കേരളം

kerala

ബിബിസി ഡോക്യുമെന്‍ററി ഡൽഹി സർവകലാശാലയിൽ പ്രദർശിപ്പിക്കാനൊരുക്കം, അനുമതി നിഷേധിച്ച് അധികൃതർ

By

Published : Jan 27, 2023, 1:46 PM IST

വൈകുന്നേരം 5 മണിക്കാണ് ഡോക്യുമെന്‍ററിയുടെ സ്‌ക്രീനിങ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ അനുമതി വാങ്ങിയിട്ടില്ലെന്നും പ്രദർശനം അനുവദിക്കില്ലെന്നുമാണ് സർവകലാശാല അധികൃതരുടെ വാദം.

ബിബിസി ഡോക്യുമെന്‍ററി  ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ  ബിബിസി ഡോക്യുമെന്‍ററി ഡൽഹി സർവകലാശാലയിൽ  BBC DOCUMENTARY SCREENING IN DELHI UNIVERSITY  DELHI UNIVERSITY  BBC DOCUMENTARY  India The Modi Question  ഡോക്യുമെന്‍ററി
ബിബിസി ഡോക്യുമെന്‍ററി ഡൽഹി സർവകലാശാലയിൽ ഇന്ന് പ്രദർശിപ്പിക്കും

ന്യൂഡൽഹി: ഏറെ വിവിദങ്ങൾ സൃഷ്‌ടിച്ച ബിബിസി ഡോക്യുമെന്‍ററി ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ ഇന്ന് ഡൽഹി സർവകലാശാലയിൽ പ്രദർശിപ്പിക്കാൻ ശ്രമം. ഡൽഹി യൂണിവേഴ്‌സിറ്റിയുടെ നോർത്ത് കാമ്പസിലെ ആർട്‌സ് ഫാക്കൽറ്റിക്ക് മുന്നിൽ വൈകുന്നേരം 5 മണിക്കാണ് ഡോക്യുമെന്‍ററിയുടെ സ്‌ക്രീനിങ് നിശ്ചയിച്ചിരിക്കുന്നത്. നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫ് ഇന്ത്യയും ഭീം ആർമി സ്റ്റുഡന്‍റ് ഫെഡറേഷനും ചേർന്നാണ് പ്രദർശനം നടത്തുന്നത്.

അതേസമയം പ്രദർശനത്തിന് സർവകലാശാല അധികൃതർ അനുമതി നിഷേധിച്ചിരിക്കുകയാണ്. 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്‍ററി കാമ്പസിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി സർവകലാശാല അധികൃതർ പറഞ്ഞു. പ്രദർശനത്തിന് ഭരണകൂടത്തിന്‍റെ അനുമതി വാങ്ങിയിട്ടില്ലെന്നാണ് സർകവകലാശാല അധികൃതരുടെ നിലപാട്.

ഇത് സംബന്ധിച്ച് ഞങ്ങൾ ഡൽഹി പൊലീസിന് കത്തെഴുതിയിട്ടുണ്ട്. അവർ നടപടിയെടുക്കും. ശരിയായ പൊലീസ് വിന്യാസം നടത്തും. ഇത്തരമൊരു സ്‌ക്രീനിങ് അനുവദിക്കാൻ ഞങ്ങൾക്ക് കഴിയില്ല. എൻ‌എസ്‌യു‌ഐ ഈ ഡോക്യുമെന്‍ററി ആർട്‌സ് ഫാക്കൽറ്റിയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. അതിന് അനുമതി വാങ്ങിയിട്ടില്ല. ഇത്തരമൊരു പെരുമാറ്റം ഞങ്ങൾ അനുവദിക്കില്ല. കൂടാതെ ഇത് സർക്കാർ നിരോധിച്ച ഡോക്യുമെന്‍ററി കൂടിയാണ്. അധികൃതർ വ്യക്തമാക്കി.

പ്രദർശനം തുടർന്ന് സർവകലാശാലകൾ: കഴിഞ്ഞ ദിവസങ്ങളിൽ ജെഎന്‍യുവിലും ജാമിഅ മിലിയയിലും സര്‍വകലാശാലയുടെ വിലക്കു മറികടന്ന് ഇടത് വിദ്യാർഥി സംഘടനകൾ ഡോക്യുമെന്‍ററി പ്രദര്‍ശനം നടത്തിയിരുന്നു. ഇതിനിടെ പ്രദർശനം തടയുന്നതിനായി അധികൃതർ വൈദ്യുതിയും ഇന്‍റര്‍നെറ്റും വിച്ഛേദിക്കുകയും പൊലീസ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുകയും ചെയ്‌തിരുന്നു.

മൂന്നര മണിക്കൂറുകൾക്ക് ശേഷമാണ് വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചത്. ഇതോടെ മൊബൈൽ ഫോണിലും ലാപ്ടോപ്പിലുമായി ഡോക്യുമെന്‍ററി പ്രദർശനം ആരംഭിച്ചു. ഇതിനിടെ ഡോക്യുമെന്‍ററി കാണാൻ എത്തിയ വിദ്യാർഥികൾക്ക് നേരെ കല്ലേറുണ്ടായി. പിന്നാലെ എബിവിപി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന ആരോപണവുമായി എസ്എഫ്ഐ രംഗത്തെത്തിയിരുന്നു.

അതേസമയം ജെഎന്‍യുവിലും ജാമിഅ മിലിയയിലും സര്‍വകലാശാലയുടെ വിലക്ക് മറികടന്ന് പ്രദര്‍ശനം ഒരുക്കിയ വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സീകരിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളില്‍ ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം തടയുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ച് ജെഎന്‍യുവില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്.

വിവാദം കത്തിയ ഡോക്യുമെന്‍ററി: 2002ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന കലാപത്തെക്കുറിച്ച് രണ്ടു ഭാഗങ്ങളുള്ള ഡോക്യുമെന്‍ററിയാണ് ബിബിസി പുറത്തുവിട്ടത്. ജനുവരി 17 നായിരുന്നു ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ' എന്ന ഡോക്യുമെന്‍ററിയുടെ ആദ്യഭാഗം പ്രദർശിപ്പിച്ചത്.

പിന്നാലെ ഡോക്യുമെന്‍ററി പൂർണമായും പക്ഷപാതകരമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. ഇതിനിടെ ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയം നിര്‍ദേശം നൽകി. ഇതോടെ രാജ്യവ്യാപകമായി വലിയ വിവാദങ്ങളും ഉയർന്നു.

ഇതോടെ വിവാദമായ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ ഇടതുപക്ഷ, കോൺഗ്രസ് സംഘടനകൾ മുന്നിട്ടിറങ്ങി. പല കാമ്പസുകളിലും ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യന്‍റെ രണ്ടാം ഭാഗവും ബിബിസി പുറത്തിറക്കിയിരുന്നു.

ABOUT THE AUTHOR

...view details