കേരളം

kerala

അഭിനന്ദന്‍ വര്‍ധമാനും സംഘത്തിനും വ്യോമസേനയുടെ പ്രത്യേക പുരസ്‌കാരം

By

Published : Oct 6, 2019, 6:19 PM IST

പാകിസ്ഥാന്‍റെ വ്യോമാക്രമണം തടഞ്ഞതാണ് വൈമാനികരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

അഭിനന്ദന്‍ വര്‍ധമാനും സംഘത്തിനും വ്യോമസേനയുടെ പ്രത്യേക പുരസ്‌കാരം

ന്യൂഡൽഹി: ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായ വിങ് കമാൻഡർ അഭിനന്ദൻ വർധമാന് വീണ്ടും സേനയുടെ ആദരം. പാകിസ്ഥാന്‍റെ എഫ് -16 യുദ്ധവിമാനം വെടിവച്ചിട്ട് വ്യോമാക്രമണത്തെ തടഞ്ഞതിന് അഭിനന്ദന്‍ ഉള്‍പ്പെടുന്ന വ്യോമസേനയുടെ 51-ാം നമ്പര്‍ വൈമാനിക സംഘത്തെ വ്യോമസേനാ മേധാവി ആർ‌.കെ‌.എസ് ഭദൗരിയ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കും. ഒക്‌ടോബര്‍ എട്ടിന് ഗ്രൂപ്പ് ക്യാപ്റ്റൻ സതീഷ് പവാർ കമാൻഡിങ് ഓഫീസറുടെ പക്കല്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങും.

ബാലാക്കോട്ടിലെ ഇന്ത്യന്‍ ആക്രമണത്തിന് തിരിച്ചടി നല്‍കാനുള്ള പാകിസ്ഥാന്‍റെ ശ്രമത്തെ തടയുന്നതിനിടെ അഭിനന്ദന്‍ പറപ്പിച്ച മിഗ്-21 യുദ്ധവിമാനം പാകിസ്ഥാന്‍ സൈന്യത്തിന്‍റെ വെടിയേറ്റ് തകര്‍ന്ന് വീണിരുന്നു. തുടര്‍ന്ന് അഭിനന്ദന്‍ പാകിസ്ഥാന്‍റെ പിടിയിലാവുകയായിരുന്നു. പിന്നീട് ഇന്ത്യയും അന്താരാഷ്‌ട്ര സമൂഹവും ഒരുപോലെ സമ്മർദ്ദം ചെലുത്തിയതിനെത്തുടർന്നാണ് പാകിസ്ഥാൻ സർക്കാർ അഭിനന്ദനെ വിട്ടയച്ചത്.
73-ാമത് സ്വാതന്ത്ര്യദിനത്തിൽ യുദ്ധത്തിലെ ധീരതക്ക് രാജ്യം നല്‍കുന്ന മൂന്നാമത്തെ വലിയ പുരസ്‌കാരമായ വീര ചക്ര നല്‍കി അഭിനന്ദനെ രാജ്യം ആദരിച്ചിരുന്നു. ഫെബ്രുവരി ഇരുപത്തിയാറിന് നടന്ന ബാലാക്കോട്ട് ആക്രമണത്തില്‍ മുഖ്യ പങ്ക് വഹിച്ച മിന്‍റി അഗര്‍വാളിന്‍റെ നേതൃത്വത്തിലുള്ള 601-ാം നമ്പര്‍ സിഗ്‌നല്‍ യൂണിറ്റിനും ആക്രമണത്തിന്‍ പങ്കെടുത്ത് മിറാഷ് -2000 സംഘത്തിലെ വൈമാനികര്‍ക്കും ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

ABOUT THE AUTHOR

...view details