ന്യൂഡൽഹി: ഉത്തർപ്രദേശിലെ ക്രിമിനൽ കേസുകളുടെ വർധനവ് സംബന്ധിച്ച് രണ്ടാഴ്ചക്കുള്ളിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തർപ്രദേശ് സർക്കാരിന് അയച്ചത് നാല് നോട്ടീസ്. അതിൽ മൂന്നെണ്ണം സംസ്ഥാനത്തെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. ലഖിംപൂർ ഖേരിയിൽ 18 കാരിയായ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ഉൾപ്പെടെ വിശദീകരണം തേടി. സംഭവത്തിൽ നാല് ആഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്കും പൊലീസ് ജനറലിനും നിർദേശം നൽകി.
ക്രിമിനൽ കേസുകളുടെ വർധനവ്; രണ്ടാഴ്ചക്കുള്ളിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ യു.പി സർക്കാരിന് അയച്ചത് നാല് നോട്ടീസ്
ലഖിംപൂർ ഖേരിയിൽ 18 കാരിയായ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ഉൾപ്പെടെ വിശദീകരണം തേടി. സംഭവത്തിൽ നാല് ആഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്കും പൊലീസ് ജനറലിനും നിർദേശം നൽകി
ഇരയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകുന്ന നിയമപരമായ സാമ്പത്തിക സഹായം നൽകാനും കമ്മിഷൻ ആവശ്യപ്പെട്ടു. ആളുകൾക്ക് നിയമത്തോട് ഭയവും ബഹുമാനവും ഇല്ലെന്നും നിരപരാധികളായ സ്ത്രീകളും സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ നിന്നുള്ളവരും ആക്രമണങ്ങൾക്ക് ഇരയാകുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻ.എച്ച്.ആർ.സി) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പൗരന്മാർക്ക് ജീവിക്കാൻ കഴിയുന്ന വിധത്തിൽ നിർഭയമായ അന്തരീക്ഷം സൃഷ്ടിക്കുകയെന്നത് ഭരണകൂടത്തിന്‍റെ കടമയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.