ആക്രമണം ഒന്നിനും പരിഹാരമല്ല; പുൽപ്പള്ളി സംഘർഷത്തിൽ സർക്കാരിന് പരോക്ഷ വിമർശനം, വയനാട് സന്ദ‍ർശിച്ച് ഗവർണർ

By ETV Bharat Kerala Team

Published : Feb 19, 2024, 6:03 PM IST

thumbnail

മാനന്തവാടി: വന്യജീവി ആക്രമണങ്ങളിൽ കലുഷിതമായ വയനാട്ടിലേക്ക് വരാതെ മുഖ്യമന്ത്രിയും മന്ത്രിമാരും മാറിനിൽക്കുമ്പോൾ, ജില്ലയില്‍ സന്ദര്‍ശനം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ സന്ദർശിച്ചു. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിന്‍റെ വീട്ടിലാണ് ഗവർണർ ആദ്യമെത്തിയത്. പിന്നാലെ പാക്കത്തെ പിവി പോളിന്‍റെ വീടും ഗവർണർ സന്ദർശിച്ചു. മരണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. മൂന്നാഴ്‌ച മുമ്പ് കാട്ടാനാ ആക്രമണത്തിൽ പരിക്കേറ്റ് കിടപ്പിലായ പതിനാറുകാരൻ ശരത്തിനെ കാണാനും ആരിഫ് മുഹമ്മദ്‌ ഖാൻ എത്തി. ചികിത്സ സഹായത്തിന് വഴി ഒരുക്കുമെന്ന് ഗവർണർ ഉറപ്പു നൽകി. കഴിഞ്ഞ ഡിസംബറിൽ കടുവ കൊന്നു തിന്ന പ്രജീഷിന്‍റെ ആശ്രിതരെയും ഗവർണർ സന്ദർശിച്ചു. ഇതിനുശേഷം മാനന്തവാടി ബിഷപ് ഹൗസിലെത്തി മാര്‍ ജോസ് പൊരുന്നേടവുമായും സംസാരിച്ചു. കഴിഞ്ഞ ദിവസമാണ്‌ വയനാട്ടിലെ പ്രശ്‌നങ്ങളുടെ ഗൗരവം എനിക്ക് മനസിലായതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വൈകി അറിഞ്ഞതിനു ക്ഷമ ചോദിക്കുകയാണ്. കാട്ടാന ആക്രമണത്തിലെ ഉറ്റവരുടെ വിയോഗം നികത്താൻ ആകില്ല. പക്ഷെ അവരുടെ ദുഃഖത്തിനൊപ്പം പങ്കു ചേരുകയാണ്. വിഷയങ്ങളുടെ ഗൗരവം കേന്ദ്ര സംസ്ഥാന സർക്കാരുകളെ ധരിപ്പിക്കും. സംഘർഷാവസ്ഥയിലേക്ക് പോകാതെ വിഷയങ്ങൾ പരിഹരിക്കേണ്ട ബാധ്യത നമ്മുടെ സംവിധാനങ്ങൾക്ക് ഉണ്ട്. അത് നിറവേറ്റപ്പെട്ടില്ല. വനംമന്ത്രിയെ വിളിച്ചിരുന്നു. വിശദാശങ്ങൾ തേടി. ആക്രമണം ഒന്നിനും പരിഹാരമല്ലെന്നും ഓർക്കണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. .

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.