പ്രധാനമന്ത്രി പത്തനംതിട്ടയില്‍ തത്സമയം

By ETV Bharat Kerala Team

Published : Mar 15, 2024, 2:24 PM IST

thumbnail

പത്തനംതിട്ട : മൂന്ന് മാസത്തിനിടെ നാലാം തവണ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍. പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർഥിയും ബിജെപി ദേശീയ വക്താവുമായ അനിൽ ആന്‍റണിയുടെ പ്രചാരണ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്‌ടറിൽ പത്തനംതിട്ടയിലെ പ്രമാടം സ്‌റ്റേഡിയത്തിൽ എത്തും. പ്രമാടം സ്‌റ്റേഡിയത്തില്‍ നിന്ന് റോഡ് മാർഗം പ്രധാനമന്ത്രി പത്തനംതിട്ട ജില്ല സ്‌റ്റേഡിയത്തിലേക്ക് പോകും. പൊതു തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലേക്കെത്തുന്നത്. അതുകൊണ്ടു തന്നെ പൂര്‍ണ അര്‍ത്ഥത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം തുടക്കമിടുമെന്നാണ് പ്രതീക്ഷ. സമീപ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേരള പ്രഭാരി പ്രകാശ് ജാവദേക്കർ അടക്കമുള്ളവരും സമ്മേളന വേദിയില്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടാവും. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ടയിൽ അനിൽ ആന്‍റണിയുടെ പ്രചാരണ പരിപാടിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദി കേരളത്തിലെത്തുന്നത്. റബ്ബർ വിലയുമായി ബന്ധപ്പെട്ട് നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പുതുതായി ബിജെപിയിലേക്ക് എത്തിയ പത്മജ വേണുഗോപാലും വേദിയിലുണ്ടാകും.രാവിലെ മുതല്‍ ജില്ലാ സ്‌റ്റേഡിയത്തിലെ പൊതുസമ്മേളനവേദിയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ ഒഴുകിയെത്തുകയാണ്. പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളില്‍ നിന്നായി ഒരു ലക്ഷം പേര്‍ എത്തുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. മൂന്ന് മാസത്തിനിടെ നാലാമത്തെ കേരള സന്ദർശനമാണ് പ്രധാനമന്ത്രി നടത്തുന്നത്. കഴിഞ്ഞ മാസം 27 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനമായി കേരളത്തിലെത്തിയത്. അന്ന് ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന തിരുവനന്തപുരത്തും തൃശൂരിലുമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.പത്തനംതിട്ടയ്ക്ക് ശേഷം ഈ മാസം 19ന് പ്രധാനമന്ത്രി വീണ്ടും കേരളത്തില്‍ പ്രചാരണത്തിനെത്തും. 19 ന് പാലക്കാട് റോഡ് ഷോയിലും പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ​ഗതാ​ഗത നിയന്ത്രണം ശക്തമാക്കി. രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണി വിമാനത്താവളത്തോട് ചേർന്ന ശംഖുമുഖം, ചാക്ക മേഖലകളിലാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രദേശത്ത് വാഹനങ്ങളുടെ പാർക്കിങ്ങും ഡ്രോൺ പറത്തുന്നതും നിരോധിച്ചു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.