കേരളം

kerala

സച്ചിന്‍ പൈലറ്റിനെ 'തളയ്ക്കാന്‍' കോണ്‍ഗ്രസ് ; രാഹുലും ഖാര്‍ഗെയും പങ്കെടുക്കുന്ന യോഗം നാളെ, ലക്ഷ്യം 'കന്നഡ മോഡല്‍' ഐക്യം

By

Published : May 25, 2023, 7:14 PM IST

Updated : May 25, 2023, 9:59 PM IST

ഈ വര്‍ഷം അവസാനമാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിന് മുന്‍പ് തന്നെ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്ത ഘട്ടത്തില്‍ അമിത് അഗ്‌നിഹോത്രി എഴുതിയ വിശദമായ റിപ്പോര്‍ട്ട്

Ashok Gehlot and sachin pilot tiff on the table  Ashok Gehlot and sachin pilot tiff  AICC to chair Rajasthan meet  സച്ചിന്‍ പൈലറ്റിനെ തളയ്ക്കാന്‍ കോണ്‍ഗ്രസ്  രാഹുൽ ഗാന്ധി
രാഹുലും ഖാര്‍ഗെയും പങ്കെടുക്കും

ന്യൂഡൽഹി :രാജസ്ഥാന്‍ സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള നിര്‍ണായക നീക്കത്തിനൊരുങ്ങി കോണ്‍ഗ്രസ്. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നിലവിലെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും നാളെ രാജസ്ഥാനില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളും യോഗം നാളെ കൈക്കൊള്ളും.

'മീറ്റിങ് മെയ് 26ന് വൈകിട്ട് നാലുമണിക്ക് നടക്കും. മുഖ്യമന്ത്രി അശോക് ഗെലോട്ട്, സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് ദോട്ടസാര, സംസ്ഥാനത്തെ മറ്റ് മുതിർന്ന നേതാക്കള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും' - രാജസ്ഥാനിലെ പാര്‍ട്ടി ചുമതലയുള്ള എഐസിസി നേതാവ് എസ്‌എസ് രണ്‍ധാവ ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു. കർണാടകയിൽ പാർട്ടി ഉജ്വല വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് രാജസ്ഥാനില്‍ യോഗം ചേരാന്‍ നേതൃത്വത്തിന്‍റെ ഇടപെടല്‍.

ALSO READ |'മാസാവസാനം വരെ കാത്തിരിക്കും'; ഗെലോട്ട് സര്‍ക്കാരിന് 'പ്രക്ഷോഭ' മുന്നറിയിപ്പുമായി സച്ചിന്‍ പൈലറ്റ്

'ഗെലോട്ട് സര്‍ക്കാരിന്‍റെ ക്ഷേമ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടും':വലിയ അനിശ്ചിതത്വത്തിനും മാരത്തണ്‍ ചര്‍ച്ചകള്‍ക്കും ഒടുവിലാണ് കര്‍ണാടക ഭരണകാര്യത്തില്‍ തീരുമാനമായത്. ഹൈക്കമാന്‍ഡിന്‍റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് കെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ഡികെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും പ്രഖ്യാപിച്ചത്. കർണാടകയുടെ മാതൃകയിൽ രാജസ്ഥാനിൽ ഐക്യം ശക്തിപ്പെടുത്താനാണ് എഐസിസി തീരുമാനം. ഗെലോട്ട് സർക്കാർ നടപ്പാക്കുന്ന ക്ഷേമ അജണ്ട, പാർട്ടി തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവയ്‌ക്കുമെന്ന് എഐസിസി മുതിർന്ന നേതാവുകൂടിയായ രണ്‍ധാവ ചൂണ്ടിക്കാട്ടി.

യോഗത്തില്‍ സച്ചിന്‍ പൈലറ്റും പങ്കെടുക്കും:'ജനങ്ങൾ ക്ഷേമപദ്ധതികളാണ് ഇഷ്‌ടപ്പെടുന്നത്. കോൺഗ്രസിനെ വീണ്ടും പിന്തുണയ്‌ക്കാനുള്ള മാനസികാവസ്ഥയിലാണ് ആളുകള്‍. ഐക്യമുള്ള പാര്‍ട്ടിയെ കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്' - രണ്‍ധാവ വ്യക്തമാക്കി. അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര തർക്കം വളരെക്കാലമായി ഹൈക്കമാൻഡിനെ ആശങ്കപ്പെടുത്തുന്നതാണ്. ഇതിനെ ചൂണ്ടിക്കാട്ടിയാണ് എഐസിസി നേതാവിന്‍റെ പരാമർശം.

ALSO READ |ഗെലോട്ട് സര്‍ക്കാരിനെതിരെ 'ജൻ സംഘർഷ് യാത്ര'യുമായി സച്ചിന്‍ പൈലറ്റ് ; ഹൈക്കമാന്‍ഡിനെ വെട്ടിലാക്കി 'ശക്തിപ്രകടനം'

'പൈലറ്റിന് ആഗ്രഹങ്ങളൊക്കെയുണ്ട്. പക്ഷേ അദ്ദേഹം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളിലാണ് ഇപ്പോള്‍ കോൺഗ്രസിന്‍റെ ശ്രദ്ധ. രണ്ട് മുതിർന്ന നേതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രമ്യമായി പരിഹരിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. 2023ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഗെലോട്ടും പൈലറ്റും ആശയവിനിമയം നടത്തുന്നുണ്ട്. അതാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നത്' - എഐസിസി നേതാവ് വ്യക്തമാക്കി.

രാജസ്ഥാന്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചയാളുമാണ് സച്ചിന്‍ പൈലറ്റ്. വെള്ളിയാഴ്‌ചത്തെ (മെയ്‌ 26) യോഗത്തിന് അദ്ദേഹത്തെ കൂടി വിളിച്ചിട്ടുണ്ട്. പൈലറ്റിന് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും, ഗെലോട്ട് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് തൃപ്‌തിപ്പെടേണ്ടി വന്നു. അന്നുമുതൽ, ഭരണമാറ്റത്തിനായി പൈലറ്റ് സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ഗെലോട്ടിന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം.

Last Updated : May 25, 2023, 9:59 PM IST

ABOUT THE AUTHOR

...view details