സാഹസികത ഇഷ്‌ട്ടപ്പെടുന്നവരാണോ? സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പറന്നുയരുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് ?

author img

By ETV Bharat Kerala Team

Published : Feb 14, 2024, 9:26 PM IST

Paragliding Sites In Himachal  Paragliding  Accident In Paragliding  പാരാഗ്ലൈഡിങ്  ഹിമാചല്‍ പാരഗ്ലൈഡിങ് സൈറ്റ്

പാരാഗ്ലൈഡിങ്ങിനിടെ അപകടങ്ങള്‍ പതിവാകുന്നു. പാരാഗ്ലൈഡിങ് സമയത്ത് അറിഞ്ഞിരിക്കേണ്ടേ കാര്യങ്ങളെ കുറിച്ച് പൈലറ്റുമാര്‍.

ഷിംല: യാത്രകള്‍ ഏറെ ഇഷ്‌ടപ്പെടുന്നവരാണ് മിക്കവരും. ഓരോ യാത്രകള്‍ക്ക് പിന്നിലും ഓരോ കാരണങ്ങളുണ്ടാകും. പ്രായ ഭേദമന്യ യാത്ര പോകുന്ന ഇടങ്ങളിലും കാണാന്‍ കൊതിക്കുന്ന സ്ഥലങ്ങളിലുമെല്ലാം മാറ്റങ്ങളുണ്ടാകും.

സമകാലിക ലോകത്ത് യാത്രകള്‍ക്കായി മാത്രം ജീവിതം മാറ്റിവച്ച നിരവധി പേരെ കാണാനാകും. പ്രത്യേകിച്ചും യുവതലമുറയില്‍പ്പെട്ടവര്‍. യാത്രയെ ജീവിതമായി തെരഞ്ഞെടുക്കുന്നവരില്‍ കൂടുതലും യുവാക്കളാണ്.

സാധാരണ ഒരു യാത്ര എന്നതിലുപരി അത് ഏറെ സാഹസികതകള്‍ കൂടിയുള്ളതാകുമ്പോള്‍ യുവാക്കള്‍ ഹാപ്പിയാകും. പാരാഗ്ലൈഡിങ്, സ്‌കൂബ ഡൈവിങ്, സര്‍ഫിങ്, കയാക്കിങ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് ഇപ്പോള്‍ ട്രെന്‍ഡിങ് ആയികൊണ്ടിരിക്കുന്നത്. ദിനം പ്രതി ഇതെല്ലാം ആസ്വദിക്കാന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്.

സാഹസിക വിനോദങ്ങളില്‍ ഏറ്റവും ട്രെന്‍ഡിങ് ആകുന്നത് പാരാഗ്ലൈഡിങ്ങാണ്. ആകാശത്ത് പറന്ന് നടന്ന് കാഴ്‌ചകളെല്ലാം ആസ്വദിക്കാം. പക്ഷികളെ പോലെ മേഘങ്ങളോളം ഉയരത്തില്‍ നിന്നും താഴേക്ക് എടുത്ത് ചാടുന്നു. ഏറെ ആഗ്രഹവും അതിനൊപ്പം ചെറിയൊരു ഭയവും ഉള്ളിലൊതുക്കിയാണ് ഓരോ സഞ്ചാരികളും തങ്ങളുടെ ആഗ്രഹം സഫലമാക്കുന്നത്. പലരും ഇന്‍റര്‍നെറ്റിലും മറ്റും പരതിയാണ് ഇത്തരം സ്‌പോട്ടുകള്‍ തെരഞ്ഞെടുക്കുന്നത്.

പാരാഗ്ലൈഡിങ് അടക്കമുള്ള സാഹസിക വിനോദങ്ങള്‍ സന്തോഷം പകരുന്നവയാണെങ്കിലും ഇവയെല്ലാം ചില സമയങ്ങളില്‍ അപകടം സമ്മാനിക്കാറുമുണ്ട്. പാരാഗ്ലൈഡിങ് സമയത്തുണ്ടാകുന്ന ചെറിയ അശ്രദ്ധ മതി അത് വലിയ അപകടത്തിലേക്ക് തള്ളിവിട്ടേക്കാം. അതിന് ഉദാഹരണമാണ് അടുത്തിടെ ഹിമാചല്‍പ്രദേശിലെ കുളുവിലുണ്ടായ വിനോദ സഞ്ചാരിയുടെ മരണം. ഹൈദരാബാദില്‍ നിന്നുള്ള 29 കാരിയായ നവ്യയാണ് മരിച്ചത്. ഫെബ്രുവരി 11നായിരുന്നു സംഭവം.

പാരാഗ്ലൈഡിങ്ങിനിടെ സുരക്ഷ ബെല്‍റ്റിനുണ്ടായ തകരാര്‍ മൂലമാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ പൈലറ്റിന്‍റെയും ഓപ്പറേറ്ററുടെയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്‌തു. ഇത് പാരാഗ്ലൈഡിങ് സമയത്ത് സംഭവിക്കുന്ന അപകടങ്ങളില്‍ ഒന്ന് മാത്രമാണ്. ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. അതുകൊണ്ട് പാരാഗ്ലൈഡിങ് സുരക്ഷ വളരെ പ്രധാനമാണ്.

പാരാഗ്ലൈഡിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: പാരാഗ്ലൈഡിങ് ഏവര്‍ക്കും ഏറെ ത്രില്ല് പകരുന്നതാണ്. പാരാഗ്ലൈഡിങ് സമയത്ത് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കുളുവിലെ പാരാഗ്ലൈഡിങ് ഓപ്പറേറ്റർമാരായ സുരേഷ് ശർമ്മയും വിപിൻ കുമാറും പറയുന്നു. ടേക്ക് ഓഫും ലാന്‍ഡിങ്ങും സുരക്ഷിതമായി ചെയ്യാന്‍ കഴിയണമെന്നതാണ് ഇതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നാണ് ഓപ്പറേറ്റര്‍മാര്‍ പറയുന്നത്.

കാലാവസ്ഥ: പാരാഗ്ലൈഡിങ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്നാണിത്. കാലാവസ്ഥ തെളിഞ്ഞതാണോ എന്നതാണ് ശ്രദ്ധിക്കേണ്ടത്. ആകാശം പൂര്‍ണമായും തെളിഞ്ഞുള്ള സമയത്താണ് പാരാഗ്ലൈഡിങ്ങിന് കൂടുതല്‍ അനുയോജ്യമായ സമയം.

പൈലറ്റുമാരുടെ ലൈസന്‍സ്: പാരാഗ്ലൈഡിങ് അടക്കമുള്ള സാഹസിക വിനോദങ്ങളുള്ള സ്ഥലങ്ങളിലെ ഓപ്പറേറ്റര്‍മാര്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്നത് ഉറപ്പ് വരുത്തണം. അത്തരം കേന്ദ്രങ്ങളിലെത്തിയാല്‍ പൈലറ്റുമാരുടെ ലൈസന്‍സ് പരിശോധിക്കാന്‍ സഞ്ചാരികള്‍ക്ക് അവകാശമുണ്ട്. അവ കൃത്യമായി പരിശോധിക്കാം.

ടേക്ക് ഓഫ് ചെയ്യുമ്പോഴോ ലാൻഡിങ് ചെയ്യുമ്പോഴോ കാലുകളുടെ സ്ഥാനം കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സുരക്ഷ ബെൽറ്റുകൾക്കൊപ്പം പാരാഗ്ലൈഡിങ്ങില്‍ ഉപയോഗിക്കുന്ന മുഴുവന്‍ വസ്‌തുക്കളും ഉപകരണങ്ങളും പരിശോധിക്കുക.

കുളുവിലെ പാരാഗ്ലൈഡിങ് സൈറ്റുകൾ: കുളു, സോളങ് നല, മാധി, മജാച്ച്, ദോഭി, കോത്തി, ഗഡ്‌സ, നംഗബാഗ് തുടങ്ങിയവയാണ് ഷിംലയിലെ പ്രധാന പാരാഗ്ലൈഡിങ് സൈറ്റുകള്‍. ഇതിൽ 7 സ്ഥലങ്ങൾ ടൂറിസം വകുപ്പിന്‍റെ സാങ്കേതിക സമിതി പരിശോധിച്ച ശേഷം മാത്രമെ പാരാഗ്ലൈഡറിന് പറക്കാൻ അനുവദിക്കുകയുള്ളൂ. അതേസമയം, സോളംഗ്‌നാലയിൽ 180, ദോഭിയിൽ 196, മഴച്ചിൽ 4, നംഗബാഗിൽ 15, ഗദസയിൽ 40 പൈലറ്റുമാരുമാണ് നിലവിലുള്ളത്. കുളു ജില്ലയിൽ മാത്രം 442 പാരാഗ്ലൈഡിങ് പൈലറ്റുമാരാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.