തൃശൂരില്‍ യുവാവ് ഉറങ്ങുന്നതിനിടെ മൊബൈൽ പൊട്ടിത്തെറിച്ചു

By ETV Bharat Kerala Team

Published : Feb 21, 2024, 1:05 PM IST

thumbnail

തൃശൂർ : യുവാവ് ഉറങ്ങുന്നതിനിടെ മുറിയിലുണ്ടായിരുന്ന മൊബൈല്‍ ഫോൺ പൊട്ടിത്തറിച്ചു. തൃശ്ശൂര്‍ ചാവക്കാട് ഒരുമനയൂരില്‍ ബുധനാഴ്‌ച (21-02-2024) രാവിലെയാണ് സംഭവം നടക്കുന്നത്. മൂന്നാംകല്ല് സ്വദേശി പാറാട്ട് വീട്ടിൽ കാസിമിന്‍റെ മകൻ മുഹമ്മദ് ഫഹീമിന്‍റെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ യുവാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഫോൺ അടുത്ത് വച്ച് ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബെഡിൽ ഉറങ്ങി കിടക്കുകയായിരുന്ന ഫഹീം ശബ്‌ദം കേട്ട്  എഴുന്നേറ്റു. പിന്നാലെ കിടപ്പുമുറിയിലാകെ പുക നിറഞ്ഞു. ഫോൺ പൊട്ടിത്തെറിക്കുന്ന ശബ്‌ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി. പിന്നീട് വെള്ളം ഒഴിച്ച് തീ അണയ്ക്കു‌കയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. റെഡ്‌മി ഫോണാണ്‌ പൊട്ടിത്തെറിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ യുവാവിന്‍റെ കിടക്ക ഭാഗികമായി കത്തി നശിച്ചു. ഫോണ്‍ പൊട്ടിത്തെറിച്ചതിന്‍റെ കാരണം വ്യക്തമല്ല. അതേസമയം തൃശൂർ തിരുവില്വാമലയില്‍ കഴിഞ്ഞ വര്‍ഷം പൊട്ടിത്തെറിയെ തുടര്‍ന്ന് എട്ടുവയസ്സുകാരി മരിച്ച സംഭവത്തിലെ ദുരൂഹത ഇനിയും അകന്നിട്ടില്ല. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്‍റെയും സൗമ്യയുടെയും മകൾ ആദിത്യശ്രീയാണ് മരിച്ചത്. വീഡിയോ കാണുന്നതിനിടെ മൊബൈല്‍ പൊട്ടിത്തെറിച്ചാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ചാകാം കുട്ടി മരിച്ചതെന്നായിരുന്നു ഫൊറന്‍സിക് റിപ്പോര്‍ട്ട് സൂചിപ്പിച്ചത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.