അഞ്ച് മാസത്തോളമായി നഴ്‌സില്ല, താളം തെറ്റി മാങ്കുളം പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രവർത്തനം; കോൺഗ്രസ് പ്രതിഷേധം

By ETV Bharat Kerala Team

Published : Mar 1, 2024, 9:01 PM IST

thumbnail

ഇടുക്കി : മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രൈമറി പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ കമ്മ്യൂണിറ്റി നഴ്‌സിന്‍റെ നിയമനം വൈകുന്നതിൽ പ്രതിഷേധം. നിലവില്‍ ഉണ്ടായിരുന്ന നഴ്‌സ് പോയതോടെയാണ് ഒഴിവ് വന്നത്. അഞ്ച് മാസത്തോളമായി നഴ്‌സില്ലാതെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്‍റെ പ്രവര്‍ത്തനം താളം തെറ്റികിടക്കുന്നുവെന്നാണ് ആക്ഷേപം. നിയമനം നടത്തേണ്ട ചുമതല പഞ്ചായത്തിനാണ്. മാസങ്ങളായി നിയമനം നടക്കാതെ വന്നതോടെ പഞ്ചായത്ത് പരിധിയില്‍ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളും താളം തെറ്റിയിരിക്കുകയാണ്. മാങ്കുളം യൂണിറ്റിന്‍റെ സേവനങ്ങളെ ആശ്രയിക്കുന്ന 13 ആദിവാസി കുടികള്‍ ഉള്‍പ്പെടെ പഞ്ചായത്ത് പരിധിയില്‍ ഉണ്ട്. പദ്ധതി താളം തെറ്റിയതോടെ കിടപ്പ് രോഗികളും രോഗികളുടെ ബന്ധുക്കളും ഗൃഹ കേന്ദ്രീകരണ പരിചരണം ലഭിക്കാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. മാങ്കുളത്തിന്‍റെ ഭൂപ്രകൃതിയനുസരിച്ച് ഉള്‍മേഖലകളിൽ യാത്രാസൗകര്യം കുറവാണ്. പാലിയേറ്റീവ് നഴ്‌സിന്‍റെ സേവനം കിടപ്പ് രോഗികളുടെ ബന്ധുക്കള്‍ക്ക് ഏറെ സഹായകരമായിരുന്നു. പദ്ധതി താളം തെറ്റിയതോടെ രോഗീപരിചരണത്തിന് ഇവര്‍ ഏറെ പ്രയാസം അനുഭവിക്കുന്നുവെന്ന് ആക്ഷേപം ഉയരുന്നു. വിഷയത്തില്‍ പഞ്ചായത്ത് ഇടപെടല്‍ നടത്തുകയും നഴ്‌സിന്‍റെ സേവനം ഏറ്റവും വേഗത്തിലാക്കുകയും വേണമെന്നാണ് ആവശ്യം. കമ്മ്യൂണിറ്റി നഴ്‌സിന്‍റെ നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മാങ്കുളം മണ്ഡലം കമ്മിറ്റി മാങ്കുളം ഗ്രാമപഞ്ചായത്ത് ഓഫിസിന് മുമ്പില്‍ കിടപ്പ് സമരം സംഘടിപ്പിച്ചു. വിഷയത്തില്‍ പഞ്ചായത്തധികൃതര്‍ നിരുത്തരവാദപരമായി പെരുമാറുന്നുവെന്നും പദ്ധതി താളം തെറ്റിയതോടെ രോഗികള്‍ ദുരിതത്തിലായെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ തുടര്‍ സമരവുമായി രംഗത്ത് വരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.