേദി പങ്കിട്ട് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസ് പ്രതി ശൈലേഷ്‌ ചിമന്‍ലാല്‍ ഭട്ട്. ഗുജറാത്ത് സര്‍ക്കാരിന്‍റെ ഔദ്യോഗിക പരിപാടിയിലാണ് ശൈലേഷ് ചിമന്‍ലാല്‍ ഭട്ടിന്‍റെ സാന്നിധ്യം. ഇയാളെ വിട്ടയച്ച കോടതി നടപടി ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കാന്‍ ഇരിക്കവെയാണ് ബിജെപി നേതാക്കള്‍ക്കൊപ്പം ഇയാള്‍ പരിപാടിയില്‍ പങ്കെടുത്തത്.

ഗുജറാത്ത് സര്‍ക്കാരിന്‍റെ വാട്ടർ സപ്ലൈ സ്‌കീമിന് കീഴിലുള്ള പൈപ്പ് ലൈനിന്‍റെ തറക്കല്ലിടൽ ചടങ്ങിലാണ് മുൻ കേന്ദ്രമന്ത്രിയും ദഹോദ് എംപിയുമായ ജസ്വന്ത്‌സിൻഹ് ഭാഭോറിനും അദ്ദേഹത്തിന്‍റെ സഹോദരനും ലിംഖേഡ എംഎൽഎയുമായ സൈലേഷ് ഭാഭോറിനുമൊപ്പം ശൈലേഷ് ചിമന്‍ലാല്‍ ഭട്ട് വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ശനിയാഴ്‌ചയായിരുന്നു പരിപാടി. ബിജെപി നേതാക്കള്‍ക്കൊപ്പം ശൈലേഷ്‌ ചിമന്‍ലാല്‍ ഭട്ട് ഫോട്ടോയക്ക് പോസ് ചെയ്യുകയും പൂജയില്‍ പങ്കെടക്കുകയും ചെയ്‌തു. ഇരു നേതാക്കളും ചടങ്ങുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതോടെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഇരുവരും വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായില്ല.

ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസില്‍ 2008ല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളില്‍ ഒരാളാണ് ശൈലേഷ്‌ ചിമന്‍ലാല്‍ ഭട്ട്. കഴിഞ്ഞവര്‍ഷം ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പുള്ള സ്വാതന്ത്യ ദിനത്തില്‍ മുഴുവന്‍ പ്രതികളെയും ഗോധ്ര ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ രൂപീകരിച്ച സമിതി പ്രതികളുടെ വിടുതല്‍ അപേക്ഷ സ്വീകരിച്ചതിന് പിന്നാലെയായിരുന്നു മോചനം. ഗുജറാത്തിലെ റെമ്മിഷന്‍ നിയമങ്ങള്‍ പരിഗണിച്ചാണ് പ്രതികളെ മോചിതരാക്കിയത്. പ്രതികളുടെ മോചനത്തിനെതിരെ ബില്‍ക്കിസ് ബാനു സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് രണ്‍ധിക്‌പൂര്‍ സ്വദേശി ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായത്. ഗോധ്ര ട്രെയിന്‍ കത്തിച്ചതിന് ശേഷം ഉണ്ടായ അക്രമങ്ങള്‍ക്കിടെ ആയിരുന്നു ബലാത്സംഗം. സംഭവസമയത്ത് 21 വയസുകാരിയായിരുന്ന ബില്‍ക്കിസ് ബാനു അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. ബില്‍ക്കിസ് ബാനുവിന്‍റെ കുടുംബത്തിലെ 14 പേരെ അക്രമികള്‍ കൊലപ്പെടുത്തി. ഇവരുടെ മൂന്ന് വയസുകാരിയായിരുന്ന മകളെ കല്ലെറിഞ്ഞാണ് അക്രമികള്‍ കൊലപ്പെടുത്തിയത്.

ബില്‍ക്കിസ് ബാനുവിനൊപ്പം കുടുംബത്തിലെ മറ്റ് സ്‌ത്രീകളും ബലാത്സംഗത്തിന് ഇരയായി. നീതിക്കായി ബില്‍ക്കിസ് ബാനു രംഗത്ത് വന്നതോടെ നിരവധി പ്രശ്‌നങ്ങള്‍ വീണ്ടും അവര്‍ക്ക് നേരിടേണ്ടിവന്നു. പൊലീസില്‍ നിന്ന് പോലും ഭീഷണി ഉണ്ടായി. പൊലീസ് തെളിവുകള്‍ നശിപ്പിച്ചു. ഇവരുടെ കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്താനും അനുവദിച്ചില്ല. ഒടുവില്‍ ബില്‍ക്കിസ് ബാനു മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു.

17 വര്‍ഷം നീണ്ട നിയമ പോരാട്ടം. 2008ല്‍ ബില്‍ക്കിസ് ബാനുവിന് അനുകൂലമായി കോടതിയുടെ വിധി വന്നു. കേസിലെ 11 പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാല്‍ 15 വര്‍ഷം പിന്നിട്ടപ്പോള്‍ പ്രതികളില്‍ ഒരാള്‍ മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പിന്നാലെ വിഷയത്തില്‍ അന്വേഷണം നടത്താനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും ഗുജറാത്ത് സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. സമിതി പ്രതികളെ ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാരിനെ അറിയിച്ചു. പിന്നാലെ പ്രതികള്‍ ജയില്‍ മോചിതരാകുകയായിരുന്നു.

കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തി കേടതി ശിക്ഷിച്ച പ്രതികളില്‍ ഒരാളാണ് ഗുജറാത്ത് സര്‍ക്കാരിന്‍റെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത്. രൂക്ഷമായ വിമര്‍ശനങ്ങളാണ് ഗുജറാത്ത് സര്‍ക്കാരിനും എംപിക്കും എംഎല്‍എയ്‌ക്കും എതിരെ ഉയരുന്നത്.

ABOUT THE AUTHOR

...view details