'കുറ്റകൃത്യങ്ങളിലെ ഒന്നാം പ്രതിയെ മാപ്പുസാക്ഷിയാക്കുന്നു' ; കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച് മുഖ്യമന്ത്രി

By ETV Bharat Kerala Team

Published : Jan 21, 2024, 2:28 PM IST

thumbnail

തിരുവനന്തപുരം : കുറ്റകൃത്യങ്ങളിലെ ഒന്നാം പ്രതിയെ മാപ്പുസാക്ഷിയാക്കുന്നുവെന്നും കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയപ്രചരണത്തിനുവേണ്ടി ഉപയോഗിക്കുകയാണെന്നും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറിയ തോതിലുള്ള അഴിമതി പ്രശ്‌നങ്ങള്‍ ഒറ്റപ്പെട്ട രീതിയില്‍ പലയിടങ്ങളിലും കാണുന്നുണ്ട്(CM Pinarayi Vijayan against ED). ഇത്തരം കാര്യങ്ങള്‍ സഹകരണ മേഖല വളരെ ഗൗരവമായി കാണേണ്ടതാണ്. സഹകരണ രംഗം ജനങ്ങള്‍ പൊതുവില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള മേഖലയാണ്. ഒരു സ്ഥാപനത്തില്‍ ക്രമക്കേട് നടന്നു. പക്ഷേ അവിടെ കേന്ദ്ര ഏജന്‍സി എത്തി. പ്രധാന കുറ്റാരോപിതന്നെ അവര്‍ മാപ്പുസാക്ഷിയാക്കി. രാഷ്ട്രീയ പ്രചരണത്തിനാവശ്യമായ കാര്യങ്ങള്‍ അയാളില്‍ നിന്നും ലഭിക്കണം.അതിന് വേണ്ടിയാണ് പ്രധാന പ്രതിയെ മാപ്പുസാക്ഷിയാക്കിയത്. ഏതെങ്കിലും സ്ഥാപനത്തിന് ദുഷിപ്പുണ്ടായാല്‍ അതിനെ മാത്രമല്ല ബാധിക്കുക. സഹകരണ മേഖലയുടെ വിശ്വാസ്യതയ്ക്ക്‌ കോട്ടം തട്ടിക്കൂടാ. പലതരത്തില്‍ അഴിമതി കാണിക്കുന്നവരെ സമൂഹത്തില്‍ കാണാന്‍ കഴിയും. സമൂഹത്തിലെ പലര്‍ക്കും വല്ലാത്ത ആര്‍ത്തിയാണ്. ഉള്ള വരുമാനം പോരാ കൂടുതല്‍ വരുമാനം വേണം എന്ന് ചിന്തിക്കുന്നവരാണ് ഇത്തരത്തില്‍ അഴിമതിയുടെ ഭാഗമായി മാറുന്നത്. മനുഷ്യന്‍റെ ആര്‍ത്തിയാണ് അഴിമതിയിലേക്ക് എത്തിക്കുന്നത്. വ്യക്തിപരമായി അഴിമതി നടത്താന്‍ സാധ്യത കുറവുള്ള മേഖലയാണ് സഹകരണ മേഖല. പക്ഷേ ചിലര്‍ ഈ പറഞ്ഞ ദുഷിച്ച പ്രവണതയ്ക്ക്‌ ഇരയാവുകയാണ്. ഇത്തരക്കാരോട് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയുമില്ല. അഴിമതി ഏതെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായാല്‍ അവര്‍ക്ക് ഒരു തരത്തിലുള്ള പരിരക്ഷയും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണത്തില്‍ ഇടപെടാനാകും. അത് നല്ല കാര്യത്തിനാണെങ്കില്‍ നല്ലത്. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ തന്നെ കേന്ദ്രത്തോട് ദേശീയ ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് ഏവര്‍ക്കും അറിയാമല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഒന്‍പതാമത് സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.