ധര്‍വാഡ് (കര്‍ണാടക):ഉപഭോക്താവിന്‍റെ അക്കൗണ്ടില്‍ നിന്ന് നഷ്‌ടപ്പെട്ട 500 രൂപ തിരിച്ചടക്കാത്തതിന് ബാങ്കിന് ഒരു ലക്ഷത്തിലധികം രൂപ പിഴയായി നല്‍കാന്‍ ഉത്തരവിട്ട് കോടതി. ഉപഭോക്താവിന് തന്‍റേതല്ലാത്ത കാരണത്താല്‍ നഷ്‌ടപ്പെട്ട 500 രൂപ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനോടാണ് 1,02,700 രൂപ പിഴയിനത്തില്‍ നല്‍കാന്‍ കര്‍ണാടകയിലെ കണ്‍സ്യൂമര്‍ കോടതി ഉത്തരവിട്ടത്. എടിഎം മുഖേന പണം പിന്‍വലിച്ചപ്പോള്‍ അക്കൗണ്ടില്‍ നിന്ന് തുക നഷ്‌ടപ്പെട്ടതായി അറിയിപ്പുണ്ടായെങ്കിലും പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്.
2020 നവംബര്‍ 28 ന് ധര്‍വാഡ് സ്വദേശിയായ സിദ്ദേഷ് ഹെബ്ലി എന്ന അഭിഭാഷകന്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്‍റെ എടിഎം വഴി 500 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചു. അക്കൗണ്ടില്‍ നിന്ന് പണം നഷ്‌ടപ്പെട്ടതായി അറിയിപ്പുണ്ടായെങ്കിലും എടിഎമ്മില്‍ നിന്ന് ഇദ്ദേഹത്തിന് പണം ലഭിച്ചില്ല. തുടര്‍ന്ന് അദ്ദേഹം അടുത്തുള്ള മറ്റൊരു എടിഎമ്മില്‍ ചെന്ന് 500 രൂപ പിന്‍വലിക്കുകയായിരുന്നു. അക്കൗണ്ടില്‍ നിന്ന് നഷ്‌ടപ്പെട്ട 500 രൂപ തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇദ്ദേഹം ഡിസംബര്‍ രണ്ടിന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്‍റെ ബ്രാഞ്ച് മാനേജര്‍ക്ക് പരാതിയും നല്‍കി. എന്നാല്‍ പരാതിയില്‍ ബാങ്ക് മാനേജര്‍ നടപടിയൊന്നും എടുക്കാത്തതിനെ തുടര്‍ന്ന് ഹെബ്ലി കോടതിയെ സമീപിക്കുകയായിരുന്നു.
ബാങ്കിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ധര്‍വാഡിലെ ജില്ലാ കണ്‍സ്യൂമര്‍ കമ്മിഷന് മുന്നില്‍ പരാതി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കണ്‍സ്യൂമര്‍ കോടതി ചെയര്‍മാന്‍ ഏശപ്പ ഭൂട്ടെ, അംഗങ്ങളായ വി.എ ബോലഷെട്ടി, പി.സി ഹിരേമത് എന്നിവര്‍ പരാതിയിന്മേല്‍ അന്വേഷണം നടത്തി സംഭവം ശരിയാണെന്നും തെളിഞ്ഞു. എടിഎമ്മില്‍ നിന്ന് സാങ്കേതിക തകരാര്‍ മൂലം പണം പിന്‍വലിക്കുന്നതില്‍ തടസം വന്നാല്‍ ആറ് ദിവസത്തിനകം അത് തിരികെ നല്‍കണമെന്നും, ആറ് ദിവസത്തിന് ശേഷം വൈകുന്ന ഓരോ ദിവസവും 100 രൂപ വീതം നഷ്‌ടപരിഹാരവും നല്‍കണമെന്നാണ് നിയമം. ഇത്തരത്തില്‍ ധര്‍വാഡിലെ സപ്‌തപുരിലുള്ള ഓവര്‍സീസ് ബാങ്കിന്‍റെ ബ്രാഞ്ച് മാനേജര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും, കൃത്യനിര്‍വഹണത്തില്‍ അലംഭാവം കാണിച്ചുവെന്നും അന്വേഷണസംഘം വിലയിരുത്തി.
സംഭവത്തിന് ശേഷം 677 ദിവസം കാലതാമസം വന്നതിനാല്‍ ഇത്രയും ദിവസത്തില്‍ 100 രൂപ വീതം 67,700 രൂപയും റിസര്‍വ് ബാങ്കിന്‍റെ സര്‍ക്കുലര്‍ പ്രകാരമുള്ള എട്ട് ശതമാനം പലിശയും ഉള്‍പ്പെടുത്തിയുള്ള തുക പിഴ നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഇതിനൊപ്പം പരാതിയെ തുടര്‍ന്ന് ഉപഭോക്താവിനുണ്ടായ മാനസിക പീഡനത്തിന് 25,000 രൂപ നഷ്‌ടപരിഹാരവും, സേവനത്തില്‍ വന്ന അലംഭാവത്തിന് 10,000 രൂപയും ഉള്‍പ്പടെ ആകെ 1,02,700 നഷ്‌ടപരിഹാരം നല്‍കണമെന്നും ജില്ലാ കണ്‍സ്യൂമര്‍ കോടതി ഉത്തരവിടുകയായിരുന്നു. വിധി വന്ന ദിവസം മുതല്‍ 30 ദിവസത്തിനകം ഈ തുക ഉപഭോക്താവിന് കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു.