ഗുരുവായൂർ ഉത്സവം; ആനയോട്ടത്തിൽ ഗോപീ കണ്ണൻ ഒന്നാമന്‍

By ETV Bharat Kerala Team

Published : Feb 21, 2024, 7:21 PM IST

thumbnail

തൃശൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള ആനയോട്ടത്തിൽ ഗോപി കണ്ണൻ ജേതാവ് (Gopi Kannan Won Guruvayur Anayottam). ഇത് ഒന്‍പതാം തവണയാണ് ഗോപി കണ്ണന്‍ ഒന്നാമതെത്തുന്നത്. ദേവദാസ്, രവികൃഷ്‌ണൻ, ഗോപി കണ്ണൻ എന്നീ ആനകളായിരുന്നു ആനയോട്ടത്തില്‍ പങ്കെടുത്തത്. ക്ഷേത്രത്തിൽ നാഴികമണി മൂന്ന് അടിച്ചതോടെ ആനകൾക്കണിയിക്കാനുള്ള മണികളുമായി പാപ്പാൻമാർ മഞ്ജുളാൽ പരിസരത്ത് ഓടാന്‍ തയ്യാറായി നിർത്തിയ ആനകളുടെ അടുത്തേക്ക് ഓടി. മണികൾ ആനകള്‍ക്ക് അണിയിച്ച ശേഷം മാരാർ ശംഖ് ഊതിയതോടെ ആനകൾ ക്ഷേത്രം ലക്ഷ്യമാക്കിയുള്ള ഓട്ടത്തിലായി. ക്ഷേത്ര ഗോപുരത്തിലേക്ക് ആദ്യം ഓടിയെത്തിയ ഗോപി കണ്ണനെ വിജയിയായതായി പ്രഖ്യാപിച്ചു. ഓട്ടത്തിന്‍റെ തുടക്കം മുതലേ ഗോപികണ്ണനായിരുന്നു മുന്നില്‍. ആവേശക്കുതിപ്പില്‍ കിഴക്കേ ഗോപുരം കടന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ച ഗോപി കണ്ണന്‍ ആചാരപ്രകാരമുള്ള ഏഴ് പ്രദക്ഷിണം വെച്ച് ഗുരുവായൂരപ്പനെ വണങ്ങി ചടങ്ങ് പൂര്‍ത്തിയാക്കി. ഉത്സവ ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തില്‍ ഇന്നുമുതല്‍ ആരംഭിക്കുന്ന ശ്രീഭൂതബലി എഴുന്നള്ളിപ്പിന് ഗോപി കണ്ണനാണ് ഭഗവാന്‍റെ തങ്കത്തിടമ്പേറ്റുക. തൃശൂരിലെ പ്രമുഖ വ്യവസായി നന്തിലത്ത് എം ജി ഗോപാലകൃഷ്‌ണൻ നടയിരുത്തിയ ആനയാണ് ഗോപീ കണ്ണൻ.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.