ETV Bharat / technology

ഉയരങ്ങളില്‍ ഇന്ത്യ; ഇൻസാറ്റ് 3ഡിഎസ് പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

author img

By ETV Bharat Kerala Team

Published : Mar 11, 2024, 9:49 PM IST

ISRO  INSAT 3DS  INSAT 3DS first captured images
INSAT 3DS Initiates Earth Imaging OPS: First Captured Images Released Says ISRO

ഐഎസ്ആർഒയുടെ കാലാവസ്ഥ പഠനങ്ങൾക്കുള്ള പുതിയ ഉപഗ്രഹമായ ഇൻസാറ്റ് 3ഡിഎസ് എർത്ത് ഇമേജിംഗ് വഴി പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ടു.

ബെംഗളൂരു: കാലാവസ്ഥ നിരീക്ഷണത്തിനായി വിക്ഷേപിച്ച ഉപഗ്രഹമായ ഇൻസാറ്റ് 3ഡിഎസ് എർത്ത് ഇമേജിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചതായി (INSAT 3DS Initiates Earth Imaging OPS) ഐഎസ്ആർഒ അറിയിച്ചു. ഉപഗ്രഹം ആദ്യമായി പകർത്തിയ ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട് ( INSAT 3DS first captured images released). കർണാടകയിലെ ഹാസനിൽ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റിയാണ് ആദ്യ ചിത്രങ്ങൾ പുറത്തു വിട്ടത്. .

ഇൻസാറ്റ് ശ്രേണിയിലെ മറ്റ് ഉപഗ്രഹങ്ങളേക്കാൾ മെച്ചപ്പെട്ട ഇമേജർ, സൗണ്ടർ സംവിധാനങ്ങൾ ഇൻസാറ്റ് 3ഡിഎസിലുണ്ട്. അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻ സെന്‍റർ ആണ് ഇൻസാറ്റ് 3ഡിഎസിലെ ഇമേജർ, സൗണ്ടർ സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തത്. ഒന്നിലധികം ചാനലുകളുണ്ടെന്ന സവിശേഷതയും ഇൻസാറ്റ് 3ഡിഎസിനുണ്ട്.

ഇത് ഭൂമിയുടെ ഉപരിതല താപനില, സസ്യങ്ങളുടെ ആരോഗ്യം, ജല-നീരാവി വിതരണം, മേഘങ്ങൾ തുടങ്ങിയ അനേകം പ്രതിഭാസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ സഹായകരമാവും. ആവശ്യങ്ങൾക്കനുസരിച്ച് പ്രത്യേക സവിശേഷതകൾ മാത്രം പകർത്താവുന്ന രീതിയിൽ ക്രമീകരിക്കാൻ ഉപഗ്രഹത്തിന്‍റെ ഇമേജറിന് ആകുമെന്നതാണ് മറ്റൊരു സവിശേഷത.

കാലാവസ്ഥാ പ്രവചനം, കാലാവസ്ഥാ നിരീക്ഷണം, അന്തരീക്ഷ പ്രതിഭാസങ്ങളെ കുറിച്ചുള്ള വിവരശേഖരണം തുടങ്ങിയവയിൽ നിർണായകമായ വിവരങ്ങളാണ് ഉപഗ്രഹത്തിന് ലഭിച്ചതെന്ന് ഐഎസ്ആർഒ അറിയിച്ചു. ഫെബ്രുവരി 17 നാണ് ഇൻസാറ്റ് 3ഡിഎസ് വിക്ഷേപിച്ചത്. ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിയതായി ഫെബ്രുവരി 28ന് ബഹിരാകാശ ഏജൻസി അറിയിച്ചിരുന്നു.

Also read: 'കാലാവസ്ഥ നീരീക്ഷണം ഇനി കൂടുതല്‍ എളുപ്പം'; ഇന്‍സാറ്റ് 3 ഡിഎസ്‌ കുതിച്ചുയര്‍ന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.